
പലപ്പോഴും പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പല അസുഖങ്ങള്‍ക്കുമെല്ലാം ഒരുപോലുള്ള ലക്ഷണങ്ങള്‍ കാണാറുണ്ട്. ഇത് നമ്മളെ തെറ്റിദ്ധാരണകളിലേക്ക് നയിക്കുകയും ഒരുപക്ഷേ- സമയബന്ധിതമായി കണ്ടെത്തി ചികിത്സ തേടേണ്ടിയിരുന്നൊരു രോഗത്തിന് ചികിത്സ വൈകിപ്പിക്കുകയുമെല്ലാം ചെയ്യാറുണ്ട്.
ഇത്തരത്തില്‍ പലപ്പോഴും ആളുകള്‍ക്ക് മാറിപ്പോകുന്നൊരു പ്രശ്നമാണ് സാധാരണഗതിയില്‍ നമ്മെ ബാധിക്കുന്ന അണുബാധയും ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസറും. ലക്ഷണങ്ങള്‍ തമ്മില്‍ മാറിപ്പോകുന്നത് തന്നെ ഇതിന് കാരണമായി വരുന്നത്.
ചെസ്റ്റ് ഇൻഫെക്ഷൻസ് പല രീതിയിലും വരാം. സാധാരണനിലയില്‍ ശ്വാസകോശത്തിന്റെ ഭാഗങ്ങളെ ബാധിക്കുന്ന അണുബാധകള്‍ കാലാവസ്ഥാ വ്യതിയാനം, അലര്‍ജി അല്ലെങ്കില്‍ ബ്രോങ്കൈറ്റിസ്- ന്യുമോണിയ എല്ലാമായിരിക്കും. എന്നാല്‍ ഇവ പോലെയല്ല ശ്വാസകോശാര്ബുദമെന്ന് നമുക്കറിയാം. അത് സമയത്തിന് കണ്ടെത്തുകയും ചികിത്സ തേടുകയും ചെയ്തിട്ടില്ലെങ്കില്‍ അപകടം തന്നെയാണ്.
ചെസ്റ്റ് ഇൻഫെക്ഷൻ ലക്ഷണങ്ങള്‍…
തുടര്‍ച്ചയായ ചുമ, മഞ്ഞയും പച്ച കലര്‍ന്നതുമായ കഫം വരിക, ചിലപ്പോള്‍ കഫത്തില്‍ രക്തം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ചെസ്റ്റ് ഇൻഫെക്ഷന്റെ ഭാഗമായി കാണാവുന്നതാണ്. ശ്വാസതടസം, ശ്വാസമെടുക്കുമ്പോള്‍ വലിവ്, ഇടയ്ക്ക് പനി, ഹാര്‍ട്ട് ബീറ്റ് പെട്ടെന്ന് ഉയരല്‍, നെഞ്ചില്‍ വേദനയും അസ്വസ്ഥതയുമെല്ലാം ചെസ്റ്റ് ഇൻഫെക്ഷന്റെ ഭാഗമായി വരാം. അതുപോലെ തന്നെ തളര്‍ച്ച, ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസം, ആകെ അവ്യക്തത തോന്നുക – എന്നിങ്ങനെയുള്ള മനസിനെ (തലച്ചോറിനെ ) ബാധിക്കുന്ന ചില പ്രശ്നങ്ങളും ചെസ്റ്റ് ഇൻഫെക്ഷൻ ബാധിച്ചവരില്‍ കാണാറുണ്ട്.
ക്യാൻസര്‍ എങ്ങനെ തിരിച്ചറിയാം?
മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ പലതും ശ്വാസകോശാര്‍ബുദത്തിന്റെയും ഭാഗമായി പ്രകടമാകാറുള്ള ലക്ഷണങ്ങളാണ്. അങ്ങനെയെങ്കില്‍ ഇൻഫെക്ഷനും ക്യാൻസറും എങ്ങനെ വേര്‍തിരിച്ചറിയാം?
ഇത് പ്രയാസകരം ആണെന്നതാണ് ഉത്തരം. ലക്ഷണങ്ങളിലൂടെ ഇൻഫെക്ഷനും ക്യാൻസറും വേര്‍തിരിച്ചറിയാൻ ബുദ്ധിമുട്ട് തന്നെയാണ്. അതിനാല്‍ ഇതിന് ശ്രമിക്കേണ്ട. എന്നാല്‍ സമയമെടുക്കുകയാണെങ്കില്‍ ഇൻഫെക്ഷനും ക്യാൻസറും തിരിച്ചറിയാൻ സാധിക്കും.
അതായത് ഇൻഫെക്ഷനാണെങ്കില് അത് ആഴ്ചകള്‍ മാത്രമാണ് നീണ്ടുനില്‍ക്കുക. എന്നാല്‍ ക്യാൻസറിന്റെ കാര്യത്തില്‍ അങ്ങനെയല്ല. അത് സങ്കീര്ണമായിക്കൊണ്ടേ ഇരിക്കും. ഇടയ്ക്ക് ആശ്വാസം തോന്നിയാലും പിന്നെയും വിട്ടുമാറാതെ പ്രയാസങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും.
എന്തായാലും ഒരാഴ്ചയില്‍ അധികം തുടര്‍ച്ചയായി ചുമ നീണ്ടുനില്‍ക്കുകയും കഫത്തില്‍ രക്തം കാണുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്താല്‍ തീര്‍ച്ചയായും പരിശോധനയ്ക്ക് വിധേയരാകുന്നതാണ് എപ്പോഴും ഉചിതം. സ്വയം നിര്‍ണയത്തിന് സമയമെടുക്കുന്നത് എപ്പോഴും ‘റിസ്ക്’ ആണ്.
ക്യാൻസറിന്റെ മറ്റ് ലക്ഷണങ്ങള്‍…
ചെസ്റ്റ് ഇൻഫെക്ഷനും ലംഗ് ക്യാൻസറും (ശ്വാസകോശാര്ബദും) ഒരേ ലക്ഷണങ്ങള്‍ കാണിക്കുന്നത് എപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കും. എന്നാല്‍ ക്യാൻസറില്‍ ചില പ്രയാസങ്ങള്‍ കൂടി രോഗി നേരിടാം. അവ കൂടി പറയാം. വിട്ടുമാറാത്ത നെഞ്ചുവേദന, തോള് വേദന എന്നിവയാണൊരു ലക്ഷണം. ഇത് ഭേദമാവുകയേ ഇല്ല.
അതുപോലെ തന്നെ ആഴ്ചകളോളം നീളുന്ന ഒച്ചയടപ്പും. ശബ്ദം മാറിത്തന്നെ ഇരിക്കും. ഇതും ഭേദമാവുകയില്ല. ഒപ്പം വിശപ്പില്ലായ്മയും പെട്ടെന്ന് ശരീരഭാരം കുറയുകയും ചെയ്യുന്നുവെങ്കില്‍ ഒന്നുകൂടി ശ്രദ്ധിക്കുക.
നീണ്ടുനില്‍ക്കുന്ന ചുമയും, കഫത്തില്‍ രക്തവും, ഇടവിട്ട് പനിയും, ശരീരവേദനയും, നെഞ്ചുവേദനയും, ശ്വാസതടസവും, ഒച്ചയടപ്പുമെല്ലാം അനുഭവപ്പെടുന്നപക്ഷം നല്ലൊരു ആശുപത്രിയിലെത്തി വേണ്ട പരിശോധനകള്‍ നടത്തി രോഗം ഉറപ്പിക്കുകയാണ് എപ്പോഴും സുരക്ഷിതം.
Also Read:-വ്യായാമമോ ശാരീരികാധ്വാനമോ ചെയ്യാതെ വര്‍ഷങ്ങളോളം തുടര്‍ന്നാല്‍ സംഭവിക്കുന്നത്….
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]