എം എം മണിക്ക് മറുപടിയുമായി സിപിഐ നേതാവ് കെ കെ ശിവരാമന്. ജില്ലയിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒരുമിച്ചു പോയി കാണിച്ചു തരാമെന്ന് ശിവരാമന് ഫേസ്ബുക്കിലൂടെ മറുപടി നല്കി. കയ്യേറ്റം ഉണ്ടെങ്കില്‍ ശിവരാമന് കാണിച്ചു കൊടുക്കട്ടെ എന്ന എംഎം മണിയുടെ പരാമര്‍ശത്തിനാണ് മറുപടി. (k k Sivaraman facebook post against m m mani)
ഭൂപരിഷ്കരണ നിയമം പാസാക്കിയ കേരളത്തിലെ കാന്തല്ലൂര്‍ ,ചിന്നക്കനാല്‍ വട്ടവട, തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഭൂമാഫിയ കയ്യേറിയിട്ടുണ്ടെന്നും, ഇതിനെക്കുറിച്ചൊന്നുമറിയാത്ത ഒരു മഹാ പാവമാണ് മണിയാശാന് എന്ന് താന്‍ കരുതണമോ എന്നും പരിഹാസം. ഒരു കയ്യേറ്റവും ഒഴിപ്പിക്കാന്‍ പാടില്ല എന്ന അന്ത്യ ശാസനം കൊടുക്കുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് യോജിച്ച നടപടി അല്ല. കയ്യേറ്റ ഭൂമി എല്ലാം സര്‍ക്കാര്‍ പിടിച്ചെടുത്ത് ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്കും , തോട്ടം തൊഴിലാളികള്‍ക്കും വീട് വെക്കാന്‍ പതിച്ചു കൊടുക്കണമെന്നാണ് താന്‍ പറഞ്ഞത്. ആ നിലപാടില്‍ ഉറച്ച് നില്ക്കുന്നു എന്നും കെ കെ ശിവ രാമന് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
‘ജില്ലയില്‍ വന്‍കിട കയ്യേറ്റമുണ്ടെങ്കില്‍ ശിവരാമന് കാണിച്ച് കൊടുക്കട്ടെ! അത് ഗവണ്മെന്റ് പരിശോധിക്കട്ടെ! അവരെ ഗവണ്മെന്റ് ഒഴിപ്പിക്കട്ടെ!’
എന്റെ ഫേസ്ബുക് പോസ്റ്റിനെക്കുറിച്ച് മണിയാശാന്റെ പ്രതികരണമാണിത് . 2018 ല്‍ ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഒരു കുടുംബം കയ്യേറി കുരിശ് സ്ഥാപിച്ച 200 ഏക്കര്‍ സ്ഥലം ഒഴിപ്പിച്ചപ്പോള്‍ മണിയാശാന് പറഞ്ഞത് എന്താണെന്ന് എനിയ്ക്ക് നല്ല ഓര്‍മയുണ്ട് . അത് കയ്യേറ്റമല്ല എന്നും , അദ്ദേഹം ഒന്നാന്തരം കൃഷിക്കാരനാണെന്നുമാണ് മണിയാശാന് പറഞ്ഞത് . ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം . ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂമി എത്രയെന്നും , ഒരു വ്യക്തിക്ക് എത്ര ഏക്കര്‍ അവകാശമുണ്ടെന്നും നിയമം വ്യക്തമാക്കുന്നുണ്ട് . ചിന്നക്കനാല്‍ , വട്ടവട , കാന്തല്ലൂര്‍ , മാങ്കുളം ,വാഗമണ്‍ , തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ 1000 കണക്കിനേക്കര്‍ ഭൂമി ഭൂ മാഫിയ കയ്യേറിയിട്ടുണ്ട്. ഇതിനെക്കുറിച്ചൊന്നുമറിയാത്ത ഒരു മഹാ പാവമാണ് മണിയാശാന് എന്ന് ഞാന്‍ കരുതണമോ ? നമുക്ക് ഒരുമിച്ച് പോകാം ഈ പ്രദേശങ്ങളില്‍ , ഞാന്‍ കാണിച്ചു തരാം . അതൊഴിപ്പിക്കണമല്ലോ.! മൂന്നാറില്‍ 5 സെന്റ് വരെ ഉള്ളവരെ ഒഴിപ്പിക്കണ്ട എന്ന് 2018 ല്‍ തന്നെ കേരളാ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. അത് കൊണ്ട് അവരെ ഒഴിപ്പിക്കണ്ട. എന്നാല്‍ ഒരു കയ്യേറ്റവും ഒഴിപ്പിക്കാന്‍ പാടില്ല എന്ന അന്ത്യ ശാസനം കൊടുക്കുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് യോജിച്ച നടപടി അല്ല. ഈ കയ്യേറ്റ ഭൂമി എല്ലാം സര്‍ക്കാര്‍ പിടിച്ചെടുത്ത് ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്കും , തോട്ടം തൊഴിലാളികള്‍ക്കും വീട് വെക്കാന്‍ പതിച്ചു കൊടുക്കണമെന്നാണ് ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞത് . ആ നിലപാടില്‍ ഞാനിപ്പോഴും ഉറച്ച് നില്ക്കുന്നു.
Story Highlights: k k Sivaraman facebook post against m m mani
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]