എഴുതുന്ന മറുപടികള്‍ കൂടുതല്‍ മനുഷ്യര്‍ വായിക്കുന്നതില്‍ അഭിമാനവും സന്തോഷവും ഉണ്ട്; ഇതിന്റെ പേരില്‍ ഉചിതമായ നടപടി സ്വീകരിക്കാം; കുറ്റാരോപിതന് ആരോപണം സംബന്ധിച്ച ഭാഗം വിശദീകരിക്കാനാണ് മറുപടി. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാം ; രണ്ടാം മെമോയ്ക്കും നിലപാടില്‍ ഉറച്ച മറുപടി നൽകി ഉമേഷ് വള്ളിക്കുന്ന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൗരാവകാശ പ്രവര്ത്തകൻ ഗ്രോ വാസു ജയില്‍ മോചിതനായപ്പോള്‍ സ്വീകരിക്കാനെത്തിയ പൊലീസുകാരന് രണ്ടാമതും കാരണം കാണിക്കല്‍ നോട്ടിസ്. കോടതി വെറുതെ വിട്ട ആളെ സ്വീകരിച്ചതില്‍ തെറ്റില്ലെന്നും കേരളത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ പീഡനക്കേസിലെ പ്രതിക്ക് സുരക്ഷയൊരുക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയത് ശരിയാണോ എന്നും ആദ്യ മെമോയ്ക്കുള്ള മറുപടിയില്‍ ഉമേഷ് വള്ളിക്കുന്ന് ചോദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രണ്ടാമതും വിശദീകരണ കത്ത്. ഇത് കൂടി നല്‍കിയതോടെ ഉമേഷ് വള്ളിക്കുന്നിനെതിരെ നടപടിക്ക് സാധ്യത കൂടി. എന്നാല്‍ രണ്ടാം മെമോയ്ക്കും നിലപാടില്‍ ഉറച്ച മറുപടിയാണ് ഉമേഷ് നല്‍കുന്നത്. പത്തനംതിട്ട ഡിവൈഎസ് പി എസ് നന്ദകുമാറിനാണ് മറുപടി.
രണ്ടാമത്തെ മെമോയ്ക്കുള്ള മറുപടിയുടെ പ്രസക്ത ഭാഗം ഇങ്ങനെയാണ്- സേനയിലെ പല നാണം കെട്ട നടപടികളും പൊലീസ് സേനാംഗങ്ങളെ മൊത്തത്തില്‍ വെറുക്കപ്പെട്ടവരാക്കുന്നു. നാണം കെട്ട പലതും അന്തസ്സുള്ള പല പൊലീസുകാരേയും നിസ്സഹായരാക്കുന്നു. ഇത്തരം അപമാനങ്ങള്‍ക്കെതിരെ ചെറുതായൊന്ന് പ്രതികരിച്ചാല്‍ പോലും അച്ചടക്ക നടപടികളുടെ മുള്‍വലയില്‍ കുടുക്കി പ്രതികാര ബുദ്ധിയോടെ വേട്ടയാടുന്നതാണ് സേനയിലെ പതിവ്. അത്തരം നിസ്സഹരായിപ്പോയ പൊലീസ് സേനയിലെ അംഗങ്ങളെ സംബന്ധിച്ച എന്റെ ചെറിയ പ്രതിരോധങ്ങള്‍ സന്തോഷമോ ആശ്വാസമോ അഭിമാനമോ പകരുന്നുണ്ടാകും. അതു സമാന മനനഹൃദയരുമായി പങ്കുവയ്ക്കുന്നതിന്റെ ഭാഗമായാണ് മെമോയ്ക്കുള്ള മറുപടി ഷെയര്‍ ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറന്മുള സ്റ്റേഷനിലെ ജോലി തിരക്കുകള്‍ക്കിടയില്‍ വിലപിടിച്ച സമയം ചെലവഴിച്ച് എഴുതുന്ന മറുപടികള്‍ കൂടുതല്‍ മനുഷ്യര്‍ വായിക്കുന്നതില്‍ അഭിമാനവും സന്തോഷവും ഉണ്ട്. ഇതിന്റെ പേരില്‍ അങ്ങേയ്ക്ക് ഉചിതമായ തോന്നുന്ന നടപടി സ്വീകരിക്കാം. കുറ്റാരോപിതന് ആരോപണം സംബന്ധിച്ച ഭാഗം വിശദീകരിക്കാനാണ് മറുപടി. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാം. മെമോകളുടെ ഒര്‍ജിനല്‍ കിട്ടാത്ത കാര്യവും സൂചിപ്പിക്കുന്നു. ഇനി മെമോ തരുമ്ബോള്‍ 48 മണിക്കൂര്‍ മറുപടിക്ക് സമയം അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു-ഇതാണ് മറുപടി.
ഭരണകൂടങ്ങളുടെ ജനാധിപത്യവിരുദ്ധതയെ തുറന്ന് കാണിക്കുന്ന ഒരാള്‍, ഭരണകൂടത്തിന്റെ തന്നെ എക്സ്റ്റൻഷനായ പൊലീസ് സേനയില്‍ ഉണ്ടാവുക എന്നത് സാധാരണക്കാരന് അതൊരു ഊര്‍ജ്ജമാണ്… പൊലീസ് സേനയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും ഇത്രയും ജനാധിപത്യവാദിയും നീതിബോധവുമുള്ള ഒരു പൊലീസുകാരൻ! നിന്റെ സുഹൃത്തായതില്‍ സന്തോഷം അഭിമാനം-ഇതാണ് പൊലീസുകാരന് അനുകൂലമായി സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന പൊതു വികാരം. ഗ്രോ വാസുവിനെ സ്വീകരിച്ച പൊലീസുകാരൻ സോഷ്യല്‍ മീഡിയയില്‍ താരമാവുമായി. ഇതോടെയാണ് രണ്ടാമതം മെമോ നല്‍കിയത്.
ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഗ്രോ വാസുവിനെ സ്വീകരിച്ചതും ഫോട്ടോ സമൂഹമാധ്യമത്തിലിട്ടതും ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യവിലോപവുമാണെന്നും ഡിവൈഎസ്പി ആദ്യ കാരണം കാണിക്കല്‍ നോട്ടിസില്‍ വ്യക്തമാക്കിയിരുന്നു. ഡിജിപിയുടെ മുൻ സര്‍ക്കുലറിന് വിരുദ്ധമായ നടപടിയാണ് ഉണ്ടായത്. സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയതിനാല്‍ 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും നോട്ടിസില്‍ വ്യക്തമാക്കി. ഇതിനുള്ള മറുപടിയും കൊള്ളേണ്ടിടത്തുകൊണ്ടു. അങ്ങനെയാണ് രണ്ടാമതും മെമോ നല്‍കുന്നത്.
ഗ്രോ വാസുവിനെ സ്വീകരിക്കാനായി കോഴിക്കോട് എത്തി എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ഉമേഷിന്റെ ആദ്യ മറുപടിയില്‍ പറയുന്നു. തന്റെ കുടുംബം താമസിക്കുന്നത് കോഴിക്കോടാണ്. ഗ്രോ വാസുവിനെ സ്വീകരിക്കുന്ന ഫോട്ടോയ്ക്കു താഴെ അഭിവാദ്യങ്ങള്‍ എന്നെഴുതി സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. കോടതി നിരപരാധിയെന്നു കണ്ട് വെറുതേ വിട്ട ആളെ സ്വീകരിക്കുന്നതും ഫോട്ടോ എടുക്കുന്നതും ഡിജിപിയുടെ സര്‍ക്കുലറില്‍ നിഷേധിച്ചിട്ടുള്ള കാര്യമല്ല. സര്‍ക്കാര്‍ കുറ്റം ആരോപിച്ച് സ്ഥാനഭ്രഷ്ടനാക്കുകയും പിന്നീട് കോടതിയുടെ ഉത്തരവിലൂടെ ഡിജിപിയായി തിരിച്ചെത്തുകയും ചെയ്ത ഒരാളുടെ സര്‍ക്കുലറിനെ മെമോയില്‍ ഉപയോഗിച്ചിരിക്കുന്നത് കോടതി വിധിയെ നാം അംഗീകരിക്കുന്നു എന്നതിനു തെളിവാണെന്നും മറുപടിയില്‍ വിശദീകരിച്ചിട്ടുണ്ട്.
നിസാരമായ കുറ്റം ആരോപിക്കപ്പെട്ട് കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ അകറ്റി നിര്‍ത്തുന്നത് പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല. കേരളം കണ്ട കുപ്രസിദ്ധമായ ബലാല്‍സംഗ കേസിലെ പ്രതി ആറന്മുള ക്ഷേത്രത്തിലെത്തിയപ്പോള്‍ കൂടെ നില്‍ക്കാനും ആളുകള്‍ സെല്‍ഫിയെടുക്കുന്നത് സഹായിക്കാനും പൊലീസിനെ യൂണിഫോമില്‍ അയച്ചത് വിരോധാഭാസമാണ്. വിചാരണയിലിരിക്കുന്ന ബലാല്‍സംഗ കേസിലെ പ്രതിക്കൊപ്പം ആ ഉദ്യോഗസ്ഥനും വിഡിയോ എടുത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്-ആദ്യ വിശദീകരണത്തില്‍ ഉമേഷ് ആരോപിച്ചിരുന്നു. ഇത് പൊലീസിലെ പല ഉന്നതര്‍ക്കും പിടിച്ചില്ല. ഇതോടെയാണ് രണ്ടാമതും വിശദീകരണം ചോദിച്ചത്.
ഉമേഷ് എന്ന താഴേ തട്ടിലുള്ള പൊലീസുകാരൻ ഗ്രോ വാസുവിന്റെ ഫോട്ടോ നമൂഹമാധ്യമത്തിലിട്ടാല് പൊലീസിന്റെ അന്തസ് കളങ്കപ്പെടില്ല. പൊലീസിന്റെ അന്തസ് കളങ്കപ്പെടുത്തുന്നത് ആരൊക്കെയാണെന്ന് മേലധികാരികള്‍ക്ക് അറിയാവുന്നതാണല്ലോയെന്നും ഉമേഷ് മറുചോദ്യവും ഉയര്‍ത്തിയിരുന്നു. നേരത്തെയും പൊലീസ് സംവിധാനത്തിനുള്ളിലെ വീഴ്ചകളെ പറ്റി ഉമേഷ് വള്ളിക്കുന്ന് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയേയും മറ്റും വിമര്‍ശിച്ചതിന്റെ പേരിലാണ് ഉമേഷിനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയത്.
രണ്ട് വര്‍ഷത്തിനിടെ പത്തോളം കാരണംകാണിക്കല്‍ നോട്ടീസുകള്‍ കൈപ്പറ്റിയ പൊലീസുകാരനാണ് സി.പി.ഒ ഉമേഷ് വള്ളിക്കുന്ന്. തന്നെ സേനയില്‍ നിന്ന് പിരിച്ച് വിടുമെന്നാണ് തോന്നുന്നതെന്നും പക്ഷെ പൊലീസിന് എതിരെയല്ല പൊലീസിലെ ചില കീടങ്ങള്ക്കെതിരേയാണ് താൻ സംസാരിച്ചിരുന്നതെന്നും അദ്ദേഹം പല ഘട്ടങ്ങളിലും പറഞ്ഞിരുന്നു. ഭയം കൊണ്ടാണ് പൊലീസുകാരൊക്കെ മിണ്ടാതിരിക്കുന്നത്. അത്രയേറെ സമ്മര്ദത്തിലാണവര്. പിരിച്ച് വിടുന്നതില്‍ പേടിയില്ലെന്നും പത്ത് നോട്ടീസുകള്‍ കൈപ്പറ്റിയ അതേ രീതിയില്‍ ഈ നോട്ടീസും കൈപ്പറ്റുമെന്നും 2022ല്‍ ഉമേഷ് പ്രതികരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]