
തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ പ്രതികളായ മുൻ ബാങ്ക് പ്രസിഡന്റ് എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവർ നൽകിയ ജാമ്യ ഹർജി കൊച്ചി പിഎംഎൽഎ കോടതി ഇന്ന് പരിഗണിക്കും. കള്ളപ്പണ ഇടപാടിൽ തങ്ങൾക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ ഇഡിക്ക് ആയിട്ടില്ലെന്നും തങ്ങളെ വ്യാജമായിട്ടാണ് പ്രതി ചേർത്തതെന്നുമാണ് വാദം. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് ഭാസുരാംഗൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബർ 21 നാണ് അഖിൽ ജിത്തിനെയും ഭാസുരാംഗനെയും ഇഡി അറസ്റ്റ് ചെയ്തതത്. ഇരുവരുടേയും റിമാൻഡ് കാലവധിയും ഇന്ന് അവസാനിക്കും. കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത് നേതാക്കളുമായി ബന്ധമുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് ഇഡിയുെ വാദം. അതേസമയം, കണ്ടലയിലേത് സംഘടിത കുറ്റകൃത്യമാണെന്നും മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും ഭാസുരാംഗൻ വെളിപ്പെടുത്തുന്നില്ലെന്നുമാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്തെന്നറിയാൻ കൂടുതൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ട്. സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ് പ്രതികൾ. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബെനാമി പേരുകളിലാണ്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരുടെ നിസ്സഹകരണം മൂലം ബാങ്കുകളിൽ നിന്നും മുഴുവൻ രേഖകൾ ലഭിച്ചിട്ടില്ലെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. മകൻ അഖിൽജിത്തിന്റെ മൊഴിയിലാണ് പല സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരങ്ങളുളളത്.
42 ലക്ഷം രൂപയുടെ ബെൻസ് കാർ വാങ്ങി. സൂപ്പർ മാർക്കറ്റുകളിലും റസ്റ്റോറന്റുകളിലും ലക്ഷങ്ങൾ നിക്ഷേപിച്ചു. മാളവിക എന്റർപ്രൈസ് എന്ന പേരിൽ പിതാവും, ഭാര്യ പിതാവും പങ്കാളുകളായ സ്ഥാപനം ആരംഭിച്ചു. ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലുള്ള 33.90 ലക്ഷം രൂപ സുഹൃത്തുക്കളിൽ നിന്നും സഹോദരിയിൽ നിന്നും വാങ്ങിയതാണെന്നും അഖിൽജിത്ത് മൊഴി നൽകിയിരുന്നു.
Last Updated Dec 5, 2023, 3:51 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]