തിരുവനന്തപുരം: ഹൈസ്കൂള്‍ വിഭാഗം കേരളനടനത്തിൽ രണ്ടാമത്തെ മത്സരാര്‍ത്ഥിയായാണ് പാലക്കാട് പുത്തൂര്‍ സ്വദേശി അമേയ വി പ്രമോദ് എത്തിയത്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് ചെറിയ ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന് ആശങ്ക. ഇത് കാരണം മേക്കപ്പ് വൈകി. ഒടുവില്‍ കൃത്യസമയം പാലിച്ചു വേദിയിലേക്ക്.
ആരോഗ്യ പ്രശ്നവും മേക്കപ്പ് വൈകിയതും ഒന്നും എട്ടാം ക്ലാസുകാരിയുടെ പ്രകടനത്തെ ബാധിച്ചില്ല. ആത്മവിശ്വാസത്തോടെ ചുവടുകള്‍ വച്ചും മിന്നിമായുന്ന ഭാവങ്ങളിലൂടെയും വേദിയെ ഒന്നടങ്കം കയ്യിലെടുക്കാന്‍ കൊച്ചു മിടുക്കിക്ക് കഴിഞ്ഞു.
മകള്‍ വേദിയില്‍ എത്തി നൃത്തം ആരംഭിച്ചപ്പോള്‍ ആത്മവിശ്വാസത്തോടെയാണ് കളിച്ചത് എന്ന് നൃത്തം അഭ്യസിപ്പിക്കുന്ന അച്ഛന് പ്രമോദ് പറയുന്നു. മകളെ കൂടാതെ പ്രമോദിന്റെ അഞ്ചു ശിഷ്യര്‍ ഇത്തവണ വിവിധ വിഭാഗങ്ങളിലായി കലോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രമോദിന്റെ പാത പിന്തുടര്ന്നാണ് മകളും കലാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. 10 വര്‍ഷത്തോളമായി അച്ഛന്റെ കീഴില്‍ മകള്‍ പരിശീലിക്കുന്നു. ഇത്തവണ ഒരു വിഭാഗത്തില്‍ മാത്രമേ അമേയ പങ്കെടുക്കുന്നുള്ളൂ. പഴയകാല കലോത്സവത്തില്‍ സ്ഥിരമായി മത്സരിച്ചിരുന്നയാളാണ് പ്രമോദ്. 1992ല്‍ വെറും ഒരു പോയിന്റ് മാത്രം വ്യത്യാസത്തില്‍ കലാപ്രതിഭ സ്ഥാനം നഷ്ടപെട്ട ഓര്‍മയും പിതാവ് പങ്കുവച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, കന്നഡ പദ്യം ചൊല്ലൽ തുടങ്ങിയ ഇനങ്ങളില്‍ പ്രമോദ് മത്സരിച്ചിട്ടുണ്ട്. അച്ഛന്റെ കീഴില്‍ പരിശീലനം നടത്തുന്നതുകൊണ്ട് തന്നെ അതിന് പ്രത്യേക ആത്മവിശ്വാസമുണ്ടെന്ന് അമേയ പറയുന്നു. അച്ഛനും അമ്മ വീണ ചന്ദ്രനും സ്കൂള്‍ അദ്ധ്യപകര്‍ കൂടിയാണ്.