
.news-body p a {width: auto;float: none;} തിരുവനന്തപുരം: മാറനല്ലൂരിൽ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു.
മാറനല്ലൂർ സ്വദേശി വിവേക് (23) ആണ് മരിച്ചത്. ആരും തിരിഞ്ഞുനോക്കാതെ അരമണിക്കൂറാണ് യുവാവ് റോഡിൽ കിടന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ബൈക്ക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. റോഡിൽ വീണുകിടക്കുന്ന യുവാവിനെ അതുവഴി വന്ന ഇരുചക്ര വാഹനത്തിലുള്ളയാളും, പിന്നീട് കാറിൽ വന്നവരുമൊക്കെ ഇറങ്ങി നോക്കുന്നുണ്ട്.
പക്ഷേ ആശുപത്രിയിൽ കൊണ്ടുപോകാൻ ആരും തയ്യാറായില്ല. പതിനഞ്ച് മിനിട്ടിന് ശേഷം ഇതുവഴി പൊലീസ് വാഹനം വന്നു.
വീണ്ടും പതിനഞ്ച് മിനിട്ടിന് ശേഷമാണ് ആംബുലൻസ് എത്തിയത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കാറിലോ അല്ലെങ്കിൽ പിന്നീട് വന്ന പൊലീസ് വാഹനത്തിലോ യുവാവിനെ കൊണ്ടുപോയില്ലെന്നും അങ്ങനെ കൊണ്ടുപോയിരുന്നെങ്കിൽ ചിലപ്പോൾ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്.
എന്നാൽ ഗുരുതരമായി പരിക്കേറ്റുകഴിഞ്ഞാൽ ഇത്തരത്തിൽ ആശുപത്രിയിൽ കൊണ്ടുപോകുന്നത് കൂടുതൽ അപകടമുണ്ടാക്കുമെന്നും അതിനാൽ ആംബുലൻസിനെ വിളിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. 108 ആംബുലൻസ് സമരത്തിലായതിനാൽ സ്വകാര്യ ആംബുലൻസ് വിളിച്ചുവരുത്തിയാണ് കൊണ്ടുപോയത്.
അപകടം നടന്ന റോഡിന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവാവ് അരമണിക്കൂറോളം റോഡിൽ കിടന്നെന്ന് വ്യക്തമായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]