തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ (കഫ് സിറപ്പ്) വിൽക്കരുതെന്ന് ഡ്രഗ്സ് കൺട്രോളർ കർശന നിർദേശം നൽകി. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുതെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന ‘കോൾഡ്രിഫ്’ കഫ് സിറപ്പിന്റെ 170 കുപ്പികൾ കേരളത്തിൽ നിന്ന് പിടിച്ചെടുത്ത സാഹചര്യത്തിലാണ് നടപടി. കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്നാണ് സംസ്ഥാനത്തും ജാഗ്രത ശക്തമാക്കിയത്.
രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും കഫ് സിറപ്പുകൾ നൽകരുത്. ഒന്നിലധികം ഔഷധഘടകങ്ങൾ അടങ്ങിയ കോമ്പിനേഷൻ മരുന്നുകൾ പരമാവധി ഒഴിവാക്കണമെന്നും സർക്കുലറിൽ പറയുന്നു.
അത്തരം കുറിപ്പടികളിൽ മരുന്ന് നൽകരുതെന്നും നിർദേശമുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകുമ്പോൾ ഡോസിന്റെ അളവിലും ഉപയോഗിക്കേണ്ട
കാലയളവിലും കൃത്യത ഉറപ്പാക്കണം. അംഗീകൃത കമ്പനികളുടെ മരുന്നുകൾ മാത്രമേ വിൽക്കാൻ പാടുള്ളൂ.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിൽക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഡ്രഗ്സ് കൺട്രോളർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ മെഡിക്കൽ സ്റ്റോറുകളിൽ നടത്തിയ വ്യാപക പരിശോധനയിൽ, വിവാദമായ കോൾഡ്രിഫ് കഫ് സിറപ്പിന്റെ 170 സാമ്പിളുകൾ പിടിച്ചെടുത്തു.
ഇതിൽ 52 സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് തിരുവനന്തപുരത്തെയും എറണാകുളത്തെയും ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറികളിലേക്ക് അയച്ചു. സിറപ്പിൽ അനുവദനീയമായ അളവിൽ കൂടുതൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന ‘SR 13’ എന്ന ബാച്ച് നമ്പർ ഉള്ള മരുന്ന് കേരളത്തിൽ വിൽപ്പനയ്ക്ക് എത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മുൻകരുതൽ എന്ന നിലയിൽ, കോൾഡ്രിഫ് ബ്രാൻഡിന്റെ വിൽപ്പന സംസ്ഥാനത്ത് പൂർണമായും നിരോധിച്ചു.
ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും പരിശോധന തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കഫ് സിറപ്പുകളുടെയും കേരളത്തിൽ നിർമിക്കുന്ന അഞ്ച് ബ്രാൻഡുകളുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]