

ചിന്നക്കനാലിലെ 364 ഹെക്ടര്‍ ഭൂമി റിസര്‍വാക്കല്‍ ഉത്തരവ് മരവിപ്പിച്ചു; ഉത്തരവ് പ്രതിഷേധം ശകത്മായതോടെ
സ്വന്തം ലേഖിക
തിരുവനന്തപുരം : പ്രതിഷേധം ശക്തമായതോടെ ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനം സര്‍ക്കാര്‍ മരവിപ്പിച്ചു.തുടര്‍നടപടികള്‍ മരവിപ്പിച്ചതായി വനം മന്ത്രി എ.കെ. ശശീന്ദ്രനാണ് അറിയിച്ചത്.
ഇടുക്കി ജില്ലയില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് പാട്ടത്തിന് നല്കിയിരുന്നതും പാട്ടക്കാലാവധി അവസാനിച്ചതുമായ പ്രദേശം ‘ചിന്നക്കനാല്‍ റിസര്‍വ്’ ആയി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്ഞാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച യോഗം ചേര്‍ന്നതായും കാര്യങ്ങള്‍ വിശദമായി വിലയിരുത്തിയതായും മന്ത്രി അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2023 ആഗസ്റ്റില്‍ പാസാക്കിയ കേന്ദ്ര വനസംരക്ഷണ ഭേദഗതി നിയമപ്രകാരം 1996 ഡിസംബര്‍ 12ന് മുമ്ബ് വനേതര ആവശ്യങ്ങള്‍ക്കായി മാറ്റിയ വനഭൂമി വനസംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല. ഇതുസംബന്ധിച്ച വിശദ മാര്‍ഗരേഖ തയാറാക്കാന്‍ നവംബര്‍ 30ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ചിന്നക്കനാല്‍ പ്രദേശത്തെ ഏതെങ്കിലും വനഭൂമി ഈ തീയതിക്കുമുമ്ബ് വനേതര ആവശ്യങ്ങള്‍ക്കായി മാറ്റിയതാണെങ്കില്‍ അതിന് നിയമപ്രകാരം സംരക്ഷണം നല്‍കും. കേന്ദ്ര മാര്‍ഗരേഖ വന്നാലും സെറ്റില്‍മെന്റ് ഓഫിസറെ നിയമിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കും. കലക്ടര്‍ക്ക് അയച്ചെന്ന് പറയുന്ന കത്തില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്നും വിജ്ഞാപനം സംബന്ധിച്ച തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
വിജ്ഞാപനമിറങ്ങിയതിനെ തുടര്‍ന്ന് ഇടുക്കി, ചിന്നക്കനാല്‍ മേഖലകളില്‍ ആശങ്ക ഉയരുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തു. 1961ലെ കേരള വന നിയമത്തിലെ സെക്ഷൻ (4) പ്രകാരമാണ് റിസര്‍വ് വനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഉടുമ്ബൻചോല താലൂക്കില്‍ ചിന്നക്കനാല്‍ വില്ലേജിലെ പാപ്പാത്തിച്ചോല, സൂര്യനെല്ലി പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്താൻ നിര്‍ദേശിച്ചത്.
റിസര്‍വ് വനമായി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള തുടര്‍നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനം പ്രിൻസിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫോറസ്റ്റ് മാനേജ്മെന്റ്) കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും ഇടുക്കി കലക്ടര്‍ക്കും കത്തയച്ചു. റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിന് കര്‍മപദ്ധതി തയാറാക്കി നല്‍കണമെന്നും പുരോഗതി മൂന്ന് മാസത്തിലൊരിക്കല്‍ നല്‍കണമെന്നും കത്തില്‍ നിര്‍ദേശിച്ചു. വിജ്ഞാപനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എം.എം. മണി എം.എല്‍.എ തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]