നിലമ്പൂർ: പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ യുഡിഎഫ് കോൺഗ്രസ് നേതാക്കൾ തനിക്ക് നൽകിയ പിന്തുണ ഏറ്റവും ആശ്വാസകരമാണെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. യുഡിഎഫ് നേതാക്കൾക്ക് നന്ദി പറഞ്ഞ പിവി അൻവർ ജയിലിൽ നൂറ് ദിവസം കിടക്കാൻ തയ്യാറായാണ് ഇറങ്ങിയതെന്നും വ്യക്തമാക്കി. ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതുവരെ നടത്തിയത് ഒറ്റയാൾ പോരാട്ടമായിരുന്നു. ഇനി പിണറായിസത്തെ ഒറ്റക്കെട്ടായി എതിർക്കും. അതിന് വ്യക്തിപരമായി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. പിണറായി വിജയൻ സ്വയം കുഴിതോണ്ടിക്കൊണ്ടിരിക്കുകയാണ്. സിപിഎം ഇനി അധികാരത്തിൽ വരാതിരിക്കാനുള്ള കരാറാണ് പിണറായിയും കേന്ദ്രത്തിലെ ആർഎസ്എസും തമ്മിൽ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങളെ ഇങ്ങനെ വേട്ടയാടുന്നത്. കേരളത്തിലെ മുസ്ലീങ്ങൾ മുഴുവൻ തീവ്രവാദികളാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുന്നു. ന്യൂനപക്ഷത്തെ മനപ്പൂർവം അകറ്റുന്ന നിലപാടാണ് പിണറായിയുടേത്. എൽഡിഎഫിനോട് അഭിമുഖ്യമുണ്ടായിരുന്ന ന്യൂനപക്ഷങ്ങൾ പാർട്ടിയിൽ നിന്ന് അകലുകയാണ്’- പിവി അൻവർ പറഞ്ഞു.
ഇന്ന് വൈകിട്ടോടെ നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അൻവറിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് ജാമ്യം. പൊലീസിന്റെ കസ്റ്റഡി ആവശ്യം കോടതി തള്ളുകയായിരുന്നു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 50000 രൂപ കെട്ടിവയ്ക്കണം, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പൊതുമുതൽ നശിപ്പിച്ചതിന് 35000 രൂപ കെട്ടിവയ്ക്കണം എന്നിങ്ങനെയാണ് ഉപാധികൾ. ജാമ്യം ലഭിച്ച ശേഷം അൻവർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.’പ്രിയപ്പെട്ടവരെ, ജാമ്യം ലഭിച്ചിരിക്കുന്നു. കൂടെ നിന്നവർക്ക് അഭിവാദ്യങ്ങൾ നേരിൽ കാണാം’ എന്നാണ് അൻവർ കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]