
മൂവാറ്റുപുഴ: സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ജോബി ദാസിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ പൊലീസാണ് അന്വേഷണം നടത്തുന്നത്. മരിച്ച സ്ഥലത്തുനിന്ന് സഹപ്രവർത്തകർക്ക് നേരെയുള്ള ആരോപണമടങ്ങുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മുവാറ്റുപുഴ റാക്കാട് ശക്തിപുരം സ്വദേശിയാണ് മരിച്ച ജോബി ദാസ്.
കളമശേരി എ ആര് ക്യാമ്പിലെ ഡ്രൈവറാണ് ജോബി ദാസ്. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഈ ആത്മഹത്യാകുറിപ്പിൽ പ്രധാനമായും രണ്ടു പൊലീസുകാരുടെ പേരാണ് പരാമർശിച്ചിട്ടുള്ളത്. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. കൂടാതെ മരണത്തിന് കാരണക്കാര്‍ അഷറഫ്, ഗോപി എന്നീ രണ്ട് പൊലീസുകാരാണെന്നും കുറിപ്പിലുണ്ട്. ബോധപൂര്‍വ്വം ഇന്‍ക്രിമെന്റ് തടഞ്ഞുവെന്നാണ് കുറിപ്പിലുള്ള പ്രധാന ആരോപണം.
അഷറഫ്, ഗോപി എന്നീ രണ്ട് പൊലീസുകാർ കുറേകാലമായി മാനസിക സംഘർഷമുണ്ടാക്കുന്നു. പതിനാറോളം ഇൻക്രിമെന്റുകൾ തടഞ്ഞുവെച്ച സാഹചര്യമുണ്ടായി. അതു കൊണ്ട് തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവുന്നില്ല. ഇവർ എൻ്റെ ബോഡി കാണാൻ വരരുത്. അഴിമതി നടത്തുന്നവർക്കും കവർച്ച നടത്തുന്നവർക്കും ഇൻക്രിമെന്റ് ഉണ്ട്. ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇൻക്രിമെന്റ് തടഞ്ഞുവെക്കുകയാണെന്നും ജീവൻ അവസാനിപ്പിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. ഈ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പൊലീസ് അന്വേഷണം നടത്തുന്നത്. മൃതദേഹം ഇപ്പോൾ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Last Updated Oct 5, 2023, 5:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]