
ദില്ലി: തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകൾ നേടുമെന്ന് അവകാശപ്പെട്ട് നരേന്ദ്ര മോദി. ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നല്കിയ പ്രധാനമന്ത്രി പ്രതിപക്ഷം ഇന്നത്തെ നിലയിലായത് കോൺഗ്രസിൻറെ കുടുംബവാദം കാരണമെന്ന് ആഞ്ഞടിച്ചു. അഴിമതിക്കാരെ വെറുതെ വിടില്ലെന്ന് പറഞ്ഞ മോദി ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തോട് ക്ഷോഭിച്ചു. പ്രസംഗത്തിൽ മോദി മണിപ്പുർ പരാമർശിച്ചില്ല.
‘എൻഡിഎ 400 സീറ്റ് മറികടക്കും എന്ന് ഉറപ്പാണ്. ബിജെപിക്ക് 370 സീറ്റ് ഉറപ്പായും കിട്ടും. സ്ത്രീകളുടെയും യുവാക്കളുടെയും കാര്യം പറയുമ്പോൾ അതിൽ ന്യൂനപക്ഷങ്ങളില്ലേ? സ്ത്രീകളുടെ ശാക്തീകരണം നടക്കുമ്പോൾ എല്ലാവരുടെയും വികസനം നടക്കില്ലേ. എത്ര കാലം സമൂഹത്തിനെ ഇങ്ങനെ വിഭജിക്കും?’ മോദി പറഞ്ഞു.
അടുത്ത സർക്കാർ തൻറേതെന്ന് ഉറപ്പിച്ച് പറയാനുള്ള അവസരമാക്കി ലോക്സഭയിലെ പ്രസംഗത്തെയും മോദി മാറ്റി. പ്രതിപക്ഷത്ത് പലരും മത്സരിക്കാൻ പോലും തയ്യാറാകുന്നില്ല. ചിലർ രാജ്യസഭയിലെത്താൻ നോക്കുകയാണെന്ന് സോണിയ ഗാന്ധിയെക്കുറിച്ചുള്ള റിപ്പോർട്ട് പരോക്ഷമായി പരാമർശിച്ച് മോദി ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഒരു നേതാവിനെ വീണ്ടും വീണ്ടും അവതരിപ്പിക്കാൻ നോക്കുകയാണ്. സ്ത്രീകളും കർഷകരും പാവപ്പെട്ടവരും യുവാക്കളുമാണ് തൻറെ പരിഗണന പട്ടികയിൽ എന്ന് മോദി പറഞ്ഞപ്പോൾ ന്യൂനപക്ഷങ്ങളോ എന്ന ചോദ്യം തൃണമൂൽ കോൺഗ്രസ് അംഗം സൗഗത റോയ് വിളിച്ചു ചോദിച്ചു. ക്ഷോഭത്തോടെയാണ് മോദി ഇതിന് മറുപടി നല്കിയത്
ജവഹർലാൽ നെഹ്റുവിനും ഇന്ദിര ഗാന്ധിക്കും ഇന്ത്യയിലെ ജനങ്ങളുടെ ശക്തി മനസിലാക്കാനായില്ല. ഇന്ത്യ മുപ്പത് കൊല്ലത്തിനപ്പുറമേ മൂന്നാം സാമ്പത്തിക ശക്തിയാകൂ എന്ന് പറഞ്ഞ വിദഗ്ധരുണ്ടെന്ന് പി ചിദംബരത്തെ പരിഹസിച്ച് മോദി പറഞ്ഞു. അഴിമതിക്കാരെ ആരെയും വെറുതെ വിടില്ല. അന്വേഷണ ഏജൻസികൾ സ്വതന്ത്രമാണെന്നും മോദി അവകാശപ്പെട്ടു. വിജയം ഉറപ്പായെന്ന സന്ദേശം നല്കാനും കോൺഗ്രസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുമാണ് മോദി പ്രസംഗത്തിൽ ശ്രമിച്ചത്. നൂറു മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിൽ എന്നാൽ മണിപ്പൂരിലെ സ്ഥിതിയെക്കുറിച്ച് മോദി മൗനം പാലിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]