
വിജയ് നായകനാകുന്ന പുതിയ ചിത്രം വരുന്നു. ഈ വാർത്ത കേട്ടാൽ മലയാളികൾ ഉൾപ്പടെ ഏറെ ആവേശത്തിൽ ആയിരിക്കും. പിന്നാലെ പലതരത്തിലുള്ള അഭ്യൂഹങ്ങളും ചർച്ചകളും തകൃതിയായി നടക്കും. അത്തരത്തിൽ ഏറെ ഊഹാപോഹങ്ങൾക്ക് ഒടുവിൽ പ്രഖ്യാപിച്ച സിനിമ ആയിരുന്നു ‘ലിയോ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. ഇതിനോട് അനുബന്ധിച്ച് ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയിലർ നാളെ റിലീസ് ചെയ്യും. ഇതിന്റ ആവേശത്തിലാണ് വിജയ് ആരാധകർ. എന്നാൽ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
എല്ലാ സുപ്പർ താര ചിത്രങ്ങൾക്കും തമിഴ് നാട്ടിൽ ട്രെയിലറിന്റെ പ്രത്യേക പ്രദർശനങ്ങൾ ഉണ്ടാകും. എന്നാൽ ഇത് ലിയോയ്ക്ക് ഇല്ല എന്ന വിവരമാണ് പുറത്തുവരുന്നത്. സാധാരണ ആരാധകർ വൻതോതിൽ തിയറ്ററുകളിലും മറ്റും തടിച്ചു കൂടാറുണ്ട്. ഇക്കാരണം കൊണ്ടാണ് ട്രെയിലറിന്റെ പ്രത്യേക പ്രദർശനത്തിന് പൊലീസ് അനുമതി നിഷേധിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ സെപ്റ്റംബർ 30ന് ചെന്നൈയിൽ വച്ച് നടക്കാനിരുന്ന ലിയോ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു. പരിപാടിയിൽ തിരക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു പൊലീസ് അന്നും റെഡ് സിഗ്നൽ കാട്ടിയത്. ഇപ്പോൾ ട്രെയിലര് സ്പെഷ്യൽ സ്ക്രീനിങ്ങിനും വിലക്ക് വന്നതോടെ ആകെ ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഈ പുതിയ നിയമങ്ങൾ വിജയ് ചിത്രത്തിന് മാത്രമാണോ അതോ ഇനി വരുന്ന എല്ലാ സിനിമകൾക്കും ഉണ്ടാകുമോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. ലിയോയ്ക്ക് പുലർച്ചെ ഉള്ള ഫാൻസ് ഷോ കാണില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഒക്ടോബർ 19നാണ് ലിയോയുടെ റിലീസ്. വിജയിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. മാസ്റ്റർ ആയിരുന്നു ഈ കോമ്പോയിൽ ഇറങ്ങിയ ആദ്യ സിനിമ. സഞ്ജയ് ദത്ത്, അർജുൻ സർജ, തൃഷ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, ബാബു ആന്റണി, മിഷ്കിൻ, മാത്യു തോമസ്, തുടങ്ങിയവർ ആണ് പ്രധാന വേഷങ്ങളിൽ എത്തുക. അനിരുദ്ധ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ റണ്ണിംഗ് ടൈം 2 മണിക്കൂറും 43 മിനിറ്റും ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]