
.news-body p a {width: auto;float: none;} ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മൂന്നുമണിവരെയുള്ള കണക്കുകൾ പ്രകാരം 49.1 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
90 മണ്ഡലങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഒറ്റഘട്ടമായാണ് നടക്കുന്നത്. മുഖ്യമന്ത്രി നായബ് സിംഗ് സൈനി, കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ, ഗുസ്തി താരം വിനേഷ് ഫോഗട്ട് എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ.
ബിജെപിക്കും കോൺഗ്രസിനും പുറമെ എഎപി, ബിഎസ്പി, ജെജെപി, എസ്പി എന്നിവരും മത്സരത്തിനുണ്ട്. ബിഷ്ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്ത് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഒക്ടോബർ ഒന്നിൽ നിന്ന് അഞ്ചിലേയ്ക്ക് മാറ്റുകയായിരുന്നു.
ആഘോഷങ്ങൾ കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ബിജെപി ഹരിയാന ഘടകം തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ചിരുന്നു. ആഘോഷങ്ങളും തുടർച്ചയായ അവധി ദിവസങ്ങളും വരുന്നത് വോട്ടെടുപ്പിനെ ബാധിക്കുമെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
എന്നാൽ ബിജെപിയുടേത് തോൽവി മുന്നിൽ കണ്ടുള്ള നീക്കമാണെന്നെന്നാണ് കോൺഗ്രസ് പരിഹസിച്ചത്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.
കോൺഗ്രസ് എത്തുകയാണെന്നും ബിജെപി പോവുകയാണെന്നുമാണ് വോട്ടെടുപ്പിനിടെ മുൻ മുഖ്യമന്ത്രിയും ഗാർഹി സാംപ്ള കിലോയ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ കോൺഗ്രസിന് ചില മത്സരങ്ങൾ ജയിക്കാൻ സാധിച്ചാലും അധികാരത്തിലെത്താൻ കഴിയില്ലെന്നാണ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ കിരൺ റിജിജു പറഞ്ഞത്.
കഴിഞ്ഞ പത്ത് വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. 70 വർഷമായി കോൺഗ്രസ് വ്യാജ വാഗ്ദാനങ്ങൾ നൽകുക മാത്രമാണ് ചെയ്തതെന്നും റിജിജു വിമർശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]