
വിശാഖപട്ടണം: വിരാട് കോലി, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരില്ലാതെയാണ് ഇന്ത്യ വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെ 106 റണ്‍സിന് തോല്പിച്ചത്. ഹൈദരാബാദിലെ അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് കരകയറിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ പുറത്തെടുത്തത് ആധികാരിക പ്രകടനം. ആദ്യ ഇന്നിംഗ്സില്‍ ഇരട്ടസെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളും രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലും ബാറ്റിംഗില്‍ നെടുന്തൂണുകളായി. ജസ്പ്രീത് ബുംറയുടേയും ആര് അശ്വിന്റെയും ബൗളിംഗ് കരുത്തും ഇംഗ്ലണ്ടിന്റെ കഥകഴിച്ചു.
ഇപ്പോള്‍ ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്. ഇന്ത്യക്കെതിരായ പരമ്പരയിലെ ശേഷിച്ച് മൂന്ന് ടെസ്റ്റുകള്‍ ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളി ആയിരിക്കുമെന്ന് മുന്‍താരം വ്യക്തമാക്കി. വിരാട് കോലിയും മുഹമ്മദ് ഷമിയും അടക്കമുള്ള താരങ്ങള്‍ തിരിച്ചെത്തുന്നതോടെ ഇന്ത്യ അതിശക്തരാവുമെന്നും നാസര്‍ ഹുസൈന് പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ… ”വിജയവഴിയില്‍ തിരിച്ചെത്തിയ ഇന്ത്യയെ കൂടുതല്‍ പേടിക്കണം. പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് വിശാഖപട്ടണത്ത് ഇന്ത്യ ആധികാരികവിജയം നേടിയത്. കോലിയും ഷമിയും കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും തിരിച്ചെത്തിയാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല. ജസ്പ്രീത് ബുമ്രയുടെ പന്തുകളാണ് ഇംഗ്ലണ്ടിന് കൂടുതല്‍ അപകടം ഉണ്ടാക്കുന്നത്.” ഹുസൈന് വ്യക്തമാക്കി.
ഓരോ ടെസ്റ്റ് ജയിച്ച ഇന്ത്യയും ഇംഗ്ലണ്ടും പരന്പരയില്‍ ഒപ്പത്തിനൊപ്പം ആണിപ്പോള്‍. ഈമാസം പതിനഞ്ചിന് രാജ്കോട്ടിലാണ് മൂന്നാം ടെസ്റ്റിന് തുടക്കമാവുക. റാഞ്ചിയും ധരംശാലയുമാണ് മറ്റ് ടെസ്റ്റ് വേദികള്‍. വിശാഖപട്ടണത്ത് 106 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 396 റണ്‍സാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ നേടിയിരുന്നത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 253ന് പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 255 റണ്‍സടിച്ചു. അഞ്ച് ദിവസങ്ങള്‍ പൂര്‍ത്തിയാവും മുമ്പ് ഇംഗ്ലണ്ട് തോല്‍വി സമ്മതിക്കുകയായിരുന്നു.
Last Updated Feb 6, 2024, 6:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]