
ഇടുക്കി: വിജയ് ദേവരകൊണ്ട നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് വിരണ്ടോടിയ പുതുപ്പളളി സാധു എന്ന നാട്ടാനയെ തിരികെ കൊണ്ടുവരുന്ന വീഡിയോ വൈറലാകുന്നു. തെരച്ചിൽ സംഘത്തോടൊപ്പം ആനയുടെ ഒന്നാം പാപ്പാനുമുണ്ടായിരുന്നു. ശബ്ദമുണ്ടാക്കി വിളിച്ച ഉടൻ സാധു മെരുങ്ങുകയും പാപ്പാന്റെ അടുത്തെത്തി അനുസരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുളളത്.
കഴിഞ്ഞ ദിവസമാണ് കോതമംഗലത്തിനടുത്ത് ഭൂതത്താൻകെട്ടിൽ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിൽ ആന കാട്ടിലേക്ക് കയറിപ്പോയത്. മണിക്കൂറുകൾ നീണ്ട തെരച്ചിനൊടുവിൽ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്നാണ് സാധുവിനെ ഇന്ന് രാവിലെയോടെ അന്വേഷണസംഘം കണ്ടെത്തിയത്. ആന പൂർണ ആരോഗ്യവാനാണ്.
ആന ഉടമയ്ക്കൊപ്പം ഉണ്ടായിരുന്ന വെറ്ററിനറി ഡോക്ടർ പരിശോധിച്ച് മുറിവുകളോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. കാട്ടിലേക്ക് ഓടിക്കയറിയതിന് ശേഷം ആന ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നാണ് ഉടമകൾ വ്യക്തമാക്കുന്നത്. അതുമായി ബന്ധപ്പെട്ട് ക്ഷീണം ഉണ്ട്. ആവശ്യമായ ഭക്ഷണവും വെള്ളവും ആവശ്യത്തിന് വിശ്രമവും ലഭിച്ച് കഴിഞ്ഞാൽ ആനയെ തിരികെ കൊണ്ടുപോകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ പൂരം അടക്കം കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ എഴുന്നള്ളിപ്പിൽ സ്ഥിര സാന്നിദ്ധ്യമാണ് പുതുപ്പളളി സാധു. സിനിമ അഭിനയമാണ് 52 വയസുള്ള ഈ കൊമ്പനെ കൂടുതൽ പ്രശസ്തനാക്കിയത്. തമിഴ്- തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ ആനയെ അഭിനയിപ്പിക്കണമെങ്കിൽ പ്രത്യേക അനുമതി വേണം. ഇങ്ങനെ വനംവകുപ്പിന്റെ സമ്മത പത്രം ഉള്ള ആനയാണ് പുതുപ്പള്ളി സാധു. പുതുപ്പള്ളി സ്വദേശി പാപ്പാല പറമ്പ് പോത്തൻ വർഗീസാണ് ആനയുടെ ഉടമ.