
കാസര്‍കോട്- നാടിന്റെയും ജനങ്ങളുടെയും വികസനത്തിനായി കൂട്ടായി മുന്നോട്ടു പോകുമ്പോള്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ അതിന് ‘അള്ള്’ വെക്കുന്ന പണി ബന്ധപ്പെട്ടവര്‍ നിര്‍ത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കാസര്‍കോട് താളിപ്പടുപ്പില്‍ കേന്ദ്രമന്ത്രി നിധിന് ഗഡ്ഗരി ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ച 1464 കോടിയുടെ 12 ദേശീയപാതകളുടെ ഉദ്ഘാടനത്തിലും തറക്കല്ലിടല്‍ ചടങ്ങിലും മുഖ്യാതിഥിയായി സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നല്ല കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയെ ഈ ഘട്ടത്തില്‍ അഭിനന്ദിക്കുകയാണ്. അദ്ദേഹം പറഞ്ഞതുപോലെ ഒരു ടീമായി നമുക്ക് മുന്നോട്ടു പോകണം.
ഏതൊക്കെ പദ്ധതികള്‍ ഏറ്റെടുക്കണം എവിടെയൊക്കെ നടപ്പിലാക്കണം എന്നത് സംബന്ധിച്ച് വ്യക്തമായ പ്രൊപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍, ബദല്‍ സാധ്യത തന്നെ മുന്നോട്ടു വെക്കുമ്പോള്‍ ആണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തുരങ്കം വെക്കുന്ന സമീപനം ചില ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുന്നത്. നാടിന്റെയും ജനങ്ങളുടെയും വികസനം സാധ്യമാക്കാന്‍ നമ്മള് ഒരുമിച്ച് നീങ്ങുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും വലിയ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാതലത്തിലുമുള്ള ഇടപെടല്‍ ഇനിയും നടത്തും. അത്തരം ഘട്ടത്തില്‍ അതിനെ സഹായകരമായി പ്രവര്‍ത്തിക്കുന്ന ആരെയും അഭിനന്ദിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ ഒരു മടിയുമില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ ജനസാന്ദ്രത കൂടുതലാണ്. അത് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. വാഹനപ്പെരുപ്പവും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ഇത്തരം പ്രധാന വിഷയങ്ങള്‍ തടസ്സം ആവുന്നുണ്ട്. ഒരുതരിമ്പും ഭൂമി കിട്ടാത്ത സ്ഥലത്താണ് പരിമിതികള്‍ക്കുള്ളില്‍ നിന്നും വലിയ വികസന പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ വികസനത്തെ ആരും തടയരുതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)