
.news-body p a {width: auto;float: none;}
തിരുവനന്തപുരം: വാടകവീട്ടിലിരുന്ന് പാതിരാത്രിയിൽ ആഡംബര വാഹനങ്ങളുടെ മിനിയേചർ നിർമ്മിക്കുന്ന സംരംഭകൻ. പഠനത്തിനൊപ്പം പെയിൻ്റ് പണിക്ക് പോകുമ്പോഴും കമ്പനികൾക്ക് ബോർഡ് എഴുതി കൊടുക്കുമ്പോഴും മയൂഖ നാഥിൻ്റെ മനം മുഴുവൻ വാഹനങ്ങളാണ്. മിനിയേചർ വിറ്റുകിട്ടുന്ന പണം കൊണ്ട് പഠനം. ഹയർ സെക്കൻഡറി വിഭാഗം മിമിക്രി മത്സരത്തിൽ അതേ വാഹനങ്ങളുടെ ശബ്ദം അനുകരിച്ച് എ ഗ്രേഡ് നേടിയപ്പോൾ വയനാട് തിരുനെല്ലി അമ്മായിപ്പാലം സ്വദേശിയായ പതിനേഴുകാരൻ മയൂഖിനു അളവറ്റ അഭിമാനം.
സ്റ്റീരിയോ സംവിധാനമുള്ള കെ.എസ്. ആർ. ടി.സി ബസുകൾ, താർ ജീപ്പ്, ഹാർലി ഡേവിഡ്സൺ സൂപ്പർ ബൈക്ക് , ബി.എം.ഡബ്ലിയു തുടങ്ങിയ വാഹനങ്ങളുടെ ഒരു മീറ്ററോളം നീളത്തിലുള്ള മിനിയേച്ചർ മോഡലുകളാണ് 12 വയസ്സ് മുതൽ മയൂഖനാഥ് നിർമ്മിക്കുന്നത്. ബസ്സിനുള്ളിൽ കേൾക്കുന്ന പാട്ടിൻ്റെ ശബ്ദവും ലൈറ്റുകളും വരെ സൂക്ഷ്മമായി ഒപ്പിയെടുക്കും. ഫോംഷീറ്റിലാണ് നിർമ്മാണം. സ്കൂൾവിട്ടു വന്നശേഷം പുലർച്ച വരെ നിർമ്മാണം തുടരും. സംസ്ഥാനതലത്തിൽ ആദ്യമായി മത്സരിക്കുന്ന മയൂഖ് മിമിക്രിക്ക് തൻ്റെ ഇഷ്ടരംഗം തന്നെ പ്രമേയമായി തിരഞ്ഞെടുത്തു. മാരുതിയും റോയൽ എൻഫീൽഡും മത്സരം നടന്ന സെൻ്റ് ജോസഫ് സ്കൂളിലെ വേദിയിൽ ചീറിപ്പാഞ്ഞു.
ഒരു മിനിയേച്ചർ വിൽക്കുമ്പോൾ 5000 രൂപ വരെ ലഭിക്കും. ചുമട്ടുതൊഴിലാളിയായ അച്ഛൻ ബാബു മയൂഖിന് 12 വയസുള്ളപ്പോൾ അമ്മയുമായി പിരിഞ്ഞു. ഇപ്പോൾ പക്ഷാഘാതം വന്ന് കിടക്കുന്നു. അതിനുശേഷം ചെറുപ്രായത്തിൽ തന്നെ മയൂഖിന് കുടുംബഭാരം തോളിൽ ഏൽക്കേണ്ടിവന്നു. അമ്മ ആശ. അനുജൻ ആറാംക്ലാസുകാരൻ അമർനാഥ്. വണ്ടികളുടെ റിപ്പയറിങ്ങും മയൂഖിനറിയാം. പെയിൻ്റ് പണിക്കും മിനിയേച്ചർ നിർമാണത്തിനും ഒപ്പം ഇതും ചെയ്യുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൂപ്പർ ബൈക്കുകൾ സ്വന്തമാക്കണം
എന്നെങ്കിലും സ്വന്തമായൊരു സൂപ്പർബൈക്ക് സ്വന്തമാക്കണമെന്നാണ് മയൂഖിന്റെ ആഗ്രഹം. ഒപ്പം ഒരു വാഹനത്തിൻ്റെ കമ്പനിയും തുടങ്ങണം. വയനാട് ടെക്നിക്കൽ വി.എച്ച്.എസ്.ഇയിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. ഓരോ വാഹനവും പൂർത്തിയാക്കാൻ മൂന്നുമാസം വരെ എടുക്കും. വാഹനങ്ങളുടെ വീഡിയോയും ഫോട്ടോയും ഇൻസ്റ്റഗ്രാമിൽ ഇടുന്നത് കണ്ടാണ് ആവശ്യക്കാർ എത്തുന്നത്.