ബംഗളൂരു: മക്കളെ കൊലപ്പെടുത്തി ടെക്കിയും ഭാര്യയും ജീവനൊടുക്കി. ബംഗളൂരുവിലെ വാടകവീട്ടിലാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അനൂപ് കുമാർ (38), ഭാര്യ രാഖി (35), മകൾ അനുപ്രിയ (അഞ്ച് വയസ്), മകൻ പ്രിയാൻഷ് (രണ്ട് വയസ്) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് സ്വദേശികളായ ഇവർ അനൂപിന്റെ ജോലിക്കായി ബംഗളൂരുവിൽ താമസമാക്കിയതായിരുന്നു. കുട്ടികൾക്ക് വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇന്നുരാവിലെ വീട്ടുജോലിക്കാരി വന്നപ്പോൾ വാതിൽ തുറന്നില്ല. തുടർന്ന് ഇവരും അയൽക്കാരും ചേർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എട്ട് വർഷമായി ബംഗളൂരുവിലെ ആർ.എം.വി സെക്കന്റ് സ്ട്രീറ്റിൽ താമസിക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മൂത്ത കുട്ടി അനുപ്രിയയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അനൂപും രാഖിയും കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നു. സാമ്പത്തിക ബാദ്ധ്യത ഇല്ലായിരുന്നെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ദമ്പതികൾ വളരെ സന്തോഷത്തിലായിരുന്നുവെന്നും പുതുച്ചേരി യാത്രയ്ക്ക് ഇവർ തയാറെടുത്തിരുന്നെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച ഇതിനായി സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തിരുന്നു. വീട്ടിൽ സഹായത്തിന് മൂന്ന് പേരെയാണ് ദമ്പതികൾ നിർത്തിയിരുന്നത്. കുട്ടികളെ നോക്കാൻ ഒരാളെയും ഭക്ഷണമുണ്ടാക്കാൻ രണ്ട് പേരയും. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]