
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് എസ്. ഷാനവാസിന്റെ വിമർശനം. എസ്എസ്എൽസി ചോദ്യപ്പേപ്പർ തയ്യാറാക്കലിനായുള്ള ശിൽപശാലയ്ക്കിടെ ഉന്നയിച്ച വിമർശനത്തിന്റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
”ആര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. പരീക്ഷകൾ പരീക്ഷകളാവുക തന്നെ വേണം. കുട്ടികൾ ജയിച്ചുകൊളളട്ടെ വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തിൽ കൂടുതൽ വെറുതെ മാർക്ക് നൽകരുത്. എല്ലാവരും എ പ്ലസിലേക്കോ? എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? ‘അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ് കിട്ടുന്നുണ്ട് . 69,000 പേര്‍ക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് എന്ന് വെച്ചാൽ… എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികൾക്ക് വരെ അതിൽ എ പ്ലസ് ഉണ്ട്. ‘എ പ്ലസും, എ ഗ്രേഡും നിസ്സാരമല്ല; ഇത് കുട്ടികളോടുള്ള ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവർക്ക് പോലും എ പ്ലസ് നൽകുന്നു. കേരളത്തെ ഇപ്പോൾ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത്”.
പത്താംക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ഉയർന്ന വിജയശതമാനത്തെയോർത്ത് അഭിമാനം കൊള്ളുന്ന കേരളത്തിന്റെ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ വാക്കുകളാണിത്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത, പേര് പോലും എഴുതാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുവെന്നാണ് വിമർശനം. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല, പക്ഷെ അമ്പത് ശതമാനം മാർക്കിനപ്പുറം വെറുതെ നൽകരുതെന്നാണ് അധ്യാപകരോട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പറയുന്നത്. എസ്എസ്എൽസി ചോദ്യപ്പേപ്പർ തയ്യാറാക്കലിനായി നവംബറിൽ ചേർന്ന ശിൽപശാലയിലാണ് വിമർശനം.
ഒരു കാലത്ത് യൂറോപ്പിനോട് താരതമ്യം ചെയ്തിരുന്ന നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം, ഇപ്പോൾ ബിഹാറിനോടും യുപിയോടുമാണ് കൂട്ടിക്കെട്ടുന്നതെന്നും വിമർശനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ രൂക്ഷ വിമർശനത്തോടെ വാരിക്കോരി മാർക്ക് വിതരണം വേണ്ടെന്ന വാക്കാൽ നിർദ്ദേശത്തോടെയാണ് ശിൽപശാല അവസാനിപ്പിച്ചത്.
ഈ വർഷം 99.7 ആയിരുന്നു എസ്എസ്എൽസി പരീക്ഷയിലെ വിജയശമാനം. 68,604 വിദ്യാർത്ഥികൾക്കായിരുന്നു ഫുൾ എ പ്ലസ്. കഴിഞ്ഞ വർഷം ഇത് 99.2 %, 44,363 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചിരുന്നു. ഓരോ വർഷവും ഉയരുന്ന വിജയശതമാനം ഉയർത്തിക്കാട്ടി കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുന്നുവെന്ന അവകാശപ്പെടലുകൾക്കിടിയലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തന്നെ സ്വയം വിമർശനം. മൂല്യനിർണം മെച്ചപ്പെടുത്താൻ വേണ്ടിയാണ് വിമർശിച്ചതെന്നാണ് എസ്. ഷാനവാസിന്റെ വിശദീകരണം. എന്നാൽ പൊതുവിദ്യാഭ്യാസ രംഗത്തെ ഇകഴ്ത്തിക്കാട്ടുന്നതാണ് വിമർശനമെന്ന തരത്തിൽ അധ്യാപകർക്കിടയിൽ അമർഷവുമുണ്ട്.
Last Updated Dec 5, 2023, 12:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]