ഇന്ത്യയെ സമൂഹ മാധ്യമങ്ങളിൽ മോശമായി ചിത്രീകരിക്കുന്ന വിദേശ വ്ലോഗർമാർക്കെതിരെ രൂക്ഷവിമർശനവുമായി പോളണ്ടിൽ നിന്നുള്ള ഡിജിറ്റൽ ക്രിയേറ്ററും മോഡലുമായ ഡൊമിനിക്ക പടാലസ്-കൽറ. യൂറോപ്പിൽ നിന്നും പോളണ്ടിൽ നിന്നുമുള്ള നിരവധി വ്ലോഗർമാർ ഇന്ത്യ സന്ദർശിക്കുമ്പോൾ പലപ്പോഴും താമസിക്കുന്നത് ശുചിത്വമില്ലാത്തതും മോശം അവസ്ഥയിലുള്ളതും ചിലപ്പോൾ ജനാലകൾ പോലുമില്ലാത്തതുമായ വിലകുറഞ്ഞ ഹോസ്റ്റലുകളിലാണെന്ന് ഡൊമിനിക്ക പറഞ്ഞു.
ഇവർ പലപ്പോഴും ‘മോശം തെരുവ് ഭക്ഷണം’ കഴിച്ചതിനാൽ വയറ്റിൽ അണുബാധയുണ്ടെന്ന് പറഞ്ഞ് ഇന്ത്യയെ ബോധപൂർവം മോശമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്നും ഡൊമിനിക്ക വ്യക്തമാക്കി. ‘ഇന്ത്യയിൽ പോയി ആഴ്ചയിൽ വെറും 100 ഡോളർ ചെലവഴിച്ച് നിങ്ങൾ ഇങ്ങനെയാണ് ജീവിക്കുന്നതെന്ന് കാണിക്കാൻ വീഡിയോകൾ പോസ്റ്റ് ചെയ്യേണ്ടതില്ല.
വില കുറഞ്ഞ ഹോട്ടലുകളും വില കുറഞ്ഞ റസ്റ്റോറന്റുകളും നല്ല ഹോട്ടലുകളും നല്ല ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുമെല്ലാം ഇവിടെയുണ്ട്. നാട്ടുകാർ പോലും പോകാത്ത സ്ഥലങ്ങളിലേക്കാണ് നിങ്ങൾ പോകുന്നത്’.
ഡൊമിനിക്ക കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യയിലാണ് പോളണ്ടുകാരിയായ ഡൊമിനിക്ക താമസിക്കുന്നത്. ഡൊമിനിക്കയുടെ വീഡിയോ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
ഭൂരിഭാഗം ഉപയോക്താക്കളും ഡൊമിനിക്കയുടെ അഭിപ്രായത്തോട് യോജിച്ചു. കാര്യങ്ങൾ ഇതുപോലെ ഉറക്കെ പറഞ്ഞതിന് നന്ദിയെന്നാണ് ചിലർ കമൻ്റ് ചെയ്തത്.
നമ്മൾ തീർച്ചയായും മെച്ചപ്പെടേണ്ടതുണ്ടെന്നും എന്നാൽ അതിനർത്ഥം ഇവിടെ കാര്യങ്ങൾ നല്ലതല്ല എന്നല്ലെന്നും ഒരാൾ കുറിച്ചു. ഇന്ത്യക്കാർ പോലും താമസിക്കാത്ത ഹോട്ടലുകളിൽ താമസിക്കുന്നവരെന്ന ഡൊമിനിക്കയുടെ അഭിപ്രായവും ചിലർ ഉയർത്തിക്കാട്ടി.
നെഗറ്റീവ് കാര്യങ്ങൾ കാണാൻ എപ്പോഴും ആളുകൾക്ക് താത്പ്പര്യമുണ്ടെന്നും ഇത് മുതലെടുക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നതെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടി. View this post on Instagram A post shared by Dominika Patalas-Kalra (@domipatalas) ഒരു വിദേശ സഞ്ചാരിയുടെ കമന്റാണ് ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത്.
ഡൊമിനിക്ക പറഞ്ഞത് 100 ശതമാനം സത്യമാണെന്നാണ് ഈ ഉപയോക്താവിന്റെയും അഭിപ്രായം. പത്ത് വർഷമായി താൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നു.
ഏറ്റവും കുറഞ്ഞ ചെലവിൽ ജീവിക്കാൻ ആളുകൾ സ്വയം വെല്ലുവിളിക്കുകയും പിന്നീട് അതിന് ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നു. എവിടെ എങ്ങനെ പെരുമാറണമെന്നും എങ്ങനെ സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്തണമെന്നും തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു വിദേശ സഞ്ചാരിയും തന്റെ ഇന്ത്യാ സന്ദർശന വേളയിലെ മനോഹരമായ അനുഭവങ്ങൾ പങ്കുവെച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് താൻ ഇന്ത്യയിലായിരുന്നുവെന്നും അത് വളരെ മികച്ച അനുഭവമാണ് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഓരോ സ്ഥലങ്ങളും തനിക്ക് ഇപ്പോൾ മിസ് ചെയ്യുന്നുണ്ട്. ഒരു രാത്രിക്ക് 30 യൂറോയ്ക്ക് ഒരു മികച്ച അപ്പാർട്ട്മെന്റ് ലഭിച്ചിരുന്നു.
അത് വളരെ ആഡംബരപൂർണ്ണമായാണ് കാണപ്പെട്ടത്. അവിടെ അതിശയകരമായ ഭക്ഷണവും അമ്പരപ്പിക്കുന്ന കാഴ്ചകളും ലഭിച്ചു.
ഇന്ത്യൻ മധുരപലഹാരങ്ങളും മിസ് ചെയ്യുന്നുണ്ട്. കുത്തബ് മിനാറിനടുത്തുള്ള ഒരു കടയിൽ നിന്ന് കഴിച്ച റാസ് മലായ് ആയിരുന്നു ഏറ്റവും മികച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]