മുംബൈ: കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലിലേറ്റ തോല്‍വിക്ക് ശേഷം കുട്ടിക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് രോഹിത് ശര്‍മ. അദ്ദേഹത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. എന്നാല്‍ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയെന്ന് ബിസിസിഐ ഔദ്യോഗികമായി എവിടേയും പറഞ്ഞിട്ടില്ല. അടുത്തിടെ ടി20 ഫോര്‍മാറ്റ് കളിക്കാനുള്ള ആഗ്രഹം രോഹിത് വ്യക്തമാക്കുകയും ചെയ്തിരുന്നു. മറ്റൊരു ടി20 ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ഇന്ത്യന്‍ ടീമിനെ ആര് നയിക്കുമെന്നുള്ളതാണ് പ്രധാന ചോദ്യം.
ഇന്ത്യക്ക് ഇനി അഫ്ഗാനിസ്ഥാനെതിരെ മൂന്ന് ടി20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര കളിക്കാനുണ്ട്. പരിക്കേറ്റ് പുറത്തായ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ രോഹിത് ക്യാപ്റ്റനായി മടങ്ങിയെത്തുമെന്ന് പലരും ചിന്തിക്കുന്നു. ഇതിനിടെയാണ് അടുത്ത ടി20 ലോകകപ്പിനുള്ള മത്സരക്രമം ഐസിസി പുറത്തുവിട്ടത്. പിന്നാലെ സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കിയ കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ജൂണ്‍ 9നാണ് ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന് മത്സരം.
സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തുവിട്ട പോസ്റ്ററില്‍ ഷഹീന് അഫ്രീദിയാണ് പാക് ക്യാപ്റ്റന്‍. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റനായി കൊടുത്തിട്ടുള്ളത് ഹാര്‍ദിക് പാണ്ഡ്യയെയാണ്. ഇതോടെ അടുത്ത ടി20 ലോകകപ്പില്‍ ഹാര്‍ദിക് നയിക്കുമെന്നുള്ള സൂചനയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പോസ്റ്റിന് താഴെ പലരും രോഹിത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും വേദിയാവുന്ന 2024ലെ ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ, അയര്‍ലന്‍ഡിനെയാണ് നേരിടുന്നത്. ജൂണ്‍ അഞ്ചിനാണ് മത്സരം. നാല് ദിവസങ്ങള്‍ക്ക് ശേഷം, ഒമ്പതിന് ഇന്ത്യ – പാകിസ്ഥാന് പോര്. പിന്നീട് 12ന് അമേരിക്കയേയും ഇന്ത്യ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ ഈ മൂന്ന് മത്സരങ്ങളും നടക്കുന്നത് ന്യൂയോര്‍ക്കിലാണ്. 15ന് ഫ്ളോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ കാനഡയേയും ഇന്ത്യ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുക.
ഗ്രൂപ്പ് ഘട്ടം അനായാസം ഇന്ത്യക്ക് കടക്കാം. പാകിസ്ഥാന് മാത്രമാകും വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യത. ജൂണ്‍ നാല് മുതല്‍ 30 വരെയാണ് ലോകകപ്പ് നടക്കുക. 20 ടീമുകള്‍ ആദ്യമായി ലോകകപ്പ് വേദിയില്‍ പോരിനിറങ്ങുന്നു എന്നതാണ് പ്രധാന സവിശേഷത. ഇംഗ്ലണ്ടാണ് പുരുഷ ടി20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാര്.
Last Updated Jan 5, 2024, 10:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]