നെടുമങ്ങാട്: മദ്യസൽക്കാരത്തിന് ശേഷം യുവാവിന്റെ പക്കൽ നിന്ന് പണം പിടിച്ചുപറിച്ചെന്ന പരാതിയിൽ നെടുമങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ നിരോധിത ഗുളികകളും മരകായുധങ്ങളുമായി അഞ്ചംഗ കവർച്ചാസംഘം പിടിയിൽ. പേട്ട സ്വദേശി അഖിൽ (32), പാലോട് തെന്നൂർ സ്വദേശി സൂരജ് (28), വട്ടപ്പാറ സ്വദേശി മിഥുൻ (28),കോട്ടയം സ്വദേശി വിമൽ (25),കഴക്കൂട്ടം മേനംകുളം സ്വദേശി അനന്തൻ (24) എന്നിവരാണ് അറസ്റ്റിലായത്.
പനവൂർ പാണയത്ത് നിന്നും മൂന്നു ബൈക്കും ആയുധങ്ങളുമായി ഡിവൈ.എസ്.പി അരുൺ കെ.എസിന്റെയും നെടുമങ്ങാട്, പാലോട് എസ്.എച്ച്.ഓമാരായ രാജേഷ് കുമാർ,അനീഷ് കുമാർ എന്നിവരുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുഖ്യ പ്രതി ഉണ്ണി ഒളിവിലാണ്. മുഖ്യപ്രതി അഖിലിന്റെ പരിചയത്തിലുള്ള പൂവത്തൂർ സ്വദേശി സുജിത്തിനെ നെടുമങ്ങാട് ബാറിൽ വിളിച്ചു വരുത്തി മദ്യം നൽകിയ ശേഷം രാത്രി പത്തരയോടെ മടക്കയാത്രയിൽ ഗവണ്മെന്റ് കോളേജിനടുത്ത് കാരവളവിൽ വച്ച് ബൈക്കുകളിൽ പിന്തുടർന്നെത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തി 15,000 രൂപ കവർച്ച ചെയ്യുകയായിരുന്നു. നെടുമങ്ങാട് വാടകയ്ക്ക് താമസിക്കുന്ന സംഘം പിടിച്ചു പറിയും വാഹന മോഷണവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്.
വഞ്ചിയൂർ,കടയ്ക്കൽ,പത്തനംതിട്ട,ചാലക്കുടി,ആറ്റിങ്ങൽ,കിളിമാനൂർ സ്റ്റേഷനുകളിലായി കേസുകൾ നിലവിലുണ്ട്. അനന്തനും വിമലും അന്തർസംസ്ഥാന വാഹന മോഷ്ടാക്കളാണ്. ലഹരിക്കച്ചവടം, കവർച്ച, ഭീഷണിപ്പെടുത്തൽ, ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.എസ്.ഐമാരായ ഓസ്റ്റിൻ ഡെന്നിസൺ,സന്തോഷ് കുമാർ,മുഹസിൻ,അനിൽകുമാർ.എസ്,റഹീം,സജി.എം,എ.എസ്.ഐ അസീ ഹുസൈൻ,പൊലീസുകാരായ ആർ.ബിജു, ആകാശ്,രാജേഷ്കുമാർ,അരുൺ.എ,അരുൺ.ടി,അനന്ദു,ദീപു സുലൈമാൻ,സൂരജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]