
വെടിക്കെട്ട് നിരോധനത്തിൽ ഹൈകോടതി വിധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഭരണഘടന അനുസരിച്ചാണ് കോടതികൾ പ്രവർത്തിക്കേണ്ടത്. കോടതികൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിന് പകരം വിശ്വാസികളുടെ കാര്യത്തിൽ കൈയിടാനും അതിൽ അനാവശ്യ ഇടപെടൽ നടത്തുന്നതും ഇന്ത്യ പോലുള്ള രാജ്യത്ത് ഭൂഷണമല്ലെന്ന് വി മുരളീധരൻ 24 നോട് പറഞ്ഞു.
ഏതാണ് അസമയം? ഏതാണ് സമയം എന്ന് ആര് തീരുമാനിക്കും? അതിൻ്റെ മാനദണ്ഡമെന്ത്? ഭരണഘടനയിലെ ഏത് അടിസ്ഥാന തത്വത്തിൻ്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും സമയത്തെ നിർണയിക്കാൻ പോകുന്നത്? കോടതിയുടെ അധികാരപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ് ഒതുങ്ങി നിൽക്കുകയാണ് വേണ്ടത് – കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്ന സമീപനം ജനാധിപത്യത്തിൻ്റെ വേർതിരിവിന് വിട്ടുനൽകുക. ജനങ്ങളുടെ ഇടയിൽ അഭിപ്രായ ഐക്യം ഉണ്ടായാണ് ഇത്തരം കാര്യങ്ങളിൽ മാറ്റം ഉണ്ടാകേണ്ടത്. അപ്പീൽ പോകുമെന്ന സർക്കാരിന്റെ ഉദ്ദേശമടക്കം നോക്കണമെന്നും വി മുരളീധരൻ വ്യക്തമാക്കി. നേരത്തെ ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് വിഷമമുണ്ടാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.
ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾ മാത്രമല്ലല്ലോ കേരളത്തിലുള്ളത്. വെടിക്കെട്ട് നടക്കുന്നതും ക്ഷേത്രങ്ങളിൽ മാത്രമല്ല. വിധി വിശദമായി പരിശോധിച്ച ശേഷം സർക്കാർ തലത്തിൽ അപ്പീൽ പോകണമോയെന്ന് ആലോചിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഇന്നലെയായിരുന്നു സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്.
വെടിക്കെട്ട് നടക്കുന്നില്ലായെന്ന് അതാത് ജില്ല കളക്ടർമാർ ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിൽ ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ച് നിർദേശിച്ചു. ഇടക്കാല ഉത്തരവ് ലംഘിച്ച് വെടിക്കെട്ട് നടത്തിയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
Story Highlights: V Muraleedharan strongly criticized the High Court verdict
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]