അബുദാബി: മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികൾ ജോലി ചെയ്യുന്ന ഗൾഫ് രാജ്യമാണ് യുഎഇ. ഇപ്പോഴിതാ പ്രവാസികൾക്കുൾപ്പെടെ ഉപകാരപ്രദമാകുംവിധം ഇക്കൊല്ലത്തെ ഔദ്യോഗിക അവധി ദിനങ്ങൾ മുൻകൂറായി പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രിസഭ. ഇതോടെ നാട്ടിൽ പോകാനിരിക്കുന്നവർക്ക് നേരത്തെ തന്നെ ഒരുക്കങ്ങൾ നടത്താനാവും.
13 അവധി ദിനങ്ങളാണ് യുഎഇയിൽ ഇക്കൊല്ലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഏതൊക്കെ ദിവസങ്ങളാണ് അവധി നൽകിയിട്ടുള്ളതെന്നും അത് ഫലപ്രദമായി ഉപയോഗിച്ച് 45 ദിവസംവരെയാക്കി അവധി നീട്ടാമെന്നും മനസിലാക്കാം.
ജനുവരി (5 ദിവസം അവധി): ഇക്കൊല്ലം ബുധനാഴ്ചയായിരുന്നു പുതുവത്സര ദിനം. ജനുവരി രണ്ട്, മൂന്ന് വ്യാഴം വെള്ളി ദിവസങ്ങൾ ലീവ് എടുക്കാനായാൽ തുടർന്നുവരുന്ന വെള്ളി, ശനി പൊതു അവധി ദിവസങ്ങൾ ചേർത്ത് അഞ്ച് ദിവസത്തെ അവധിയെടുക്കാം.
ഏപ്രിൽ (9 ദിവസം): മാർച്ച് 31നും ഏപ്രിൽ രണ്ടിനും ഇടയിലാണ് ഇക്കൊല്ലം ഈദ് അൽ ഫിത്തർ വരുന്നത്. ഷവ്വാലിന്റെ (റംസാനിന് ശേഷമുള്ള മാസം) ആദ്യ മൂന്ന് ദിവസങ്ങൾ അവധി നൽകുമെന്ന് യുഎഇ പ്രഖ്യാപിച്ചിരുന്നു. ഈദ് അൽ ഫിത്തറിനുശേഷം രണ്ട് ദിവസം ലീവ് എടുക്കാനായാൽ വാരാന്ത്യത്തിലെ അവധികൾ കൂടി ചേർത്ത് മൊത്തം ഒൻപത് അവധി ദിനങ്ങൾ ലഭിക്കും.
ജൂൺ (10 ദിവസം): ജൂൺ ആറിനാണ് യുഎഇയിൽ അറഫ ദിനം വരുന്നതെന്നാണ് വിലയിരുത്തൽ. ഈ ദിവസം ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുശേഷം ജൂൺ ഏഴ് ശനിമുതൽ ജൂൺ ഒൻപത് തിങ്കൾവരെയാണ് ഈദ് അൽ അദ്ഹ വരുന്നത്. ഇതിനിടെ ലീവുകൾ തരപ്പെട്ടാൽ പത്തുദിവസംവരെ ഒരുമിച്ച് അവധിയെടുക്കാം. ഇതിന് പുറമെ ജൂണിൽ തന്നെ ജൂൺ 27 വെള്ളിയാഴ്ചയാണ് മുഹറം ആഘോഷിക്കുന്നത്. രണ്ട് വാരാന്ത്യ അവധി കൂടി ചേർത്താൽ തുടർച്ചയായി മൂന്ന് ദിവസത്തെ അവധി.
സെപ്തംബർ (9 ദിവസം): സെപ്തംബർ അഞ്ച് വെള്ളിയാഴ്ചയായിരിക്കും നബിദിനം എന്നാണ് കണക്കുകൂട്ടൽ. ഇതിനൊപ്പം നാല് ദിവസങ്ങൾ കൂടി അവധി തരപ്പെടുത്താനായാൽ ഒൻപത് ദിവസംവരെ ലീവെടുക്കാം.
ഡിസംബർ (9 ദിവസം): ഡിസംബർ രണ്ട്, മൂന്ന് ദിവസങ്ങൾ യുഎഇ ദേശീയ ദിനങ്ങളായി ആചരിക്കുന്നവയാണ്. കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ടെങ്കിൽ വാരാന്ത്യ അവധികൾ കൂടി ചേർത്ത് ഒൻപത് ദിവസങ്ങൾവരെ അവധിയെടുക്കാം. എന്നാൽ അവധി ദിവസങ്ങൾ കൃത്യമാകണമെന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും മാറാനുള്ള സാദ്ധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]