
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ കാലിത്തീറ്റക്കായി കര്‍ണാടകയില്‍ നിന്നും ചോളത്തണ്ട് കൊണ്ടുവരുന്നത് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ്. നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ കര്‍ണാടകയിലേക്ക് നടത്തിയ മാര്‍ച്ച് കണ്‍വീനര്‍ ഇ.പി ജയരാജന് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് കേരള കര്‍ണാടക അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു.
ഗുണ്ടല്‍പേട്ട അടക്കം വയനാടിനോട് ചേര്‍ന്നുള്ള കര്‍ണാടകത്തിലെ ഗ്രാമങ്ങളില്‍ നിന്ന് ചോളത്തണ്ട് കൊണ്ടുവരുന്നതിനാണ് ചാമരാജ് നഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നിയന്ത്രണം കൊണ്ടുവന്നത്. മൈസൂരു, ചാമരാജ് നഗര്‍ ജില്ലകളില്‍ നിന്നാണ് വയനാട്ടിലേക്ക് കാലിത്തീറ്റയ്ക്കായി ചോളത്തണ്ട് എത്തിച്ചിരുന്നത്. കര്‍ണാടകയില്‍ മഴ കുറയുകയും വരള്‍ച്ച ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ളതാണ് നിയന്ത്രണമെന്നാണ് വിവരം.
ചോളത്തണ്ട്, ചോളം, വൈക്കോല്‍ തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ വയനാട്ടിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത് വലിയ ആശ്വാസമായിരുന്നു. നിരവധി പേര് തൊഴിലെടുക്കുന്ന മേഖലയാണ് കൂടിയാണ് ഇത്. ഇവരുടെ തൊഴിലിനെയും നിരോധനം ബാധിച്ചിരിക്കുകയാണ്. ചോളത്തണ്ടിന്റെ വരവ് എന്നേക്കുമായി നിലച്ചാല്‍ തങ്ങള്‍ വലിയ പ്രതിസന്ധിയിലാകുമെന്ന് നായ്ക്കെട്ടിയില്‍ ഡയറി ഫാം നടത്തുന്ന തോമസ് ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. മലയാളികള്‍ കര്‍ണാടകയില്‍ നട്ടുവളര്‍ത്തിയ പുല്ലും ചോളത്തണ്ടും കൊണ്ടുവന്നാല്‍ പോലും അതിര്‍ത്തിയില്‍ തടഞ്ഞിടുകയാണെന്ന് വ്യാപാരിയായ നായ്ക്കെട്ടി സ്വദേശി ആലി പറഞ്ഞു.
ചോളത്തണ്ട് പച്ചപ്പ് വിടുന്നതിന് മുമ്പ് തന്നെ പശുക്കള്‍ക്ക് നല്‍കുന്നതോടെ കാലിത്തീറ്റയുടെയും പച്ച പുല്ലിന്റെയും ഗുണം ഒരുപോലെ ലഭിക്കുമെന്നിരിക്കെ നിരവധി കര്‍ഷകരാണ് ദിവസവും ചോളത്തണ്ട് കൊണ്ടുവരുന്നത്. പാലുല്പാദനം ഗണ്യമായി വര്‍ദ്ധിക്കുമെന്നതിനാല്‍ ഭൂരിപക്ഷം ക്ഷീരകര്‍ഷകരും പച്ചപ്പുല്ലിന് പകരം ചോളത്തണ്ടാണ് നല്‍കുന്നത്. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ധീഖ് കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും സ്പീക്കര്‍ യു.ടി ഖാദറിനെയും നേരില്‍ കണ്ടിരുന്നു. ഐ.സി ബാലകൃഷ്ണന് എം.എല്‍.എയും ചാമ്രാജ് ജില്ല അധികാരികളെ നേരില്‍ കണ്ട് പ്രശ്നം ബോധിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]