കോഴിക്കോട്: സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കാൻ പ്രതിജ്ഞാവാചകത്തിൽ മാറ്റം വരുത്തി പൊലീസ്. കേരളാ പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തിലുള്ള ‘പൊലീസ് ഉദ്യോഗസ്ഥൻ’ എന്ന വാക്കിലാണ് മാറ്റം വരുത്തിയത്.
പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമാവുന്നതിന് മുന്നോടിയായുള്ള പാസിംഗ് ഔട്ട് പരേഡിൽ ചൊല്ലുന്ന പ്രതിജ്ഞാവാചകത്തിലെ ‘പൊലീസ് ഉദ്യോഗസ്ഥൻ’ എന്ന വാക്കിന് പകരം ഇനിമുതൽ ‘സേനാംഗം’ എന്നായിരിക്കും ഉപയോഗിക്കുക. പൊലീസ് ഉദ്യോഗസ്ഥനെന്നത് പുരുഷനെ സൂചിപ്പിക്കുന്ന വാക്കുകളാണെന്നും സേനയിൽ വനിതകളുള്ളതിനാൽ അത് വിവേചനമാണെന്നുമാണ് വിലയിരുത്തൽ. ആഭ്യന്തര വകുപ്പിനുവേണ്ടി അഡീഷണൽ ഡയറക്ടർ ജനറൽ മനോജ് എബ്രഹാമാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.
‘ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ എന്നിൽ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്ന് സർവ്വാത്മനാ പ്രതിജ്ഞ ചെയ്യുന്നു’ എന്നതായിരുന്നു പാസിംഗ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകം. ഇത് ‘ഒരു പൊലീസ് സേനാംഗമെന്ന നിലയിൽ’ എന്നാണ് മാറ്റിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേരിനൊപ്പം ‘വനിത’ എന്ന വാക്ക് ഉപയോഗിക്കുന്നതിന് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വനിതാ കോൺസ്റ്റബിൾ, വനിതാ എസ് ഐ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതിനെയാണ് സംസ്ഥാന പൊലീസ് മേധാവി 2011ലെ ഉത്തരവ് പ്രകാരം നിരോധിച്ചത്. ബറ്റാലിയനിൽ വനിതാ സേനാംഗങ്ങളെയും ഹവിൽദാർ എന്ന് വിളിക്കണമെന്ന് മുൻപ് നിർദേശം നൽകിയിരുന്നു. 2020ൽ സ്ത്രീ സൗഹൃദ വർഷമായി കേരള പൊലീസ് ആചരിച്ചപ്പോൾ സ്ത്രീകളെ സൂചിപ്പിക്കുന്ന വിവേചന പദങ്ങൾ ഒഴിവാക്കണമെന്ന് അന്നത്തെ ഡിജിപിയും കർശന നിർദേശം നൽകിയിരുന്നു.