
മലപ്പുറം: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ട്രാവൽ ഏജൻസിയോട് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. തിരൂർ അന്നാര സ്വദേശി രവീന്ദ്രനാഥൻ നൽകിയ ഹർജിയിൽ തിരൂർ ‘സ്കൈ ബിസ്’ ട്രാവൽ ഏജൻസിക്കെതിരേയാണ് നടപടി. ചെന്നൈയിൽ നടക്കുന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനും തിരിച്ച് മടങ്ങുന്നതിനുമായി ബന്ധുക്കളായ 42 പേർക്ക് തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 95,680 രൂപ ട്രാവൽ ഏജൻസിക്ക് നൽകിയെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാതെ പരാതിക്കാരനെ കബളിപ്പിക്കുകയായിരുന്നു.
ഇതിന് ശേഷം ടിക്കറ്റിനായി നൽകിയ തുക തിരിച്ചുനൽകാനാവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെത്തുടർന്ന് ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു. ടിക്കറ്റിനായി നൽകിയ 95,680 രൂപ തിരിച്ചുനൽകുന്നതിനും സേവനത്തിൽ വീഴ്ച വരുത്തി പരാതിക്കാരനും ബന്ധുക്കൾക്കും പ്രയാസമുണ്ടാക്കിയതിനും ഒരുലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5000 രൂപയും നൽകുന്നതിന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റേതാണ് വിധി. ഒരുമാസത്തിനകം വിധി നടപ്പാക്കാത്ത പക്ഷം വിധി പ്രകാരമുള്ള സംഖ്യക്ക് 12 ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.
Last Updated Jan 5, 2024, 6:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]