ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മദ്യപിച്ച് എത്തിയയാൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുട്ടിപ്പാലം സ്വദേശി ഗോപകുമാറിനെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
അത്യാഹിത വിഭാഗത്തിലെ ഡോക്ടർ ഉമ്മറിൻറെ ഷർട്ട് വലിച്ചു കീറുകയും സുരക്ഷാ ജീവനക്കാരൻ ജ്യോതിഷിനെ കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ഭാര്യയെ അത്യാഹിത വിഭാഗത്തിൽ കാണിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഭാര്യ പടിയിൽ നിന്ന് വീണ് കാലിന് പരിക്കുപറ്റിയെന്ന് പറഞ്ഞാണ് ഇരുവരും ആശുപത്രിയിലെത്തുന്നത്.
ഒപി ടിക്കറ്റ് രജിസ്ട്രേഷന് എത്തിയപ്പോൾ ക്യൂആർ കോഡ് സ്കാൻ ചെയ്യാനാകുന്നില്ലെന്ന് പറഞ്ഞ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിയെ അസഭ്യം പറഞ്ഞാണ് തുടക്കം. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർ രോഗിയെ പരിശോധിച്ചു.
ശരീരത്തിലെ പാടുകൾ ശ്രദ്ധയിൽപെട്ടതോടെ എന്തു പറ്റിയെന്ന് ഡോക്ടർ കൂടെയുണ്ടായിരുന്ന പ്രതി ഗോപകുമാറിനോട് ചോദിച്ചു. ഇതോടെ ഡോക്ടറോടും പ്രതി ക്ഷുഭിതനായി.
തട്ടിക്കയറിയ ശേഷം ഡോക്ടറുടെ ഷർട്ട് വലിച്ചു കീറി. തർക്കം കയ്യാങ്കളിയായതോടെ സുരക്ഷാ ജീവനക്കാരൻ ജ്യോതിഷ് സംഭവ സ്ഥലത്തേക്കെത്തി.
തടയാൻ ശ്രമിക്കുന്നതിനിടെ പ്രതി ജ്യോതിഷിൻറെ കയ്യിൽ കടിച്ചു. മർദിക്കുകയും ചെയ്തു.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ആശുപത്രി ജീവനക്കാർ പ്രതിഷേധവും സംഘടിപ്പിച്ചു.
ആശുപത്രി സംരക്ഷണ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയുടെ ഭാര്യയുടെ ശരീരത്തിലെ പാടുകൾ മർദനത്തെത്തുടർന്നുണ്ടായതാണെന്ന ഡോക്ടറുടെ കുറിപ്പിലും പൊലീസ് അന്വേഷണം നടത്തും.
അതേ സമയം മർദിച്ചതല്ലെന്നാണ് പ്രതിയുടെ ഭാര്യ പൊലീസിന് നൽകിയ മൊഴി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]