കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. നാല് കത്തുകളാണ് കണ്ടെത്തിയത്. എം എൽ എ ഐ സി ബാലകൃഷ്ണനും വയനാട് ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചനുമെതിരെ ഗുരുതര പരാമർശങ്ങളാണ് കത്തിലുള്ളതെന്നാണ് റിപ്പോർട്ടുകൾ.
കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ അടക്കമുള്ളവർക്കാണ് കത്തെഴുതിയത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് കത്തിലുള്ളത്. അരനൂറ്റാണ്ട് പാർട്ടിക്ക് വേണ്ടി ജീവിതം തുലച്ചെന്നും, പണം വാങ്ങാൻ കോൺഗ്രസ് എം എൽ എ നിർദേശിച്ചെന്നും കത്തിൽ പറയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നേതൃത്വത്തിന്റെ അറിവോടെയാണ് പണം വാങ്ങിയത്. എന്നാൽ പ്രശ്നമുണ്ടായപ്പോൾ നേതാക്കൾ കൈയ്യൊഴിഞ്ഞുവെന്നും കത്തിലുണ്ട്. എന്ത് സംഭവിച്ചാലും പാർട്ടി നേതൃത്വത്തിനാണ് ഉത്തരവാദിത്തമെന്നും കത്തിലുണ്ടെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, എൻ എം വിജയന്റേതെന്ന് പറയുന്ന കത്തിലെ കൈയക്ഷരം പരിശോധിക്കണമെന്ന് ഐ സി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കത്തിൽ സംശയമുണ്ടെന്നും സി പി എം രാഷ്ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഐ സി ബാലകൃഷ്ണൻ സത്യസന്ധനായ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 24നാണ് വിജയനെയും മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജിജേഷിനെയും വീടിനുളളിൽ വിഷം ഉളളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. വീട്ടിലുളളവർ അമ്പലത്തിൽ പോയപ്പോഴായിരുന്നു കീടനാശിനി കഴിച്ചുള്ള ആത്മഹത്യാശ്രമം. ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. സാമ്പത്തിക ബാദ്ധ്യത മൂലമാണ് വിജയൻ ആത്മഹത്യ ചെയ്തതെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കത്ത് പുറത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രണ്ട് ബാങ്കുകളിലായി വിജയന് ഒരു കോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ ബാദ്ധ്യത എങ്ങനെ ഉണ്ടായെന്ന് പരിശോധിക്കുകയാണ്. ഇതിനായി 14 ബാങ്കുകളിൽ നിന്ന് അന്വേഷണസംഘം വിവരം തേടി.
വിജയനടക്കുമുളളവർക്കെതിരെ ബാങ്ക് നിയമനക്കോഴയിൽ അമ്പലവയൽ സ്വദേശി ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ബത്തേരി കാർഷിക ഗ്രാമവികസന ബാങ്കിൽ ജോലി ലഭിക്കാൻ മുൻ പ്രസിഡന്റ് കെ കെ ഗോപിനാഥന് മൂന്ന് ലക്ഷം നൽകിയെന്നായിരുന്നു പരാതി. കോൺഗ്രസ് നേതാക്കളായ സി ടി ചന്ദ്രനും കെ എം വർഗീസും സാക്ഷികളായി ഒപ്പിട്ടുവെന്നും പരാതിയിലുണ്ട്.