പുതുക്കാട് ∙ അച്ഛനെ കൊടുവാൾകൊണ്ടു വെട്ടി ഗുരുതരമായി പരുക്കേൽപിച്ച ശേഷം വീടിന്റെ മേൽക്കൂരയിൽക്കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് നാട്ടുകാരെയും പൊലീസിനെയും പരിഭ്രാന്തിയിലാഴ്ത്തിയത് 5 മണിക്കൂറോളം. നന്തിക്കര മുത്രത്തിക്കര ശിവക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന മേക്കാടൻ ശിവനെ (68) ആണു മകൻ വിഷ്ണു (34) വെട്ടിപ്പരുക്കേൽപിച്ചത്.
കഴുത്തിനു മാരകമായി മുറിവേറ്റ ശിവനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിഷ്ണു വീട്ടിനുള്ളിൽ ആഭിചാരക്രിയകൾ നടത്തിയതിനുള്ള തെളിവുകൾ
ലഭിച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണു നാടിനെ നടുക്കിയ സംഭവങ്ങളുടെ തുടക്കം. മാതാപിതാക്കളെ വീട്ടിൽ നിന്നു പുറത്താക്കിയ ശേഷം കഴിഞ്ഞ 40 ദിവസമായി വിഷ്ണു ഒറ്റയ്ക്കായിരുന്നു താമസം.
മകളുടെ വീട്ടിൽ കഴിഞ്ഞിരുന്ന ശിവൻ ലൈഫ് പദ്ധതിയിൽ പുതിയ വീടിന് അപേക്ഷ സമർപ്പിക്കാനുള്ള രേഖകളെടുക്കാൻ വേണ്ടിയാണ് വീട്ടിലെത്തിയത്. ഭാര്യ ലതികയും ഒരു ബന്ധുവും ഒപ്പമുണ്ടായിരുന്നു.
ഇവരെ വീട്ടിലേക്കു പ്രവേശിക്കാൻ വിഷ്ണു അനുവദിച്ചില്ല. തർക്കത്തിനൊടുവിലാണു വീട്ടിൽ കയറാനായത്.
രേഖകൾ തിരഞ്ഞിട്ടും ലഭിക്കാതെ വന്നപ്പോൾ അവ കിണറ്റിലിട്ടതായി വിഷ്ണു പറഞ്ഞു. ശിവൻ നോക്കിയപ്പോൾ വസ്ത്രങ്ങളും രേഖകളും കിണറ്റിൽ കിടക്കുന്നതും കണ്ടു.
ഇതോടെ വാക്കേറ്റമായി.
വീട്ടിനുള്ളിൽ കരുതിവച്ചിരുന്ന കൊടുവാളെടുത്തു വിഷ്ണു ശിവന്റെ തലയിലും കഴുത്തിലും വെട്ടി. അമ്മയെയും വെട്ടാൻ ശ്രമിച്ചെങ്കിലും ഒപ്പമുണ്ടായിരുന്ന ബന്ധു തടഞ്ഞു.
ബന്ധു പൊലീസിനെ വിളിച്ചതോടെ വിഷ്ണു വീട്ടിനുള്ളിൽ കയറി വാതിൽ പൂട്ടി. വിളിച്ചിട്ടും തുറക്കാതായപ്പോൾ പൊലീസ് വാതിൽ തകർത്തു.
കത്തിയുമായി മുകൾ നിലയിലേക്കു കയറിയ വിഷ്ണു ഭീഷണി മുഴക്കാൻ തുടങ്ങിയതോടെ പൊലീസ് ജാഗ്രത പാലിച്ചു. അനുനയശ്രമങ്ങൾ ഫലം കണ്ടില്ല.
മുകൾനിലയിലെ നാലു ജനലുകൾ പൊളിച്ചു പൊലീസും നാട്ടുകാരും അകത്തു കടക്കാൻ ശ്രമിച്ചെങ്കിലും വിഷ്ണു 2 കത്തികൾ ഉയർത്തിപ്പിടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് ബലപ്രയോഗത്തിനു തുനിഞ്ഞപ്പോൾ വിഷ്ണു മേൽക്കൂരയ്ക്കു മുകളിൽ കയറി.
ഏറെനേരത്തെ പരിഭ്രാന്തിക്കൊടുവിൽ വൈകിട്ട് 5.45നു വിഷ്ണു താഴേക്കിറങ്ങി. അറസ്റ്റ് ചെയ്ത ശേഷം വിഷ്ണുവിനെ ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കാട് എസ്എച്ച്ഒ ആദം ഖാൻ, എസ്ഐ എൻ.
പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
വിഷ്ണുവിനെ കീഴ്പ്പെടുത്താൻ വീട്ടിനുള്ളിൽ കയറിയ പൊലീസും നാട്ടുകാരും കണ്ടത് ആഭിചാരക്രിയകളുടെ ശേഷിപ്പുകൾ. മുറിക്കുള്ളിൽ കോഴിത്തലയും മദ്യവും മുടി കത്തിച്ചതിന്റെ ശേഷിപ്പുകളും കണ്ടെടുത്തു.
പൂജാകർമങ്ങൾ ചെയ്തതിന്റെ അടയാളങ്ങളുമുണ്ട്. വിവിധതരം ആയുധങ്ങൾ വീടിനുള്ളിലുണ്ടായിരുന്നു.
അഭിചാരക്രിയകളിലൂടെ തനിക്ക് എപ്പോഴെങ്കിലും അമാനുഷിക ശക്തികൾ ലഭിക്കും എന്നതായിരുന്നു വിഷ്ണുവിന്റെ വിശ്വാസമെന്നു നാട്ടുകാർ പറഞ്ഞു. ഇത്തരം ക്രിയകൾ ചെയ്യാനുള്ള സൗകര്യത്തിനു വേണ്ടിയാണു മാതാപിതാക്കളെ പുറത്താക്കി ഒറ്റയ്ക്കു താമസിച്ചിരുന്നതെന്നും പറയുന്നു.
കരാട്ടേ അടക്കമുള്ള ആയോധനകലകൾ അഭ്യസിച്ചിട്ടുള്ളയാളാണെന്നതിനാൽ കരുതലോടെയായിരുന്നു പൊലീസിന്റെയും സമീപനം. സമൂഹമാധ്യമങ്ങളിൽ വിഷ്ണു ആയോധന അഭ്യാസങ്ങൾ ചെയ്യുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയുമടക്കം വിഡിയോകൾ പങ്കുവച്ചിട്ടുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]