ബ്രസീലിയ : അമേരിക്കക്കാർക്ക് മുന്തിരി പഴങ്ങൾ എങ്ങനെയാണോ അതേ പ്രാധാന്യമാണ് ബ്രസീലിൽ ജബോട്ടിക്കാബ പഴങ്ങൾക്ക്. തടിയോട് പറ്റിച്ചേർന്ന് വളരുന്ന ഫലങ്ങളോട് കൂടിയ ജബോട്ടിക്കാബ മരം ‘ബ്രസീലിയൻ മുന്തിരി ‘ എന്നാണ് അറിയപ്പെടുന്നത്. പർപ്പിൾ കലർന്ന കറുപ്പ് നിറമാണ് ജബോട്ടിക്കാബ ഫലങ്ങൾക്ക്. ഉൾഭാഗം വെള്ളനിറത്തിലാണ്. സൗത്ത് ബ്രസീലിൽ വളരെ സുലഭമായി കണ്ടുവരുന്ന ഇവ അർജന്റീന, പരാഗ്വേ, പെറു, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലും കണ്ടു വരുന്നുണ്ട്. ഏകദേശം 3 മുതൽ 4 സെന്റീമീറ്റർ വ്യാസം ജബോട്ടിക്കാബ ഫലങ്ങൾക്കുണ്ട്. പഴങ്ങൾക്ക് നല്ല മധുരമാണ്. എന്നാൽ താരതമ്യേന കട്ടി കൂടിയ ഫലത്തിന്റെ തൊലിയ്ക്ക് അമ്ല രുചിയാണ്. പഴങ്ങൾക്കുള്ളിൽ നാല് മുതൽ അഞ്ച് വരെ വിത്തുകൾ കാണപ്പെടാറുണ്ട്. ജബൂട്ടിക്കാബ പഴങ്ങൾ ഏറെ കാലം സൂക്ഷിക്കാൻ ബുദ്ധിമുട്ടാണ്. ബെറി വർഗത്തിൽപ്പെട്ട ഫലങ്ങളോട് ഏറെ സാമ്യം ഉള്ളവയാണ് ഇവ.
ജാം, സ്ക്വാഷ് തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കാനും ജബോട്ടിക്കാബ പഴങ്ങൾ ഉപയോഗിക്കാറുണ്ട്.
പഴങ്ങളുടെ ഉണക്കിയ തൊലിക്കൊണ്ട് സിറപ്പ് നിർമിക്കാറുണ്ട്. ഇത് ശ്വാസകോശ രോഗങ്ങൾക്ക് ഫലപ്രദമാണ്. ജബോട്ടിക്കാബ പഴം അർബുദത്തിന്റെ ചികിത്സയിലും പ്രയോജനകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വലിപ്പം കുറഞ്ഞ ഇനത്തിൽപ്പെട്ട ജബോട്ടിക്കാബ വൃക്ഷങ്ങൾ ഇപ്പോൾ അലങ്കാര ചെടിയായും ബോൺസായി ചെടിയായും വളർത്താറുണ്ട്. ബ്രസീലിൽ 12 മുതൽ 45 അടിവരെ ഉയരത്തിൽ വരെ ഇവ കാണപ്പെടുന്നു.
പഴുത്ത ജബോട്ടിക്കാബ പഴങ്ങൾ പരമാവധി മൂന്ന് ദിവസം മാത്രമേ കേടുകൂടാതെ ഇരിക്കുകയുള്ളു. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറ കൂടിയാണ് ഈ പഴങ്ങൾ.