First Published Jan 6, 2024, 8:30 AM IST
മുടി നല്ലതുപോലെ വളരുന്നില്ല, അല്ലെങ്കില്‍ മുടി കൊഴിയുന്നു എന്നത് ഏവരും പരാതിപ്പെടാറുള്ളൊരു കാര്യമാണ്. ഈ പരാതിയുള്ളവര്‍ക്ക് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുടി വളര്‍ച്ച കൂട്ടുന്നതിനുമായി പല കാര്യങ്ങളും വീട്ടില്‍ തന്നെ ചെയ്തുനോക്കാൻ സാധിക്കും. പ്രത്യേകിച്ചും ജീവിതരീതികളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആണ് ഇങ്ങനെ ചെയ്യാവുന്നത്.
ഇത്തരത്തില്‍ മുടി സമൃദ്ധമായി വളരുന്നതിനായി നിത്യവും ശ്രദ്ധിക്കേണ്ട, നമ്മുടെ തന്നെ ചില ശീലങ്ങളെ കുറിച്ചാണിനി വിശദീകരിക്കുന്നത്.
ഒന്ന്…
മുടി കഴുകുന്ന കാര്യത്തിലാണ് ആദ്യം ശ്രദ്ധ വേണ്ടത്. ഓരോരുത്തരുടെയും മുടിയുടെ പ്രകൃതത്തിന് അനുസരിച്ചുള്ള ഷാമ്പൂ തന്നെ തെരഞ്ഞെടുക്കണം. ചൂടുവെള്ളത്തില്‍ മുടി നനക്കുന്ന ശീലമുണ്ടെങ്കില്‍ അത് പാടെ ഒഴിവാക്കണം. ഇളംചൂടുവെള്ളമാണെങ്കില് കുഴപ്പമില്ല. ചൂടുവെള്ളമാകുമ്പോള്‍ മുടിയില്‍ സ്വാഭാവികമായി ഉള്ള എണ്ണയുടെ അംശം മുഴുവനായി പോകും. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. ഷാമ്പൂ തേക്കുമ്പോള്‍ തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിച്ച് അഴുക്കിളക്കി കളയാനും ശ്രദ്ധിക്കണം.
ഷാമ്പൂ തേക്കുന്നുണ്ടെങ്കില് ഇതിന് ശേഷം നിര്‍ബന്ധമായും കണ്ടീഷ്ണര്‍ തേക്കണം. മുടി ഡ്രൈ ആകാതിരിക്കാനും മുടി പൊട്ടിപ്പോകാതിരിക്കാനുമെല്ലാമാണ് കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത്. ഒരു മോയിസ്ചറൈസര്‍ എന്ന രീതിയാലാണിതിനെ കാണേണ്ടത്. കണ്ടീഷ്ണര്‍ അപ്ലൈ ചെയ്യുമ്പോള്‍ തലയോട്ടിയില്‍ ആകാതിരിക്കാൻ ശ്രദ്ധിക്കുക. മുടിയില്‍ മാത്രമേ ഇത് അപ്ലൈ ചെയ്യേണ്ടൂ.
മുടി എല്ലാ ദിവസവും നനയ്ക്കുന്നതും നല്ലതല്ല. ഈ ശീലം മുടിയിലെ ‘നാച്വറല്‍’ ആയ ജലാംശം കളയുമെന്നതിനാല്‍ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ മുടി നനയ്ക്കുന്നതാണ് നല്ലത്.
രണ്ട്…
മുടി സ്റ്റൈലിംഗ് ചെയ്യുന്നതിന് വേണ്ടി അധികം ചൂട് തട്ടിക്കുന്നത് അത്ര നല്ലതല്ല. സ്റ്റൈലിംഗ് ടൂള്‍സ് ഏതും ഉപയോഗിക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം മുടി കൊഴിച്ചിലിന് കാരണമാകാം. ചൂട് വച്ച് സ്റ്റൈലിംഗ് ചെയ്യുമ്പോള്‍ എപ്പോഴും ഹീറ്റ് പ്രൊട്ടക്റ്റന്റ് സ്പ്രേ ഉപയോഗിക്കുകയും വേണം.
മൂന്ന്…
ശരിയായ മുടി വളര്‍ച്ചയ്ക്ക് മുടി ഇടയ്ക്കിടെ വെട്ടിക്കൊടുക്കേണ്ടത് നിര്‍ബന്ധമാണ്. 6-8 ആഴ്ചയിലൊരിക്കലെങ്കിലും മുടി വെട്ടുന്നത് ശീലമാക്കുക. മുടിയുടെ അറ്റം പിളരുന്നതും മുടി പൊട്ടിപ്പോകുന്നതുമെല്ലാം ഒഴിവാക്കാനും മുടി വളര്‍ച്ച കൂട്ടാനും ഇത് സഹായിക്കും.
നാല്…
മുടിയുടെ ആരോഗ്യകാര്യത്തിലേക്ക് വരുമ്പോള്‍ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. ബാലൻസ്ഡ് ആയ- പോഷകങ്ങളെല്ലാം ഉറപ്പുവരുത്തുന്ന ഭക്ഷണരീതി ആയിരിക്കണം ഇതിനായി പിന്തുടരേണ്ടത്. വൈറ്റമിനുകള്‍- ധാതുക്കള്‍ (ബയോട്ടിൻ- വൈറ്റമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡ്സ് ഒക്കെ പോലെ) എല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാൻ ശ്രദ്ധിക്കണം.
അഞ്ച്…
പതിവായി സ്ട്രെസ് അനുഭവിക്കുന്ന വരിലും മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാണാം. അതിനാല്‍ തന്നെ സ്ട്രെസ് ഉണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യേണ്ടത് നിര്‍ബന്ധമാണ്. സ്ട്രെസിന്റെ ഉറവിടം മനസിലാക്കി അതിലാണ് പരിഹാരം കാണേണ്ടത്.
Also Read:- പ്രായം ഓര്‍മ്മശക്തിയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Jan 6, 2024, 8:30 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]