കോഴിക്കോട്: എരഞ്ഞിക്കലിൽ ദളിത് കുടുംബങ്ങളിലേക്കുള്ള വഴി കെട്ടിയടച്ച സംഭവത്തിൽ പട്ടിക ജാതി പട്ടികഗോത്രവർഗ കമ്മീഷൻ കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. സംഭവത്തിൽ 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിക്കും കോർപറേഷൻ സെക്രട്ടറിക്കും ബി എസ് മാവോജി അധ്യക്ഷനായ കമ്മീഷൻ നിർദേശം നൽകി. സ്വകാര്യ വ്യക്തി വഴിയടച്ച് വേലി കെട്ടിയത് പൊലീസിന്റെ സാന്നിധ്യത്തിൽ പൊളിച്ച് മാറ്റിയിരുന്നെങ്കിലും ഒരു സംഘം ആളുകൾ വീണ്ടും വേലി കെട്ടുകയായിരുന്നു. ഇത് കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. മൂന്നടി നടപ്പുവഴിയടക്കം കെട്ടിയടച്ചതോടെ നാല് കുടുംബങ്ങളാണ് വഴിയില്ലാതെ ഒറ്റപ്പെട്ടത്.
തട്ടാങ്കണ്ടി എന്ന പറമ്പിലേക്കുള്ള ഒറ്റ വഴിയാണ് സ്വകാര്യവ്യക്തി കെട്ടിയടച്ചത്. “ഞങ്ങള്ക്ക് അവരുടെ സ്വത്ത് വേണ്ട. ഒരു നടവഴി മാത്രം മതി” എന്നാണ് വഴി അടക്കപ്പെട്ടതോടെ ഒറ്റപ്പെട്ടുപോയ ദളിത് കുടുംബങ്ങൾ പറയുന്നത്. 80കാരിയായ ലീല 13ആം വയസിൽ കല്യാണം കഴിഞ്ഞെത്തിയ കാലം മുതൽ നടന്നത് സ്വകാര്യ വ്യക്തിയുടെ പറമ്പിന്റെ അതിരിലുള്ള ഓവുചാലിലൂടെയാണ്. കാലങ്ങൾ കൊണ്ട് മണ്ണ് മൂടിയടഞ്ഞ് പിന്നീട് അത് വഴിയായി മാറുകയായിരുന്നു. ഇവരുടെ ആധാരത്തിലും വീട്ടിലേക്കുള്ള വഴിയായി കാണിച്ചിരിക്കുന്നത് ഇതാണ്.
ഒരു മാസം മുന്പ് സ്വകാര്യവ്യക്തി വഴിയടച്ച് കെട്ടിയതോടെ തട്ടാൻകണ്ടി പറമ്പിൽ താമസിക്കുന്നവർ എലത്തൂർ പൊലീസിൽ പരാതി നൽകി. അന്ന് പഞ്ചായത്ത് പ്രതിനിധികളുടെയും പൊലീസിന്റെയും സാന്നിധ്യത്തിൽ മതിൽ പൊളിച്ചുമാറ്റി. ഒന്നരമാസം വരെ വേലി കെട്ടരുതെന്നും പൊലീസ് നിർദേശിച്ചു. ഇത് മറികടന്നാണ് വീണ്ടും സ്വകാര്യ വ്യക്തി വേലി കെട്ടിയത്.
പരാതിക്കാരായ സുനിൽകുമാർ, വേലായുധൻ, രാജു, എന്നിവരെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില് പൊലീസ് കേസെടുത്തിട്ടുണ്ട്. സർവേ പ്രകാരം ഭൂമി തന്റേതാണെന്നും അതിൽ നിന്ന് ഈ കുടുംബങ്ങൾക്ക് വഴി കൊടുക്കില്ലെന്നും സ്വകാര്യവ്യക്തി നിലപാടെടുത്തിട്ടുണ്ട്.
Last Updated Oct 4, 2023, 6:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]