
തൃശ്ശൂര്‍: ഏറെ വിവാദമായ ചാലക്കുടി വ്യാജ എൽ എസ് ഡി കേസിൽ ഷീല സണ്ണിയെ ചതിച്ചയാളെ കണ്ടെത്തുന്നതിന് വേണ്ടി വന്നത് ഏകദേശം ഒരു വര്‍ഷം. ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ 72 ദിവസം ജയിലിലടച്ചത് കേരളമാകെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ ഷീലയുടെ ബാഗിനകത്ത് ഒളിപ്പിച്ച നിലയിൽ എൽഎസ്ഡി സ്റ്റാമ്പുകള്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27നാണ് ഷീല സണ്ണി അറസ്റ്റ് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് 72 ദിവസം വിയ്യൂര്‍ ജയിലിലായിരുന്നു.
കെമിക്കൽ എക്സാമിനറുടെ പരിശോധനയിൽ പിടികൂടിയത് എൽഎസ്ഡി സ്റ്റാമ്പ് അല്ലെന്ന് കണ്ടെത്തിയത് നിര്‍ണായകമായി. എന്നാല്‍, പരിശോധന ഫലം എക്സൈസ് സംഘം മറച്ചു വെച്ചു. റിപ്പോര്‍ട്ട് പുറത്തായതോടെയാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ച് കേസ് റദ്ദാക്കിയത്. സംഭവത്തിൽ പഴികേട്ട എക്സൈസ് വ്യാജ സ്റ്റാമ്പ് വെച്ച പ്രതിയെ കണ്ടെത്താൻ അന്വേഷണം തുടരുന്നതിനിടെ ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്നെ പ്രതിയാക്കി ബലിയാടാക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്നാണ് യുവതി ആരോപിച്ചത്.
ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയും ബംഗളൂരുവിലെ വിദ്യാർത്ഥിനിയുമാണ് ഈ യുവതി. ഷീല സണ്ണിയും മകനും തന്റെ രക്ഷിതാക്കളോട് കടബാധ്യത തീർക്കാൻ പത്ത് ലക്ഷം രൂപയും സ്വർണ്ണവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകുന്നതിനെ താൻ എതിർത്തുവെന്നും ഇതിലുള്ള വിരോധമാണ് ഷീല സണ്ണി തനിക്കെതിരെ വ്യാജ ആരോപണം ഉയർത്തുന്നതിന് പിന്നിലെന്നായിരുന്നു യുവതി അന്ന് പറഞ്ഞത്.
ഇങ്ങനെ വിവാദങ്ങള്‍ നിറഞ്ഞ കേസിലാണ് ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്തും തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണ് എല്ലാത്തിനും പിന്നിലെന്ന് കണ്ടെത്തിയത്. നാരായണദാസാണ് ഷീല സണ്ണിയുടെ ബാഗില്‍ എല്‍എസ്ഡി സ്റ്റാമ്പ് ഉണ്ടെന്ന് എക്സൈസ് വിവരം നൽകിയത്. . കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി എം മജു കേസിൽ ഇയാളെ പ്രതി ചേര്‍ത്ത് തൃശ്ശൂര്‍ സെഷൻസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകുകയായിരുന്നു. ഇയാളോട് ഈ മാസം എട്ടിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]