
ദില്ലി: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് ഇന്ത്യയുടെ സീനിയര്‍ താരം വിരാട് കോലി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടി20 – ഏകദിന ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് അദ്ദേഹം ബിസിസിഐയെ അറിയിച്ചിരുന്നു. ഏകദിന ലോകകപ്പിന് ശേഷം വിശ്രമത്തിലാണ് അദ്ദേഹം. അതേസമയം, ടെസ്റ്റ് പരമ്പരയിലേക്ക് കോലി തിരിച്ചെത്തും. ആറ് മാസമകലെ ടി20 ലോകകപ്പ് നടക്കാനിരിക്കെ ആരൊക്കെ കളിക്കണമെന്നുള്ള വ്യക്കമായ ധാരണയുണ്ട് ടീം മാനേജ്മെന്റിന്. രോഹിത് ശര്‍മ ടീമിനെ നയിക്കണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. കോലിയും ടീമില്‍ വേണമെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നുണ്ട്.
എന്നാല്‍ കോലിക്ക് ടി20 ടീമിലേക്ക് തിരിച്ചെത്തുക എളുപ്പമല്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ടി20 ലോകകപ്പില്‍ ഉള്‍പ്പെടണമെങ്കില്‍ വിരാട് കോലി അത്ഭുതപ്പെടുത്തുന്ന പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. പുതുതലമുറയിലെ താരങ്ങളെക്കാള്‍ താനാണ് മികച്ചതെന്ന് തെളിയിക്കാന്‍ കോലിക്ക് സാധിക്കണം. ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെ വളര്‍ന്നുവരുന്ന താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഇവരേക്കാള്‍ മികച്ചത് താനാണെന്ന് കോലി തെളിയിക്കണം. അതിന് അവിശ്വസനീയമായ പ്രകടനം അദ്ദേഹം പുറത്തെടുക്കണം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ഇത് ബാധകമാണ്.” മഞ്ജരേക്കര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ കോലിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് പ്രതികരണം.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കേലിയായിരുന്നു ടോപ്പ് സ്കോറര്‍. എന്നാല്‍ ടി20 മത്സരങ്ങളില്‍ കോലിക്ക് ഈ പ്രകടനം ആവര്‍ത്തിക്കാനാകുമോ എന്നുള്ള സംശയം ആരാധകര്‍ക്കുണ്ട്. എന്തായാലും വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനം അനുസരിച്ചിരിക്കും കോലിയുടെ ടി20 ടീം പ്രവേശനം. ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ടി 20 പരമ്പരയില്‍ പുതുതലമുറ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
മുതിര്‍ന്ന താരങ്ങള്‍ ഇല്ലാതിരുന്ന പരമ്പരയില്‍ ഓസ്ട്രേലിയയെ 4-1നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടി20 ലോകകപ്പിനുള്ള ടീം തിരഞ്ഞെടുക്കുന്നതിന്റെ ആദ്യ പടിയായിരുന്നു ഇത്. യുവതാരങ്ങള്‍ക്കെല്ലാം അവസരം ലഭിച്ചു. ഇനി വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടി20 ടീമിലും യുവതാരങ്ങളാണ് കളിക്കുന്നത്.
Last Updated Dec 4, 2023, 9:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]