തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് രാജ്ഭവൻ വിജ്ഞാപനമിറക്കിയതിനെതിരെ രൂക്ഷവിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ഗവർണറുടെ നടപടി സർക്കാരിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സർക്കാർ പുറപ്പെടുവിക്കേണ്ട
വിജ്ഞാപനം രാജ്ഭവൻ ഇറക്കിയത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. ഇതിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. ഇതോടെ, വിസി നിയമന വിഷയത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്.
അതേസമയം, വിസി നിർണയത്തിനായുള്ള സെർച്ച് കമ്മിറ്റിയിൽ നിന്ന് സർവകലാശാലാ പ്രതിനിധിക്ക് പിന്മാറാനാകില്ലെന്ന കർശന നിലപാടിലാണ് രാജ്ഭവൻ. കമ്മിറ്റിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രൊഫ.
എ. സാബു നൽകിയ കത്ത് രാജ്ഭവൻ തള്ളി.
സെനറ്റാണ് പ്രതിനിധിയെ നാമനിർദേശം ചെയ്തതെന്നും, അതിനാൽ പിന്മാറ്റത്തിൽ സെനറ്റാണ് തീരുമാനമെടുക്കേണ്ടതെന്നും രാജ്ഭവൻ മറുപടി നൽകി. കഴിഞ്ഞ ദിവസമാണ് രാജ്ഭവൻ സ്വന്തം നിലയ്ക്ക് വിസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.
ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമർപ്പിക്കണമെന്നാണ് നിർദേശം. പ്രൊഫസർ തസ്തികയിൽ പത്ത് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
കഴിഞ്ഞ രണ്ട് വർഷമായി കാലിക്കറ്റ് സർവകലാശാലയിൽ സ്ഥിരം വിസിയില്ല. ഗവർണർ കഴിഞ്ഞ 31-നാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

