
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവതാരകന്റെ കുപ്പായമണിയുന്നു. ലണ്ടൻ ആസ്ഥാനമായ ടിവി ചാനൽ ജി.ബി ന്യൂസിൽ ചേരുന്ന വിവരം അദ്ദേഹം തന്നെയാണ് അറിയിച്ചത്. ഈ വർഷം ജൂണിലാണ് ബോറിസ് എംപി സ്ഥാനം ഒഴിഞ്ഞത്. ജി.ബി ന്യൂസിൽ അവതാരകനായും പ്രോഗ്രാം മേക്കറായും കമന്റേറ്ററായും പ്രവർത്തിക്കും. അടുത്ത വർഷം നടക്കുന്ന യു.കെ, യു.എസ് തെരഞ്ഞെടുപ്പുകളുടെ കവറേജിൽ അദ്ദേഹം പ്രധാന പങ്ക് വഹിക്കും. ലോകമെമ്പാടുമുള്ള ബ്രിട്ടന്റെ ശക്തി പ്രതിഫലിപ്പിക്കുന്ന ഒരു പരമ്പരയ്ക്ക് അദ്ദേഹം ആതിഥേയത്വം വഹിക്കുമെന്നും ചാനൽ അറിയിച്ചു. ഡെയ്ലി മെയിലിൽ കോളം എഴുതുന്ന ബോറിസ് അടുത്ത വർഷം ആദ്യം മുതലായിരിക്കും ജി.ബി ന്യൂസിലെ ജോലി ആരംഭിക്കുക.
പ്രധാനമന്ത്രിയായിരിക്കെ ബോറിസ് 2020 മേയ് – 2021 ഏപ്രിൽ കാലയളവിൽ ലോക്ക്ഡൗണിനിടെ പ്രോട്ടോക്കോൾ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലും ഓഫീസിലും പാർട്ടികൾ നടത്തിയിരുന്നു. പാർട്ടിഗേറ്റ് എന്ന പേരിൽ ആളിപ്പടർന്ന വിവാദവുമായി ബന്ധപ്പെട്ടാണ് 2022ൽ ബോറിസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. രാജ്യത്തോട് മാപ്പ് പറഞ്ഞെങ്കിലും നിയമലംഘനം നടത്തിയെന്നത് ബോറിസ് അംഗീകരിച്ചിരുന്നില്ല. മറ്റ് വിവാദങ്ങളും ബോറിസിനെ വേട്ടയാടിയതോടെ അന്ന് ധനമന്ത്രിയായിരുന്ന റിഷി സുനക് അടക്കമുള്ള കൺസർവേറ്റീവ് അംഗങ്ങൾ മന്ത്രിസഭ വിട്ടു. ഇതോടെയാണ് അദ്ദേഹം രാജിവെക്കാൻ നിർബന്ധിതനായത്. 2019ലാണ് ബോറിസ് പ്രധാനമന്ത്രിയായത്. 2008 – 2016 കാലയളവിൽ ലണ്ടൻ മേയറായിരുന്നു ബോറിസ്. ദ ടൈംസ്, ദ ഡെയ്ലി ടെലിഗ്രാഫ്, ദ സ്പെക്റ്റേറ്റർ തുടങ്ങിയവയിൽ മാധ്യമപ്രവർത്തകനായാണ് ബോറിസ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
**** **** ****
ബ്രിട്ടനിൽ പഴയ ചില വെള്ളി നാണയങ്ങൾ ലേലത്തിന് വെക്കുകയാണ്. ഈ നാണയം ലേലം കൊള്ളുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമെന്നതാണ് സവിശേഷത. ഇതിൽ ഏറ്റവും പ്രധാനം ബ്രിട്ടനിലെ ഏറ്റവും പഴയ തിയേറ്റർ കമ്പനിയായ ബ്രസിറ്റോൾ ഓൾഡ് വിക്കിൽ പ്രദർശിപ്പിക്കുന്ന എല്ലാ പ്രദർശനങ്ങൾക്കുമുള്ള സൗജന്യ ടിക്കറ്റാണ്. വിചിത്രമായ ഈ തീരുമാനത്തിന് പിന്നിൽ ഒരു ചരിത്രമുണ്ട്.
1766 ൽ കിംഗ് സ്ട്രീറ്റിൽ ആരംഭിച്ച, ബ്രിട്ടനിലെ റോയൽ തിയേറ്റർ തങ്ങളുടെ യഥാർത്ഥ ഓഹരി ഉടമകൾക്ക് നൽകാനായി നിർമ്മിച്ച അമ്പത് വെള്ളി നാണയങ്ങളിൽ ചില നാണയങ്ങളാണ് ഇപ്പോൾ ലേലത്തിൽ എത്തിയിട്ടുള്ളത്. അന്ന് 50 പൗണ്ടായിരുന്നു ഈ നാണയങ്ങൾക്ക് നിശ്ചയിച്ചിരുന്ന വില. പ്രധാനമായും തിയേറ്ററിന്റെ നിർമ്മാണത്തിന് സംഭാവന നൽകിയ യഥാർത്ഥ ഷെയർ ഹോൾഡർമാർക്കോ പ്രൊപ്രൈറ്റർമാർക്കോ ആണ് ഈ നാണയങ്ങൾ അന്ന് സമ്മാനിച്ചിരുന്നത്. ഈ വെള്ളി നാണയത്തിന്റെ ഉടമകൾക്ക് തിയേറ്ററിലെ എല്ലാ ഷോകളും സൗജന്യമായിരുന്നു. നാണയത്തിന്റെ ഒരുവശത്ത് ഇങ്ങനെ എഴുതിയിരുന്നു. ‘ഈ ടിക്കറ്റിന്റെ ഉടമസ്ഥന് ഈ വീട്ടിൽ പ്രദർശിപ്പിക്കുന്ന എല്ലാ പ്രകടനങ്ങളും കാണുന്നതിന് അർഹതയുണ്ട്.’ നാണയത്തിന്റെ മറുവശത്ത്, ‘കിംഗ് സ്ട്രീറ്റ്, ബ്രിസ്റ്റോൾ തിയേറ്റർ/മേയ് 30, 1766’ എന്നും രേഖപ്പെടുത്തിയിരുന്നു. റോയൽ തിയേറ്റർ പിന്നീട് ബ്രിസ്റ്റോൾ ഓൾഡ് വിക്ക് എന്ന് അറിയപ്പെട്ടു. ഈ നാണയങ്ങളിൽ പലതും ഇതിനകം നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട ചില നാണയങ്ങൾക്ക് പകരമായി ചിലത് വ്യാജമായി നിർമ്മിക്കപ്പെട്ടു. ഇതിലെ 20 ഒറിജിനൽ നാണയങ്ങളെ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ യഥാർത്ഥ നാണയങ്ങളാണ് ഇപ്പോൾ വീണ്ടും ലേലത്തിനെത്തിയത്. വിൽറ്റ്ഷയറിലെ ഡിവിസെസിലെ ഹെന്റി ആൽഡ്രിഡ്ജ് ആൻഡ് സൺ ലേലശാലയിലാണ് ഇവ ലേലത്തിന് എത്തിച്ചത്. ഈ നാണയങ്ങൾക്ക് 1,500 പൗണ്ട് മുതൽ 2,500 പൗണ്ട് വരെ ലേലം ലഭിക്കുമെന്ന് കരുതുന്നു. ഈ നാണയങ്ങൾ യഥാർത്ഥമാണെന്നും അതിനാൽ ഇവ ലേലം കൊള്ളുന്നവർക്ക് പഴയ രീതിയിൽ ബ്രിസ്റ്റോൾ ഓൾഡ് വിക്ക് എന്ന് പേരുമാറിയ റോയൽ തിയേറ്ററിലെ എല്ലാ ഷോകൾക്കുള്ള ടിക്കറ്റുകളും സൗജന്യമായി ലഭ്യമാകുമെന്നും ബ്രിസ്റ്റോൾ ഓൾഡ് വിക്കിന്റെ പ്രസ്താവനയിലുണ്ട്.
**** **** ****
കഴിഞ്ഞ ജന്മത്തിൽ ബുദ്ധ സന്ന്യാസിയും ഈ ജന്മത്തിൽ സൈക്കോളജിസ്റ്റും ചലച്ചിത്ര താരവുമാണ് ലെന. മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലെന. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത ലെന പിന്നീട് ശക്തമായി തിരികെ വരികയായിരുന്നു. തിരിച്ചുവരവിൽ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്വന്തമായൊരു ഇടം കണ്ടെത്താൻ ലെനയ്ക്ക് സാധിച്ചു. കോവിഡ് കാലത്ത് സോഷ്യൽ മീഡിയയിലും ലെന വളരെ സജീവമായിരുന്നു.
അടുത്തിടെ ലെനയുടെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മനസ്സിന് ശരീരവുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ കഴിഞ്ഞ കാല ജീവിതത്തെ കുറിച്ച് ഓർമയിൽ തിരിച്ചറിയാനാവും. അതുകൊണ്ടാണ് കഴിഞ്ഞ ജന്മത്തിൽ 63 വയസ്സുവരെ ജീവിച്ച ബുദ്ധ സന്ന്യാസിയാണ് താനെന്ന് മനസ്സിലാകുന്നതെന്ന് ലെന പറഞ്ഞു .63ാമത്തെ വയസിൽ ടിബറ്റിൽ വച്ചാണ് മരിച്ചത്.
അതുകൊണ്ടാണ് ഈ ജന്മത്തിൽ തല മൊട്ടയടിച്ചത്, ഹിമാലയത്തിൽ പോകാൻ തോന്നിയതും. മോഹൻലാലിനെ ആത്മീയ ഗുരുവായാണ് കാണുന്നതെന്നും ലെന പറഞ്ഞിരുന്നു. ഐ ഫോൺ 5 ഉണ്ടായിരുന്ന കാലത്തും ഐഫോൺ 15 ഉണ്ടായപ്പോഴും ഒരേ ഐ ക്ലൗഡെന്ന പോലെയാണ് ശരീരവും മനസ്സുമെന്ന വാദവും ലെന നിരത്തുന്നു. ഐ ഫോൺ മാറുമ്പോഴും ഐ ക്ലൗഡിലെ സ്റ്റോറേജുകളൊന്നും മാറുന്നില്ല. ഐഫോൺ പോലെയാണ് മനുഷ്യ ശരീരങ്ങളെന്നും അവ മാറ്റിയാലും ഐക്ലൗഡ് പോലുള്ള മനസ്സിലാണ് എല്ലാ ജന്മത്തിലേയും സ്റ്റോറേജുകൾ നടക്കുന്നതെന്നും അവർ വിശദമാക്കി.
വിമർശനവുമായി വരുന്നവരോട് താൻ പറയുന്നത് കേൾക്കണമെന്ന യാതൊരു നിർബന്ധവുമില്ലെന്നാണ് ലെനയുടെ പക്ഷം. താനിപ്പോൾ പറയുന്ന അറിവുകളൊന്നും ഒരു ജന്മം കൊണ്ട് നേടിയെടുത്തതല്ലെന്നും ഇപ്പോഴത്തെ ജീവിതകാലത്ത് വലിയ പ്രാരബ്ധങ്ങളൊന്നുമില്ലെന്നും കുടുംബത്തേയോ ബിസിനസിനേയോ കുറിച്ചൊന്നും ഓർത്ത് സമ്മർദ്ദമുണ്ടാകാറില്ലെന്നുമൊക്കെ ലെന പറഞ്ഞുവെക്കുന്നുണ്ട്.രാഷ്ട്രീയപ്രേരിതമായോ മതപരമായോ ഒന്നുമല്ല താൻ സംസാരിക്കുന്നതെന്ന വാദവും ലെനയ്ക്കുണ്ട്. ഒരു മതത്തേയും പിന്തുടരാത്ത തന്റെ കുടുംബത്തിൽ എല്ലാ മതക്കാരുമുണ്ടെന്നും അവർ വിശദമാക്കി. എല്ലാ മതങ്ങളിലുള്ളവരുടേയും സൗഹൃദം കണ്ടു വളർന്നതിനാൽ ഇത്രയധികം മതങ്ങളെന്തിനെന്ന ചോദ്യവും തന്റെ ഉള്ളിലുണ്ടെന്ന് വെള്ളിത്തിരയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേത്രി പറയുന്നു.
ഇതൊക്കെ പടർന്നു പന്തലിക്കുന്നതിനിടെ ലെനയുടെ അഭിപ്രായങ്ങൾക്കെതിരെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ രംഗത്തെത്തി. ലെന അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ലെന്ന് ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ. അഭിമുഖങ്ങളിൽ മാനസികാരോഗ്യത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാവുന്നതല്ലെന്നും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ഈഗോ ഇല്ലാതായാൽ മൈഗ്രെയ്ൻ ഇല്ലാതാകും. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകൾ ആരോഗ്യപ്രശ്നമുണ്ടാക്കും എന്നിങ്ങനെയുള്ള വാദങ്ങൾ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ലന ഉന്നയിച്ചിരുന്നു. സൈക്യാട്രിക് മരുന്നുകൾ ഒരിക്കൽ ഉപയോഗിച്ചാൽ പിന്നീട് ഉപേക്ഷിക്കാനാകില്ലെന്നും ലെന വാദിച്ചിരുന്നു. ലെനയുടെ വാദങ്ങൾക്കെതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന അക്കാദമിക് ക്വാളിഫിക്കേഷൻ ഉള്ള ഒരാൾ ആണെന്നു പറഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള അശാസ്ത്രീയത വിളമ്പുന്നത് ശരിയല്ലെന്നാണ് വിമർശനം.
**** **** ****
സിനിമ കരിയർ നിർത്തുന്നുവെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡർ ആണെന്ന് മനസിലായെന്നും ആർക്കും ഭാരമാകാൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് കുറിച്ചത്. തിയേറ്റർ സിനിമകൾ മാത്രമാണ് നിർത്തുന്നതെന്നും ഗാനങ്ങളും ഹ്രസ്വചിത്രങ്ങളുമെല്ലാം എടുക്കുന്നത് തുടരുമെന്നും അൽഫോൺസ് പുത്രൻ വ്യക്തമാക്കി.
ഞാൻ എന്റെ സിനിമാ തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നു. ഇന്നലെ ഞാൻ സ്വയം മനസിലാക്കി എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡർ ആണെന്ന്. ഞാൻ ആർക്കും ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല. ഞാൻ തുടർന്നും ഗാനങ്ങളും വിഡിയോയും ഹ്രസ്വചിത്രങ്ങളും ഒടിടിക്കുവേണ്ടിയുള്ളതുമെല്ലാം എടുക്കും. ഞാൻ സിനിമ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ എനിക്ക് മറ്റ് മാർഗമില്ല. പാലിക്കാൻ കഴിയാത്ത വാക്ക് നൽകാൻ എനിക്കാവില്ല. ആരോഗ്യം മോശമാകുകയോ അപ്രതീക്ഷിതമായ കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാവുകയോ ചെയ്താൽ ഇന്റർവെൽ പഞ്ച് പോലെ ഒരു ട്വിസ്റ്റ് ആവശ്യമാണ്. അൽഫോൺസ് കുറിച്ചു.
പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. പൃഥ്വിരാജിനെ നായകനാക്കി എടുത്ത ഗോൾഡാണ് അൽഫോൺസിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. സൂപ്പർഹിറ്റായ പ്രേമത്തിന് ശേഷം ഇറങ്ങിയ ചിത്രം ബോക്സ് ഓഫിസിൽ വൻ പരാജയമായി. പിന്നാലെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ രൂക്ഷ പ്രതികരണവുമായി അൽഫോൺസ് എത്തിയിരുന്നു. ഗിഫ്റ്റ് ആണ് അൽഫോൺസിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം.
**** **** ****
81.5 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡാറ്റാബേസിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. പൗരന്മാരുടെ ആധാർ അടക്കമുള്ള വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വെച്ചിരുന്നതായി യുഎസ് സൈബർ സുരക്ഷാ ഏജൻസിയായ റീസെക്യൂരിറ്റി റിപ്പോർട്ട് ചെയ്തു. ഡാറ്റ ചോർച്ച സ്ഥിരീകരിച്ചാൽ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വിവര ചോർച്ചയായിരിക്കും ഇത്. പിഡബ്ലിയുഎൻ 0001′ എന്ന ഹാക്കറാണ് വിവരങ്ങൾ ഡാർക്ക് വെബിൽ പുറത്തുവിട്ടത്.
ആധാർ, പാസ്പോർട്ട് വിശദാംശങ്ങൾ, കൂടാതെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പേരുകൾ, ഫോൺ നമ്പറുകൾ, താൽക്കാലികവും സ്ഥിരവുമായ വിലാസങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കോവിഡ്-19 പരിശോധനയ്ക്കിടെ ഐസിഎംആർ ശേഖരിച്ച വിവരങ്ങളാണ് ചോർത്തിയതെന്നാണ് ഹാക്കർ അവകാശപ്പെടുന്നത്. 80,000 യുഎസ് ഡോളറാണ് ഈ വിവരശേഖരത്തിനു വിലയിട്ടിരുന്നത്. കോവിഡ്-19 ടെസ്റ്റ് ഡാറ്റ സംബന്ധിച്ച വിവരങ്ങൾ നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്റർ, ഐസിഎംആർ, ആരോഗ്യ മന്ത്രാലയം എന്നിവരുടെ പക്കലുണ്ട്. അതിനാൽ ചോർച്ചയുടെ പ്രഭവകേന്ദ്രം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിവര ചോർച്ചയെക്കുറിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
**** **** ****
സർക്കാരിന്റെ കേരളീയം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിനെതിരെ രൂക്ഷവിമർശനവുമായി നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. ഉദ്ഘാടന വേദിയിലെ സ്ത്രീ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ട് നടി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.
വേദിയിലെ സ്ത്രീ സാന്നിദ്ധ്യം പേരിന് മാത്രമായി ചുരുങ്ങിപ്പോയതിനെയാണ് നടി വിമർശിച്ചത്. ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജോളി ചോദിച്ചത്. വേദിയിൽ മന്ത്രിമാരായ ആർ. ബിന്ദുവും വീണാ ജോർജും നടിയും നർത്തകിയുമായ ശോഭനയും ഉണ്ടായിരുന്നുവെങ്കിലും ഇവർ പുറകിലേയ്ക്ക് ഒതുക്കപ്പെട്ടത് സമൂഹമാധ്യങ്ങളിൽ ചർച്ചയാവുന്നതിനിടെയാണ് നടി കുറിപ്പ് പങ്കുവച്ചത്. സിനിമാ മേഖലയിൽ നിന്നടക്കം നിരവധി പേർ ജോളിയുടെ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. കാലം ഇത്രയും പുരോഗമിച്ചിട്ടും സ്ത്രീ സാന്നിദ്ധ്യം പുറകോട്ട് പോകുന്നതായാണ് തോന്നുന്നത്. ഇത്തരം കാര്യങ്ങളിൽ മുൻപ് മതസംഘടനകളെയായിരുന്നു വിമർശിച്ചിരുന്നത്. എന്നാൽ ഇവിടെ എന്താണ് കണ്ടത്? എത്ര അശ്ലീലമാണ് ഇത്തരം ചിത്രങ്ങൾ? സ്ത്രീയുടെ സാന്നിദ്ധ്യം ആ ചിത്രത്തിലുണ്ടെങ്കിലും അത് ഒരറ്റത്താണ്. ഒരു ഫ്രെയിമിൽ ഉൾക്കൊള്ളാൻ പോലും ആകാത്തത്ര അറ്റത്ത്. ഇതിന്റെ പരിഹാസ്യത പറയാതെ വയ്യ!ഇടതുപക്ഷ സർക്കാർ നടത്തുന്ന പരിപാടിയിൽ പോലും ഇങ്ങനെയാവുക എന്ന് പറയുമ്പോൾ നമുക്കിനി ആരെയാണ് വിമർശിക്കാനുള്ള അധികാരമുള്ളത്? മതസംഘടനകൾ ചെയ്യുന്ന അതേ കാര്യമാണോ ജനാധിപത്യസംഘടനകൾ ചെയ്യേണ്ടത്. നമ്മൾ ഇപ്പോൾ സ്ത്രീകൾക്ക് 33 ശതമാനം സംവരണത്തെക്കുറിച്ച് സംസാരിക്കുകയാണ്. അത്തരം ചർച്ചകൾക്കിടയിൽ ഇത്തരം ചിത്രങ്ങൾ കാണുമ്പോൾ നാണക്കേട് തോന്നും’- നടി ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.
**** **** ****
ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് ‘നോ ബോഡി ടച്ചിങ്, പ്ലീസ്’ എന്ന് പറഞ്ഞ് സുരേഷ് ഗോപി. കൊച്ചി കലൂരിൽ ട്രാൻസ് ജൻഡേഴ്സിന്റെ കേരളപ്പിറവി ദിനാഘോഷത്തിനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തോടും സുരേഷ് ഗോപി പ്രതികരിച്ചില്ല. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടമുണ്ടാകുന്ന ഇടങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സമ്മേളന സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തിയിരുന്നു.
വഴി തടഞ്ഞാൽ താനും കേസ് കൊടുക്കുമെന്ന് സുരേഷ് ഗോപി തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമങ്ങൾ മുന്നിലെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ സരസമായ ഡയലോഗ്. ‘വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?’ -സുരേഷ് ഗോപി പറഞ്ഞു.മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ മാധ്യമപ്രവർത്തക പോലീസിന് മൊഴി നൽകി. നടക്കാവ് പോലീസാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രാഥമികാന്വേഷണത്തിനു ശേഷം, സ്റ്റേഷനിൽ ഹാജരാകാൻ സുരേഷ് ഗോപിക്ക് നോട്ടീസ് അയക്കും. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട്ടെ ഹോട്ടലിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് വിവാദ സംഭവമുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
**** **** ****
കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സിനിമാനടൻ ഷെയ്ൻ നിഗം പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായി. ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുതെന്നും നടൻ അഭ്യർത്ഥിച്ചു. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വീഴ്ചകളിൽ നിന്ന് തെറ്റുകൾ മനസിലാക്കി പരിഹാരങ്ങൾ കണ്ടെത്തണം. ബഹുജനങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ ചില മാർഗനിർദേശങ്ങൾ ഉണ്ടായാൽ നന്നായിരിക്കുമെന്നും നടൻ സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു. ആളുകൾ കൂടുന്നിടത്ത് പാലിക്കാവുന്ന മാർഗ നിർദേശങ്ങളും നടൻ പങ്കുവച്ചു. ഇത്തരത്തിലുള്ള ബഹുജനങ്ങൾ സംഘടിക്കുന്ന പരിപാടികൾക്ക് ചില മാർഗനിർദ്ദേശങ്ങൾ ഉണ്ടായാൽ നന്നായിരിക്കും, ചില നിർദ്ദശങ്ങൾ- 1. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങളുടെയും പേരും വിലാസവും രജിസ്ട്രറിൽ രേഖപ്പെടുത്തി സൂക്ഷിക്കണം, 2. വ്യത്യസ്ത ഭാഗങ്ങളിൽ സിസിടിവി നിർബന്ധമായും ഘടിപ്പിക്കണം.3. സുരക്ഷാ മാനദണ്ഡത്തിന്റെ ഭാഗമായി ഗേറ്റ് മുതൽ സെക്യൂരിറ്റിയും മറ്റു സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തണം. 4. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ ഒരു ഡോക്ടർ, നഴ്സ്, ആംബുലൻസ് മറ്റു ജീവൻരക്ഷാ മാർഗങ്ങൾ ഏർപ്പെടുത്തുക. സന്തോഷവും, സാഹോദര്യവും നന്മയും നിറഞ്ഞ നാളെകൾ ഉണ്ടാവട്ടെ.