മൂവാറ്റുപുഴ: ഇടുക്കിയിലെ ഭൂമി കയ്യേറ്റ വിഷയത്തിൽ സിപിഎം നേതാവ് എംഎം മണി എം.എൽ.എക്ക് മറുപടിയുമായി സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ കെ ശിവരാമൻ. കയ്യേറ്റമുള്ള സ്ഥലങ്ങൾ താൻ കാണിച്ചു തരാമെന്ന് ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നമുക്ക് ഒരുമിച്ചു പോകാമെന്നും കയ്യേറ്റം താൻ കാണിച്ചു തരാമെന്നും ശിവരാമൻ പറയുന്നു. കയ്യേറ്റം ഉണ്ടെങ്കിൽ ശിവരാമൻ കാണിച്ചു കൊടുക്കട്ടെയെന്ന എംഎം മണിയുടെ പരാമർശത്തിനാണ് ശിവരാമന്റെ മറുപടി പുറത്തുവന്നിരിക്കുന്നത്.
ഒരു കയ്യേറ്റവും ഒഴിപ്പിക്കാൻ പാടില്ലെന്ന അന്ത്യശാസനം കമ്മ്യൂണിസ്റ്റുകാർക്ക് യോജിച്ചതല്ല. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും കെ കെ ശിവരാമൻ പറയുന്നു. ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദൗത്യ സംഘത്തോടുള്ള നിലപാട് ആവർത്തിച്ച് എം എം മണി രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥർ വഴിവിട്ട കാര്യങ്ങൾ ചെയ്യരുതെന്നും തെറ്റായ നിലയിൽ കാര്യങ്ങൾ വന്നാൽ ജനങ്ങളെ അണിനിരത്തി എതിർക്കുമെന്നും എം.എം മണി പറഞ്ഞു. ഇടുക്കിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതിൽ എംഎം മണിയടക്കമുള്ള സിപിഎം ജില്ലാ നേതാക്കൾ നേരത്തെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ദൗത്യ സംഘം വന്ന് പോകുന്നതിന് തങ്ങൾ എതിരല്ലെന്നും രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാൻ വന്നാൽ തുരത്തുമെന്നും നേരത്തെ എംഎം മണി വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെ ജില്ലയിലെ കയ്യേറ്റ മാഫിയയെ തളയ്ക്കണമെന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലർക്ക് സമനില തെറ്റുമെന്നും കെ കെ ശിവരാമൻ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന വിഷയത്തിൽ സിപിഎമ്മും സിപിഐയും രണ്ടുതട്ടിലാണെന്ന വിമർശനങ്ങൾക്കിടെയാണ് ഇക്കാര്യത്തിൽ നിലപാട് ആവർത്തിച്ച് എം.എം മണി രംഗത്തെത്തിയത്. മൂന്നാറിലേത് പുതിയ ദൗത്യമാണെന്നും വിഎസ് ഭരണകാലത്തേതുപോലെ ഇടിച്ചു പൊളിക്കൽ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും എംഎം മണി പറഞ്ഞിരുന്നു. വൻകിട കയ്യേറ്റക്കാരുടെ ലിസ്റ്റ് ഉദ്യോഗസ്ഥുടെ കയ്യിലുണ്ട്. അതായിരിക്കും പരിശോധിക്കുക. ജില്ലയിലെ എൽഡിഎഫിന്റെ നിലപാടും അതാണ്. വൻകിട കയ്യേറ്റങ്ങൾ പരിശോധിച്ച് നിയമപരമായി നടപടി സ്വീകരിക്കണമെന്നും അല്ലാതെ ഉദ്യോഗസ്ഥർ വഴിവിട്ട കാര്യങ്ങൾ ചെയ്യരുതെന്നും തെറ്റായ നിലയിൽ കാര്യങ്ങൾ വന്നാൽ ജനങ്ങളെ അണിനിരത്തി എതിർക്കുമെന്നും എംഎം മണി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശിവരാമനിപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
Last Updated Oct 4, 2023, 8:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]