പത്തനംതിട്ട:പത്തനംതിട്ട മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന കേസിൽ അഞ്ച് പ്രതികളെന്ന് പൊലീസ്.തമിഴ്നാട്ടിലെ കൊടുകുറ്റവാളി മദ്രാസ് മുരുകനെന്ന മുരുകനാണ് മുഖ്യസൂത്രധാരനെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്ത് പറഞ്ഞു. വലഞ്ചുഴി സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ ഹരീബ്,നിയാസ് എന്നിവരെ കൂടാതെ ബാലസുബ്രമണ്യൻ,മുത്തുകുമാർ എന്നീ തമിഴ്നാട് സ്വദേശികളും പ്രതികളാണ്. നാലു പേരാണ് നിലവില്‍ പിടിയിലായത്. പ്രതികളിലൊരാളായ മുത്തുകുമാര്‍ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കി. ഒരു മാസം മുൻപ് മൈലപ്രയിലെ ജോർജ്ജ് ഉണ്ണുണ്ണിയുടെ കടയിൽ സാധനംവാങ്ങാൻ പത്തനംതിട്ട വലഞ്ചുഴി സ്വദേശി ഹരീബ് എത്തിയിരുന്നു. വ്യാപാരിയുടെ കഴുത്തിൽ കിടന്ന മാലയും കടയിലെ പണവും ഇയാൾ നോക്കിവെച്ചു. തമിഴ്നാട്ടിലെ ജയിലിൽ കിടന്നപ്പോൾ പരിചയപ്പെട്ട മദ്രാസ് മുരുകനെന്ന മുരുകനെ ഇക്കാര്യം അറിയിച്ചു.
ബാലസുബ്രമണ്യനെയും മുത്തുകുമാറിനെയും കൂട്ടി മുരുകൻ പത്തനംതിട്ടയിലെത്തി.കൊലപാതകം ആസൂത്രണം ചെയ്തു.ഡിസംബർ 30ന് വൈകിട്ടോടെ ഹരീബിന്റെ ഓട്ടോയിൽ പ്രതികൾ കടയിലെത്തി.വ്യാപാരിയുടെ കൈകാലുകൾ ബലമായി കെട്ടി വായിൽ തുണിതിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.ഒൻപത് പവന്റെ മാലയും പോക്കറ്റിലുണ്ടായിരുന്ന അമ്പതിനായിരം രൂപയും കവർന്നു. കൃത്യം നടത്തിയ ശേഷം മുരുകനും ബാലസുബ്രമണ്യനും മുത്തുകുമാറും തമിഴ്നാട്ടിലേക്ക് കടന്നു.വലഞ്ചുഴി സ്വദശിയായ നിയാസ് അന്നു രാത്രി തന്നെ നഗരത്തിലെ ജ്വല്ലറി സ്വർണ്ണ മാലവിറ്റു പണമാക്കിയെന്നും ജില്ലാ പൊലീസ് മേധാവി വി അജിത്ത് പറഞ്ഞു.
കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് ഉൾപ്പെടെ എടുത്ത മാറ്റിയുള്ള കൊലപാതകത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് ഏറെ പ്രയാസപ്പെട്ടു. ഒടുവിൽ നഗരത്തിൽ നിന്ന് കിട്ടിയ ചില സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഹരീബിന്റെ ഓട്ടോറിക്ഷാ കണ്ടെത്തുകയായിരുന്നു. ഇയാളെ പിടികൂടിയതാണ് കേസില്‍ വഴിത്തിരിവായത്.ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിൽ നിന്ന് കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞു.തെങ്കാശിയിൽ എത്തിയ പത്തനംതിട്ട ഡിവൈഎസ്പിയും സംഘവും ഏറെ പ്രയാസപ്പെട്ടാണ് പ്രതികളെ കീഴ്പ്പെടുത്തിയത്.മുഖ്യപ്രതിയായ മദ്രാസ് മുരുകൻ ജർമ്മൻ യുവതിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയാണെന്നും ജില്ലാ പൊലീസ് മേധാവി വി അജിത്ത് കൂട്ടിച്ചേര്‍ത്തു. സംഭവം നടന്ന് എട്ടു ദിവസങ്ങള്‍ക്കുശേഷമാണ് പ്രതികള്‍ വലയിലാകുന്നത്.
Last Updated Jan 6, 2024, 7:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]