തിരുവനന്തപുരം: കേരളത്തോടുള്ള അനീതിയും അവഗണയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മേപ്പാടിയിൽ ദുരന്തം ഉണ്ടായത് 2024 ജൂലായ് 30നാണ്.
പത്തു ദിവസത്തിനകം കേന്ദ്ര സംഘം ദുരന്ത വിലയിരുത്തലിന് വന്നു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നേരിട്ടെത്തി.
ഒരുവർഷവും രണ്ടു മാസവും കഴിഞ്ഞു. പ്രാഥമിക വിലയിരുത്തൽ നടത്തി 1202.12 കോടി രൂപയുടെ അടിയന്തിര സഹായം കേരളം അഭ്യർഥിച്ചു.
അടിയന്തിര സഹായം ഒന്നും അനുവദിച്ചില്ല. ദുരന്ത ബാധിതരുടെ വായ്പ എഴുതി തളളാൻ അഭ്യർഥിച്ചിട്ടും ഇതുവരെ ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ല.
അതോടൊപ്പം വായ്പ എഴുതിത്തള്ളാൻ സഹായകമാവുന്ന ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കുകയും ചെയ്തു. ദേശീയ ദുരന്ത ഭേദഗതി ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ രേഖാമൂലം അറിയിക്കുന്ന നിലയുണ്ടായി.
ദുരന്തം ഉണ്ടായതിനു തൊട്ടുപിന്നാലെ കേരളം ആദ്യ മെമ്മോറാണ്ടം കൊടുത്തത് 2024 ആഗസ്റ്റ് 17 നാണ്. മെമ്മോറാണ്ടത്തിനു പുറമെ പിഡിഎന്‍എ നടത്തി വിശദമായ റിപ്പോര്‍ട്ട് 2024 നവംബര്‍ 13 നും സമർപ്പിച്ചു.
ഈ രണ്ട് ഘട്ടത്തിലും ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് നിലവിലുണ്ടായിരുന്നു. ഈ വർഷം മാർച്ച് 29ന് മാത്രമാണ് ഈ വകുപ്പ് ഒഴിവാക്കി കേന്ദ്ര സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്.
ഈ ഭേദഗതിക്ക് മുൻകാല പ്രാബല്യം ഉള്ളതല്ല. എന്നിട്ടും ഇനി സഹായം നൽകാൻ കഴിയില്ല എന്ന ക്രൂരവും ദയാരഹിതവുമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതി തീവ്രദുരന്തം ആയി പ്രഖ്യാപിക്കുവാൻ പോലും അഞ്ചുമാസം സമയം എടുത്തു. ഇത് മൂലം അന്താരാഷ്ട്ര സഹായ സാധ്യതകൾ ഇല്ലാതാക്കി.
2221.03 കോടി രൂപ പുനർനിർമ്മാണ സഹായം ആണ് വേണ്ടത് എന്ന് മാനദണ്ഡങ്ങൾ പ്രകാരം ആവശ്യപ്പെട്ടതിന്മേൽ 260.56 കോടി രൂപ മാത്രമാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്. നമ്മുടെ യഥാർത്ഥ ആവശ്യത്തിന്റെ എട്ടിലൊന്നു പോലും വരില്ല ഈ തുക.
കേരളത്തെ അവഗണിക്കുന്ന തീരുമാനത്തിനെതിരെ എല്ലാ ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആ പ്രതിഷേധം നാടിന്റെയാകെ വികാരമാണ്.
അത് മനസ്സിലാക്കി, സംസ്ഥാനത്തിന്റെയും ദുരന്തബാധിതരായ ജനങ്ങളുടെയും അവകാശം സംരക്ഷിക്കാനും അർഹമായ സഹായം നൽകാനും ഇനിയും വൈകരുത്-മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]