സിഡ്നി: ഓസ്ട്രേലിയക്കെതിരെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും തോല്‍വി മുന്നില്‍ കാണുകയാണ് പാകിസ്ഥാന്. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 68 എന്ന പരിതാപകരമായ നിലയിലാണ് പാകിസ്ഥാന്. ഇതുവരെ 82 റണ്‍സിന്റെ ലീഡാണ് പാകിസ്ഥാനുള്ളത്. മുഹമ്മദ് റിസ്വാന് (6), അമേര്‍ ജമാല്‍ (0) എന്നിവരാണ് ക്രീസില്‍. സെയിം അയൂബ് (33), ബാബര്‍ അസം (23) എന്നിവര്‍ മാത്രമാണ് പാകിസ്ഥാന് നിരയില്‍ രണ്ടക്കം കണ്ടത്. നാല് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് പാകിസ്ഥാനെ തകര്‍ത്തത്.
നേരത്തെ, പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 313നെതിരെ ഓസീസ് 299ന് പുറത്തായിരുന്നു. മര്‍നസ് ലബുഷെയ്ന് (60), മിച്ചല്‍ മാര്‍ഷ് (54) എന്നിവരാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. ഓസ്ട്രേലിയ ഇന്ന് ബാറ്റ് ചെയ്യുന്നതിനിടെ ഒരു രസകരമായ സംഭവമുണ്ടായി. ബൗണ്ടറി ലൈനിലേക്ക് പന്ത് തടയാന്‍ ഓടിയ അബ്ദുള്ള ഷെഫീഖ് സഹതാരം ജമാലിനെ അബദ്ധത്തില്‍ ടാക്കിള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു. പന്തെടുക്കാന്‍ ഓടിയെത്തിയതായിരുന്നു ജമാലും. എന്നാല്‍ ഷെഫീഖിന്റെ സ്ലൈഡിംഗില് ജമാല്‍ വീണു. രസകരമായ നിരവധി കമന്റുകളാണ് എക്സില്‍ നിറയുന്നത്. ഇത്തരമൊരു ടാക്കിളിന് ചുവപ്പ് കാര്‍ഡ് നല്‍കണമെന്നാണ് ഒരു ആരാധകന് പറഞ്ഞത്. വീഡിയോ കാണാം…
ആറ് വിക്കറ്റ് നേടിയ ജമാലാണ് നേരത്തെ ഓസീസിനെ തകര്‍ത്തിരുന്നത്. അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ഡേവിഡ് വാര്‍ണര്‍ 34 റണ്‍സിന് പുറത്തായിരുന്നു. ഉസ്മാന് ഖവാജ (47), സ്റ്റീവന്‍ സ്മിത്ത് (38), ട്രാവിസ് ഹെഡ് (10), അലക്സ് ക്യാരി (38), പാറ്റ് കമ്മിന്‍സ് (0), നതാന്‍ ലിയോണ്‍ (0), ജോഷ് ഹേസല്‍വുഡ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
പാകിസ്ഥാന് ഒന്നാം ഇന്നിംഗ്സില്‍ 14 റണ്‍സിന്റെ ലീഡാണ് ഉണ്ടായിരുന്നത്. റിസ്വാന് (88), ജമാല്‍ (82) എന്നിവരാണ് പാകിസ്ഥാനെ ലീഡിലേക്ക് നയിച്ചത്. ഓസീസിന് വേണ്ടി കമ്മിന്‍സ് അഞ്ച് വിക്കറ്റ് വീഴ്ത്തി.
Last Updated Jan 5, 2024, 9:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]