കൊൽക്കത്ത: വർഷങ്ങൾക്ക് ശേഷം ബോർഡർ-ഗവാസ്കർ ട്രോഫി നഷ്ടപ്പെടുത്തി ഇന്ത്യ കഴിഞ്ഞ ദിവസം ഓസ്ട്രേലിയയോട് തോറ്റിരുന്നു.പരമ്പരയിലുടനീളം ബാറ്റർമാരുടെ പരാജയം വാർത്തയായിരുന്നു. രോഹിത്ത് ശർമ്മയുടെ മോശം ഫോം, കൊഹ്ലി ഒരേതരത്തിൽ ഔട്ടാകുന്നതും ഋഷഭ് പന്ത് സ്വന്തം വിക്കറ്റ് വലിച്ചെറിയുന്നതുമെല്ലാം വാർത്തകൾ വന്നു.
പഴയ കാല മുൻനിര താരങ്ങളും ആരാധകരും ഇതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ തോൽവിയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലി. 170-180 റൺസ് കൊണ്ട് ഒരു ടീമിനും ടെസ്റ്റ് ജയിക്കാനാകില്ല എന്ന് ഗാംഗുലി പറഞ്ഞു. കൊൽക്കത്തയിൽ വച്ചായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
‘നമ്മൾ നന്നായി ബാറ്റ് ചെയ്തില്ല. ടെസ്റ്റ് ക്രിക്കറ്റിൽ നന്നായി ബാറ്റ് ചെയ്യണം. ഇല്ലെങ്കിൽ മത്സരം ജയിക്കില്ല. 170-180 റൺസ് സ്കോർ ചെയ്ത് നിങ്ങൾക്ക് ടെസ്റ്റ് മത്സരം ജയിക്കാനാകില്ല. അതിന് 350-400 റൺസ് സ്കോർ ചെയ്യണം.’ ഗാംഗുലി പറഞ്ഞു.
മദ്ധ്യനിര ബാറ്റിംഗ് പരാജയമായിരുന്നു എന്ന് വ്യക്തമാക്കിയ ഗാംഗുലി രോഹിത്ത് ശർമ്മയുടെയും വിരാട് കൊഹ്ലിയുടെയും മോശം ഫോമിനെക്കുറിച്ചും പറഞ്ഞു. ‘ആരെയും കുറ്റം പറയാനാകില്ല. എല്ലാവരും റൺസ് കണ്ടെത്തണം.’ കൊഹ്ലിയുടെ പ്രകടനത്തെ കുറിച്ച് എന്തുപറ്റിയെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും, എന്നാൽ അദ്ദേഹം ഒരു മികച്ച കളിക്കാരനാണെന്നും ഈ പ്രശ്നത്തിൽ നിന്നും അദ്ദേഹം പുറത്തുവരുമെന്നും ഗാംഗുലി പ്രതീക്ഷ പ്രകടിപ്പിച്ചു. രോഹിത്ത് സിഡ്നി ടെസ്റ്റിൽ നിന്ന് മാറിനിന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം ആണെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പരമ്പരയിലുടനീളം ബാറ്റർമാർ പരാജയപ്പെട്ടു എന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. അവസരത്തിനനുസരിച്ച് ബാറ്റർമാർ മികച്ച പ്രകടനവുമായി മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.