- രാജ്യം കൈവരിച്ച പുരോഗതിയുടെ പ്രതിഫലനം – കിരീടാവകാശി
ജിദ്ദ – 2034 ഫിഫ ലോകകപ്പ് ആതിഥേയത്വം നേടിയെടുക്കാൻ സൗദി അറേബ്യ നാമനിർദേശം സമർപ്പിക്കുമെന്ന് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കും പരിപാടികൾക്കും ആതിഥേയത്വം വഹിച്ചതിലൂടെ കൈവരിച്ച വലിയ നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് സൗദിയുടെ പരിശ്രമം. ഫുട്ബോൾ ആരാധകർക്ക് അതിശയകരവും അഭൂതപൂർവവുമായ അനുഭവം പ്രദാനം ചെയ്യുന്നതിന് സൗദി അറേബ്യക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു.
സർവ മേഖലകളിലും രാജ്യം കൈവരിച്ച പുരോഗതിയുടെ പ്രതിഫലനമാണ് 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ആഗ്രഹമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. രാജ്യം കൈവരിച്ച വൻ പുരോഗതിയും രാജ്യത്തിന്റെ സാമ്പത്തിക ശേഷിയും മഹത്തായ നാഗരിക സാംസ്കാരിക പൈതൃകവും പ്രധാനപ്പെട്ട ആഗോള പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്രമാക്കി സൗദി അറേബ്യയെ മാറ്റി. ലോകത്ത് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ സൗദി അറേബ്യ നടത്തുന്ന വ്യക്തവും മഹത്തായതുമായ ശ്രമങ്ങളുടെ ഭാഗമാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം. വ്യത്യസ്ത വംശങ്ങളിലും സംസ്കാരങ്ങളിലുമുള്ള ആളുകൾക്ക് പരസ്പരം കണ്ടുമുട്ടാനുള്ള പ്രധാന മാർഗമാണ് കായിക മാമാങ്കങ്ങൾ. കായിക മേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ രാജ്യം നേടിയെടുക്കാൻ ശ്രമിക്കുന്നത് ഇതാണെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
സാമ്പത്തിക വളർച്ചക്കും അഭിവൃദ്ധിക്കും സ്പോർട്സ് അത്യന്താപേക്ഷിതമാണ്. സ്വദേശികളുടെയും രാജ്യത്ത് കഴിയുന്ന വിദേശികളുടെയും ജീവിത ഗുണമേന്മയിൽ പ്രതിഫലനമുണ്ടാക്കുകയും 2034 ൽ ലോകത്തെ ഫുട്ബോൾ പ്രേമികൾക്ക് അഭൂതപൂർവവും അതിശയകരവുമായ അനുഭവം നൽകുകയും ചെയ്യുന്ന തരത്തിൽ സ്പോർട്സ് മേഖലയിൽ ഏറ്റവും മികച്ച നിക്ഷേപങ്ങൾ നടത്താൻ സൗദി അറേബ്യ ആഗ്രഹിക്കുന്നു. ഫുട്ബോൾ, മോട്ടോർ സ്പോർട്സ്, ഗോൾഫ്, ഇ-ഗെയിം, ടെന്നിസ്, ഇക്വസ്ട്രിയൻ സ്പോർട്സ് എന്നിവ അടക്കം 50 ലേറെ ലോക സ്പോർട്സ് ഇവന്റുകൾക്ക് 2018 മുതൽ ആതിഥേയത്വം വഹിക്കുന്നതിൽ സൗദി അറേബ്യ വിജയിച്ചിട്ടുണ്ട്. ഇതിലൂടെ ഏറ്റവും പ്രമുഖമായ കായിക കേന്ദ്രമായി സൗദി അറേബ്യ സ്വന്തം സ്ഥാനം ഉറപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൗദി ദേശീയ ഫുട്ബോൾ ടീം ആറു തവണ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2022 ലാണ് സൗദി ടീം ലോകകപ്പിൽ പങ്കെടുത്തത്. 2023 ഫിഫ ക്ലബ്ബ് ലോകകപ്പിനും 2027 ഏഷ്യൻ കപ്പ് ഫൈനലുകൾക്കും സൗദി അറേബ്യ സാക്ഷ്യം വഹിക്കും.
സമീപ കാലത്ത് സൗദിയിൽ ഫുട്ബോൾ വലിയ വികസനത്തിന് സാക്ഷ്യം വഹിച്ചു. 2021 മുതൽ ഫുട്ബോൾ പുരുഷ താരങ്ങളുടെ എണ്ണം 50 ശതമാനവും വനിത താരങ്ങളുടെ എണ്ണം 86 ശതമാനവും തോതിൽ വർധിച്ചു. ഫുട്ബോൾ പരിശീലകരുടെ എണ്ണം 5500 ലേറെയായി ഉയർന്നു. 2018 ൽ 750 പരിശീലകരാണ് രാജ്യത്തുണ്ടായിരുന്നത്. സൗദിയിലെ വിവിധ പ്രവിശ്യകളിൽ യുവതീയുവാക്കൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്ന 18 ലേറെ പ്രാദേശിക കേന്ദ്രങ്ങൾ തുറക്കുകയും ചെയ്തിട്ടുണ്ട്. റോഷൻ സൗദി പ്രൊഫഷനൽ ലീഗ് ഏറ്റവും ശക്തമായ ഏഷ്യൻ ലീഗുകളിൽ ഒന്നാണ്. 45 ലേറെ രാജ്യങ്ങളിൽ നിന്നുള്ള മികച്ച അന്താരാഷ്ട്ര താരങ്ങൾ റോഷൻ സൗദി പ്രൊഫഷനൽ ലീഗിൽ കളിക്കുന്നു. ഇത് റോഷൻ സൗദി പ്രൊഫഷനൽ ലീഗിനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി.