
.news-body p a {width: auto;float: none;}
കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം പൊന്മുടിയിൽവച്ച് കിള്ളിപ്പാലത്ത് താമസിക്കുന്ന യുവാവിന് പാമ്പ് കടിയേറ്റിരുന്നു. ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങളുമായെത്തിയിരിക്കുകയാണ് വാവ സുരേഷ്.
“പാമ്പ് സംരക്ഷണ മേഖലയിൽ ഷിബു എന്ന യുവാവിന് പത്ത് വർഷത്തിന് മുകളിൽ അനുഭവമുണ്ട്. വനംവകുപ്പിന്റെ പാമ്പുകളെ പിടികൂടിയിരുന്ന മുപ്പത്തിയൊൻപതുകാരനാണ്. അദ്ദേഹത്തിന്റെ കുഞ്ഞുമകന് പത്ത് മാസവും മൂത്തയാളിന് അഞ്ച് വയസുമാണ് പ്രായം. ആരുമറിഞ്ഞില്ല. ഒന്നോ രണ്ടോ പേരിൽ ഒതുങ്ങിത്തീർന്ന സംഭവമാണ്.
എന്നെ സ്നേഹിക്കുന്ന മലയാളികളോടും ഇത് വാർത്തയാക്കാതിരിക്കാൻ ശ്രമിച്ചവരോടുമാണ് എനിക്ക് ചോദിക്കാനുള്ളത്. ഈ ചെറുപ്പക്കാരൻ തിരുവനന്തപുരത്തെവിടുന്നോ പിടികൂടിയ പാമ്പ് അതിഥികളെ പൊന്മുടിയിൽ തുറന്നുവിടുന്ന സമയത്ത് കടിയേറ്റു എന്നാണ് അറിഞ്ഞത്. തുറന്നുവിടുന്ന സമയത്ത് ചരിത്രത്തിൽ ആർക്കും കടിയേറ്റതായി എനിക്കോർമയില്ല.
ഞാനും ആയിരക്കണക്കിന് പാമ്പുകളെ തുറന്നുവിട്ടിട്ടുണ്ട്. ഇതുവരെ എനിക്കൊരു പോറലുപോലും പറ്റിയിട്ടില്ല. അതൊക്കെ പോട്ടെ, അവിടുന്ന് കടിയേറ്റ്, കുറേനേരം കഴിഞ്ഞ് യാത്ര ചെയ്ത് വിതുര താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നു. എനിക്ക് അധികാരികളോട് ഒരു ചോദ്യമാണുള്ളത്. സർക്കാർ ആശുപത്രികളിലെല്ലാം ആന്റിവെനം എന്ന മരുന്ന് കരുതിവയ്ക്കണമെന്ന് പാസാക്കിയിരുന്നു. അവിടെ ആന്റിവനം ഉണ്ടായിരുന്നു. പക്ഷേ അതുമാത്രം പോര. അവിടെ ഏറ്റവും അനിവാര്യമെന്ന് പറയുന്നത് വെന്റിലേറ്റർ സൗകര്യമാണ്. ആന്റിവനം മാത്രം കൊടുത്തിട്ട് കാര്യമില്ലെന്ന് നിങ്ങൾ മനസിലാക്കണം.
എന്തായാലും പ്രശാന്ത് ഷിബു എന്ന ചെറുപ്പക്കാരനെ അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. ഇതൊന്നും ആരും അറിഞ്ഞിട്ടില്ല. അറിയാതിരിക്കാൻ, വാർത്തയാകാതിരിക്കാൻ പലരും പ്രവർത്തിച്ചിരുന്നു. ഇദ്ദേഹം പ്രവർത്തിക്കുന്ന ഒരു ആപ്ലിക്കേഷൻ ഉണ്ട്. അതിൽപ്പോലും ഇദ്ദേഹത്തിന് കടിയേറ്റ വിവരം വെളിയിൽ മിണ്ടിയിട്ടില്ല. ഒരാൾ പോലും അത് ഓർക്കാൻ ആഗ്രഹിച്ചില്ല. മെഡിക്കൽ കോളേജിൽ ഐസിയുവിലായി. അവിടെയുള്ള എന്റെ സുഹൃത്തുക്കൾ വിളിച്ച് കാര്യം പറഞ്ഞു. ഞാൻ ആശുപത്രിയിൽ പോയി കണ്ടപ്പോൾ തന്നെ അവസ്ഥ വളരെ മോശമാണെന്ന് മനസിലായി.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഒരു വാർത്തയെങ്കിലും പുറത്തുവരുന്നത്. ആ ചെറുപ്പക്കാരനെ നിയന്ത്രിച്ചവരോട് ചോദിക്കാനുള്ളത് നിങ്ങൾ എന്തുകൊണ്ടാണ് ഇത് പുറത്തുപറയാതിരുന്നത് എന്നാണ്. അതിനുപിന്നിൽ എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോ? അല്ലെങ്കിൽ ആ ചെറുപ്പക്കാരനെ സംരക്ഷിക്കണമെന്ന ചിന്ത നിങ്ങൾക്കില്ലായിരുന്നോ? എന്തായാലും ആ ചെറുപ്പക്കാരൻ ചൊവ്വാഴ്ച വൈകിട്ട് നമ്മളെ വിട്ടുപിരിഞ്ഞു. മോർച്ചറിയിലാക്കുന്നതുവരെ എല്ലാ കാര്യത്തിനും കൂടെ ഞാനുണ്ടായിരുന്നു. കിള്ളിപ്പാലത്തെ വീട്ടിൽ കൊണ്ടുപോയി, ശാന്തി കവാടത്തിലേക്ക് പോയി. പാമ്പ് പിടിത്തത്തെ നിയന്തിച്ച ഒരു വ്യക്തിയുണ്ടായിരുന്നു. ആ വ്യക്തിയെ അവിടെയൊന്നും കണ്ടില്ല. നിങ്ങൾ ഇത് രഹസ്യമാക്കിവച്ചത് വളരെ മോശമാണ്. “- വാവ സുരേഷ് പറഞ്ഞു.