

First Published Nov 4, 2023, 6:02 PM IST
കൊച്ചി: കൊച്ചിയുടെ സുസ്ഥിര നഗരവികസന പദ്ധതികൾക്ക് ജർമ്മൻ സർക്കാരിന്റെ പിന്തുണ. കൊച്ചി സന്ദർശിച്ച ജർമ്മൻ ഫെഡറൽ മിനിസ്ട്രി ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ (ബി എം ഇസഡ്) നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘവുമായി മേയർ അഡ്വ എം അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് കൊച്ചി നഗരത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ജർമ്മൻ സർക്കാരിന്റെ പൂർണ്ണ പിന്തുണ അറിയിച്ചത്.
നിലവിൽ ജർമ്മൻ സർക്കാരിന്റെ സഹകരണത്തോടെ കൊച്ചിയിൽ നടന്നുവരുന്ന കൊച്ചി അർബൻ ഒബ്സർവേറ്ററി, മുല്ലശ്ശേരി കനാൽ പുനരുജ്ജീവന പദ്ധതി, എംആർഎഫ് പദ്ധതി, സൈക്കിൾ വിത്ത് കൊച്ചി തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിനും വിപുലീകരണത്തിനും ജർമ്മൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് തുടർ സഹകരണമുണ്ടാവുമെന്നും സംഘം മേയറെ അറിയിച്ചു.
ജർമ്മൻ സർക്കാരിന്റെ കീഴിലുള്ള ബാങ്കായ കെ എഫ് ഡബ്ലിയു ഡെവലപ്മെന്റ് ബാങ്കിന്റെ സഹകരണം നഗരത്തിലെ കനാൽ നവീകരണ പദ്ധതികൾ നടപ്പിലാക്കുന്നതിന് കൂടി ഉണ്ടാകണമെന്ന് മേയർ ജർമ്മൻ പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടു. കൊച്ചിയിൽ കെ എഫ് ഡബ്ലിയു ഡെവലപ്മെന്റ് ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ വാട്ടർ മെട്രോ പദ്ധതി നഗരത്തിൽ വളരെയേറെ സ്വീകാര്യത നേടിയ ഒരു പദ്ധതിയാണെന്നും പദ്ധതി നടപ്പിലാക്കുന്നതിന് സഹകരിച്ചതിന് ഉള്ള നന്ദിയും മേയർ പ്രകടിപ്പിച്ചു.
സുസ്ഥിര വികസന ലക്ഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ ലിംഗ സൂചകങ്ങളിൽ കൊച്ചി നഗരവും കേരള സംസ്ഥാനവും മികച്ച പ്രകടനമാണ് കാഴ്ചവച്ചു വരുന്നത്. സ്ത്രീകളുടെ സുരക്ഷയും അവരുടെ ജീവിതത്തിന് കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് നഗരസഭ പ്രത്യേക മുൻഗണന നൽകുന്നതെന്നും മേയർ സംഘത്തെ അറിയിച്ചു. ഈ മേഖലയുടെ പ്രവർത്തനങ്ങൾക്ക് ജർമ്മൻ സർക്കാരിന്റെ സഹകരണം ഉണ്ടാവണമെന്നും മേയർ ആവശ്യപ്പെട്ടു.
സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിച്ചുവരുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ് കൊച്ചി എന്നും തുടർന്നും ജർമ്മൻ സർക്കാരിന്റെ സഹകരണം കൊച്ചി നഗരം മുന്നോട്ടുവെക്കുന്ന പദ്ധതികൾക്ക് ഉണ്ടാകും എന്നും ജർമ്മൻ സംഘം മേയർക്ക് ഉറപ്പുനൽകി.
ഇന്നലെ മേയറുടെ ചേമ്പറിൽ വച്ച് ജർമ്മൻ സംഘവുമായി നടന്ന ചർച്ചയിൽ ജർമ്മൻ ഫെഡറൽ മിനിസ്ട്രി ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് പ്രതിനിധികളായ ബാര്‍ബറ ഷാഫര്‍, പാമേല ബൈജാല്‍, കരോളിൻ വെയ്നാൻഡ്സ് ജർമ്മൻ എംബസി പ്രതിനിധിയായ ഉവെ ഗെഹ്ലാൻ ജി ഐ ഇസഡ് ഗ്ലോബൽ പ്രതിനിധിയായ ഡോ. ജൂലി റിവെറൈ, ക്രിസ്റ്റ്യൻ കാപ്ഫെസ്റ്റിനെര്, ഫാത്തിം റഷ്ന കല്ലിങ്കല്‍ കെ എഫ് ഡബ്ലിയു ഡെവലപ്മെന്റ് ബാങ്ക് പ്രതിനിധികളായ ഡോ. ബാര്‍ബറ ബെര്ർക്കല്, ഫിലിപ്പ് വൈരിച്ച് ഷീബ ലാൽ, ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി, സി-ഹെഡ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ജർമ്മൻ പ്രതിനിധി സംഘം സൈക്കിൾ വിത്ത് കൊച്ചി പദ്ധതിയുടെ ഭാഗമായി സൈക്കിൾ സവാരിയും, ഇ ഓട്ടോ പദ്ധതിയുടെ ഭാഗമായി ഇ ഓട്ടോ സവാരിയും നടത്തി. കൂടാതെ പ്രതിനിധി സംഘം വാട്ടർ മെട്രോ, കൊച്ചി മെട്രോ, വൈറ്റില മൊബിലിറ്റി ഹബ്ബ്, യു ക്യാൻ ഹീൽ പദ്ധതിയുടെ ഭാഗമായി സെന്റ് തെരേസാസ് കോളേജ് എന്നിവ സന്ദർശിക്കുകയും സമൃദ്ധി അറ്റ് കൊച്ചി സന്ദർശിച്ച് കുടുംബശ്രീയിലെ വനിതാ സംരംഭകരുമായി ആശയവിനിമയം നടത്തുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.
പരീക്ഷാ ഹാളിൽ പ്രവേശിച്ചയുടൻ കുഴഞ്ഞു വീണു; ഹൃദയാഘാതം, ഒമ്പതാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
Last Updated Nov 4, 2023, 6:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]