
അല്‍ഉല – ഇരുപത്തേഴ് കിലോമീറ്റര്‍ നീളുന്ന ആമുഖ സ്റ്റെയ്ജോടെ നാല്പത്താറാമത് ദാകാര്‍ റാലിക്ക് സൗദി അറേബ്യയുടെ ചരിത്രനഗരമായ അല്‍ഉലയില്‍ തുടക്കമായി. ആമുഖ സ്റ്റെയ്ജില് നിലവിലെ ചാമ്പ്യന്‍ നാസര്‍ അല്അതിയ്യക്ക് അല്‍ഉല മരുഭൂമിയില്‍ വഴി തെറ്റി. ഓഡിയുടെ മതിയാസ് എക്സ്ട്രോമാണ് ഫാസ്റ്റസ്റ്റ്. കഴിഞ്ഞ രണ്ടു തവണ ചാമ്പ്യനായ നാസര്‍ അതിയ്യ പന്ത്രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ചുട്ടുപൊള്ളുന്ന സൗദി മരുഭൂമിയില്‍ ജനുവരിയാണ് ഏറ്റവും തണുപ്പുള്ള മാസം, 23 ഡിഗ്രിയായിരുന്നു ചൂട്. മണല്കൂനകള് പൊടുന്നനെ രൂപം കൊള്ളുന്ന ആഞ്ഞുവീശുന്ന കാറ്റ് ഏതാണ്ട് പൂര്‍ണമായും വിട്ടുനിന്നു. ഹ്യൂമിഡിറ്റിയും കുറവായിരുന്നു.
സ്വീഡന്‍കാരനായ എക്സ്ട്രോം 16 മിനിറ്റ് 30 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള ടൊയോട്ടയുടെ സേത് ക്വിന്ററോക്ക് 23 സെക്കന്റ് മു്ന്നില്‍. അതിയ്യക്കു പകരക്കാരനായാണ് ഇരുപത്തൊന്നുകാരന് ക്വിന്ററൊ ടൊയോട്ടയില്‍ ഇത്തവണ അരങ്ങേറുന്നത്. ഫ്രഞ്ച് വെറ്ററന്‍ സെബാസ്റ്റ്യന്‍ ലോബ് മൂന്നാം സ്ഥാനത്തെത്തി. ബ്രസീലിയന്‍ സഹോദരന്മാരായ മാര്‍ക്കോസും ക്രിസ്റ്റിയന്‍ ബോംഗാര്ടുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ബൈക്കില്‍ സ്പെയിന്കാരന് ടോഷ ഷ്റയേന ഒന്നാമതെത്തി. നിലവിലെ ചാമ്പ്യന്‍ കെവിന് ബെനാവിദേസ് ഒമ്പതാം സ്ഥാനത്തായി.
ആമുഖ സ്റ്റെയ്ജിലെ സമയം ഓവറോള്‍ പോയന്റില്‍ പരിഗണിക്കില്ല. എന്നാല്‍ ഇതനുസരിച്ചായിരിക്കും നാളത്തെ സ്റ്റാര്‍ടിംഗ് പോയന്റ് നിശ്ചയിക്കുക. ഇന്നത്തെ ആദ്യ സ്റ്റെയ്ജ് ദുര്‍ഘടമായ മണലും പാറയും നിറഞ്ഞ അല്ഹനാകിയയിലേക്കുള്ള 414 കിലോമീറ്ററാണ്. ആകെ എട്ടായിരം കിലോമീറ്ററാണ് ഇത്തവണ താണ്ടേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


