ബാങ്കോക്ക്: തങ്ങളുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയാണ് യുഎസ് ജനത ഇന്ന്. വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരിസും മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രചരണത്തിൽ കാഴ്ചവച്ചത്. ഇന്ത്യൻ സമയം വൈകിട്ട് ഇന്ന് 5.30നും 7.30നും ഇടയിൽ പോളിംഗ് ആരംഭിക്കും. നാളെ ഫലം പുറത്തുവരും. ഇതിനിടെ തായ്ലൻഡിലെ സമൂഹമാദ്ധ്യമ താരമായ ഒരു ഹിപ്പോപ്പൊട്ടാമസ് യുഎസ് തിരഞ്ഞെടുപ്പ് പ്രവചനം നടത്തിയിരിക്കുകയാണ്.
മൂ ഡെംഗ് എന്ന് പേരുള്ള കുട്ടി പിഗ്മി ഹിപ്പോപ്പൊട്ടാമസ് ആണ് പ്രവചനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തായ്ലൻഡ് സി റാക്കയിലെ കാവോ ക്വു തുറന്ന മൃഗശാലയിലാണ് മൂ ഡെംഗ് ഉള്ളത്. ട്രംപിന്റെയും കമലയുടെയും പേരുകൾ അടങ്ങിയ ഒരുപോലുള്ള രണ്ട് തണ്ണീർമത്തനുകൾ ഹിപ്പോയുടെ മുന്നിൽ വയ്ക്കുന്നു. വിളിച്ചയുടൻ വെള്ളത്തിൽ നിന്ന് പുറത്തുവന്ന ഹിപ്പോ നേരെ ട്രംപിന്റെ പേരുള്ള തണ്ണീർമത്തൻ തിരഞ്ഞെടുക്കുന്നതാണ് വീഡിയോയിലുള്ളത്.
ഈ വർഷം ജൂലായിലാണ് മൂ ഡെംഗ് ജനിച്ചത്. ഹിപ്പോയെ പരിപാലിക്കുന്നവർ ടിക്ക് ടോക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെയായി വീഡിയോകൾ പങ്കുവച്ചതോടെ ആയിരക്കണക്കിന് ആരാധകരാണ് ഇന്ന് മൂ ഡെംഗിനുള്ളത്. അടുത്തിടെ ഹിപ്പോ ലോകപ്രശസ്ത അമേരിക്കൻ ഗായകൻ മൈക്കിൾ ജാക്സണിന്റെ ‘മൂൺ വാക്ക്’ നൃത്തച്ചുവട് അനുകരിച്ചത് ഏറെ കയ്യടി നേടിയിരുന്നു. മൂ ഡെംഗിന്റെ ജനപ്രീതി മൃഗശാലയുടെ വരുമാനത്തിൽ നാല് മടങ്ങ് വർദ്ധനവിന് കാരണമായെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]