തിരുവനന്തപുരം: കാലിക പ്രസക്തമായ മൂന്ന് വിഷയങ്ങൾ മൂന്ന് ടീമുകളെ പഠിപ്പിച്ച് വേദിയിലെത്തിച്ച നാടകകാരൻ അനീഷ് രവീന്ദ്രന് ഈ കലോത്സവം ഇരട്ടി മധുരത്തിന്റേതാണ്. എച്ച്.എസ്.എസ് വിഭാഗത്തിൽ മത്സരിച്ച മൂന്ന് ടീമുകളും മിന്നും പ്രകടനത്തോടെ എ ഗ്രേഡ് നേടിയാണ് മടങ്ങിയത്. എറണാകുളം പറവൂർ എസ്.എൻ ഹയർസെക്കൻഡറി സ്കൂൾ, കോട്ടയം കുറുവിലങ്ങാട് ഡി പോൾ ഹയർ സെക്കൻഡറി സ്കൂൾ, തൃശൂർ മണ്ണുത്തി ഡോൺ ബോസ്കോ സ്കൂൾ എന്നിവയാണ് അനീഷിനു കീഴിൽ നേട്ടം കൊയ്തത്.
സ്ത്രീകളും പെൺകുട്ടികളും പ്രതികരണ ശേഷിയുള്ളവരായി മാറണമെന്നും അതിനുള്ള സാഹചര്യങ്ങളും ധൈര്യവും നൽകേണ്ടത് വീടുകളിൽ നിന്നാണെന്നുമുള്ള വിഷയം ഝാൻസി റാണിയോട് ഉപമിച്ചാണ് എസ്.എൻ സ്കൂൾ വേദിയിലെത്തിച്ചത്.
അവർണരോടുള്ള അധമ കാഴ്ച്ചപ്പാടുകൾക്ക് അറുതി വരണമെന്നുള്ളതിനെ വയനാട്ടിൽ ദളിത് യുവാവിനെ കെട്ടിവലിച്ചത്, കോഴിക്കോട് ആദിവാസി യുവാവിനെ മോഷണം ആരോപിച്ച് മർദ്ദിച്ചത്, യു.പിയിൽ ദളിത് യുവാവിന്റെ തലയിൽ മൂത്രമൊഴിച്ചത് എന്നിവയോട് കൂട്ടിയിണക്കി അവതരിപ്പിച്ചാണ് ഡി പോൾ സ്കൂൾ കൈയ്യടി നേടിയത്.
കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ടസംഭവം പ്രമേയമാക്കി അതിനെ ഫൂലൻ ദേവിയുടെ ജീവിത കഥയുമായി ബന്ധിപ്പിച്ച് വേദിയിലെത്തിച്ചാണ് ഡോൺ ബോസ്കോ സ്കൂൾ മൂകാഭിനയം വാചാലമാക്കിയത്.
കെ.എസ്.ആർ.ടി.സിയിൽ എംപാനൽ ജീവനക്കാരനായിരികെ നാടകത്തിലേക്ക് തിരിഞ്ഞ അനീഷ് രവീന്ദ്രൻ 26 വർഷത്തിലേറെയായി ഈ രംഗത്തുണ്ട്. ഇദ്ദേഹം തന്നെയാണ് ഈ മൂന്ന് മൂകാഭിനയങ്ങളുടെ കഥയും, തിരക്കഥയും സംവിധാനവും നിർവഹിച്ചത്. സഹായിയായി സോഹദരൻ അഖിൽ രവീന്ദ്രനും ഒപ്പമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]