
ദില്ലി: ജമ്മുകശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോൺഗ്രസ് സഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. അതേ സമയം ചില സര്‍വേകള്‍ തൂക്കുസഭക്കുള്ള സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു. പത്ത് വര്‍ഷത്തിന് ശേഷം ജമ്മുകശ്മീരില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഇന്ത്യ സഖ്യത്തിനനുകൂലമാകുമെന്നാണ് പ്രവചനം. 90 അംഗ സഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യം 50 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ തവണ സര്‍ക്കാരുണ്ടാക്കിയ പിഡിപി വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ഒതുങ്ങിയേക്കും. ജമ്മുമേഖലയില്‍ സീറ്റുകളുയര്‍ത്താന്‍ ബിജെപിക്കാകും. പക്ഷേ പുനസംഘടനക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന കശ്മീരില്‍ തിരിച്ചടി നേരിടും. ചെറിയ പാര്‍ട്ടികള്‍ക്കും ജമാ അത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകള്‍ക്കും ഇന്ത്യ സഖ്യത്തിന്റെ വോട്ടുകള്‍ കാര്യമായി ഇടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍വേകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യ ടുഡേ സീവോട്ടര്‍ എക്സിറ്റ് പോള്‍ സര്‍വേയില്‍ ബിജെപിക്ക് മുന്‍തൂക്കമെന്നാണ് പ്രവചനം. 27 മുതല്‍ 31 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് ഫലത്തില്‍ പറയുന്നു. ഇന്ത്യ സഖ്യം 11-15 വരെ സീറ്റുകള്‍, പിഡിപി 2 എന്നിങ്ങനെ പ്രവചിക്കുന്നു. റിപ്പബ്ലിക് സര്‍വേയില്‍ ജമ്മു കശ്മീരില്‍ തൂക്കുസഭയ്ക്ക് സാധ്യതയെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ദൈനിക് ഭാസ്കർ എക്സിറ്റ് പോൾ ഫലത്തിൽ എൻസി- കോൺഗ്രസ് സഖ്യം 35 മുതൽ 40 വരെ സീറ്റുകളും ബിജെപി 20 മുതൽ 25 വരെ സീറ്റുകളും നേടുമെന്നും പ്രവചനം. പിഡിപിയ്ക്ക് 4 മുതൽ 7 വരെ സീറ്റുകളും ലഭിച്ചേക്കും, മറ്റുള്ളവര്‍ 12 മുതൽ 16 സീറ്റുകള്‍ നേടും.
പീപ്പിൾസ് പൾസ് എക്സിറ്റ് പോളിൽ ജമ്മു കശ്മീരിൽ എൻസി – കോൺഗ്രസ് 46-57, ബിജെപി 23-27 സീറ്റുകൾ, പിഡിപി 7-11 സീറ്റുകൾ, മറ്റുള്ളവർ 4-6 എന്നിങ്ങനെയാണ് ഫലങ്ങൾ.
ഇലക്ടറല്‍ എഡ്ജ് എക്സിറ്റ് പോൾ ഫലത്തിൽ നാഷണൽ കോൺഫറൻസ് – 33, ബിജെപി- 27, കോൺഗ്രസ് -12, പിഡിപി- 8, മറ്റുളളവർ- 10 എന്നിങ്ങനെയും പ്രവചിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]