പത്തനംതിട്ട: സഭാ അധ്യക്ഷന്റെ മുന്നറിയിപ്പ് തള്ളി പരസ്പരം പോരടിച്ച് ഓർത്തഡോക്സ് സഭയിലെ വൈദികർ. മാധ്യമങ്ങളിൽ ആരോപണം ഉന്നയിച്ചതിന് വിശദീകരണം തേടിയ നിലയ്ക്കൽ ഭദ്രാസനാധിപനെ രൂക്ഷമായി വിമർശിക്കുന്ന, സിപിഎം സഹയാത്രികനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്തുവന്നു. അതേസമയം, ഷൈജു കുര്യനെതിരായ നടപടിയുടെ കാരണം നേതൃത്വം വ്യക്തമാക്കാത്തതിൽ വിശ്വാസി കൂട്ടായ്മ നിലയ്ക്കൽ ഭദ്രാസനത്തിന് മുന്നിൽ ഇന്ന് പ്രതിഷേധിക്കും.
വൈദികർ അച്ചടക്കം ലംഘിക്കുന്നതിൽ ശക്തമായ താക്കീതുമായാണ് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കല്പനയിറക്കിയത്. എന്നാൽ അതുകൊണ്ടും സഭയിലെ പോര് തീരുന്നില്ല. ബിജെപിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിന് ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വ മാർ നിക്കോദിമോസ് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ ഫാ. മാത്യൂസ്
വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്ത് വന്നത്. ഭദ്രാസനാധിപന്റെ ചെയ്തികൾ പുറത്തുവിടുമെന്ന് ഭീഷണിമുഴക്കുന്ന മാത്യൂസ് വാഴക്കുന്നം രൂക്ഷമായ വാക്കുകളിൽ അദ്ദേഹത്തെ വിമർശിക്കുന്നുണ്ട്.
വൈദികരുടെ വാട്സ് അപ് ഗ്രൂപ്പുകളിൽ അടക്കം ശബ്ദരേഖ വ്യാപകമായി പ്രചരിക്കുകയാണ്. ഇതൊടൊപ്പം ഫാ. ഷൈജു കുര്യനെതിരെ സഭാ അധ്യക്ഷന് നൽകിയ പരാതിയും പുറത്തുവന്നു. വ്യാജ വൈദികനെ പള്ളിയിൽ കൊണ്ട് ഇറക്കിയെന്നും റിയൽ എസ്റ്റേറ്റ് ഇടപാടുകളും തുടങ്ങി സ്വഭാവദൂഷ്യ ആരോപണങ്ങൾ വരെ പരാതിയിലുണ്ട്. അതേസമയം, ഫാ. ഷൈജു കുര്യനെതിരെ നിലയ്ക്കൽ ഭദ്രാസന കൗൺസിൽ എടുത്ത നടപടിയിൽ വ്യക്തതയില്ലെന്നാണ് വിശ്വാസി കൂട്ടായ്മയുടെ ആക്ഷേപം. അതിൽ പ്രതിഷേധിച്ച് റാന്നിയിലെ അരമനയ്ക്ക് മുന്നിൽ വൈദികരടക്കം ഇന്ന് പ്രതിഷേധിക്കും.
Last Updated Jan 6, 2024, 7:51 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]